സ്വന്തം ലേഖകൻ: ഈ മാസം 30, ഡിസംബർ ഏഴ് തീയതികളിൽ കുവൈത്തിൽനിന്നുള്ള കണ്ണൂർ എയർ ഇന്ത്യ എക്സ്പ്രസുകൾ റദ്ദാക്കി. ഈ തീയതികൾക്കു പകരം തൊട്ടടുത്ത ദിവസങ്ങളിൽ പകരം സർവിസ് നടത്തുമെന്ന് എയർ ഇന്ത്യ അറിയിച്ചു. റദ്ദാക്കിയ സർവിസുകൾക്കു പകരം ഡിസംബർ ഒന്ന്, എട്ട് തീയതികളിലാണ് പ്രത്യേക സർവിസുകൾ നടത്തുന്നത്.
പ്രവർത്തനപരമായ കാരണങ്ങളാലാണ് സർവിസുകളിൽ മാറ്റമെന്ന് എയർ ഇന്ത്യ അറിയിച്ചു. റദ്ദാക്കിയ ദിവസങ്ങളിൽ ബുക്ക് ചെയ്ത യാത്രക്കാർക്ക് ഏഴു ദിവസത്തിനിടെയുള്ള മറ്റു ദിവസങ്ങളിലേക്ക് സൗജന്യമായി ഫ്ലൈറ്റ് മാറ്റം നേടാം. അല്ലെങ്കിൽ റീഫണ്ടോടെ റദ്ദാക്കാം. പുതുക്കിയ സമയക്രമം ടിക്കറ്റ് എടുത്ത യാത്രക്കാരെ അറിയിച്ചിട്ടുണ്ട്.
അതിനിടെ, നവംബർ 30, ഡിസംബർ ഏഴ് തീയതികളിൽ കണ്ണൂരിൽനിന്നുള്ള കുവൈത്ത് സർവിസ് രണ്ടു മണിക്കൂർ നേരത്തേയാക്കിയിട്ടുണ്ട്. ഇവർക്കും വിമാനം മാറാനും ടിക്കറ്റ് റദ്ദാക്കാനും സൗജന്യ അവസരമുണ്ട്. അതേസമയം, ഡിസംബറിലെ യാത്രക്കാരുടെ തിരക്കേറിയ സമയം ടിക്കറ്റ് നിരക്കിൽ ഉയർച്ചയുണ്ട്. ഡിസംബർ ആദ്യത്തിൽ കുവൈത്തിൽനിന്ന് 50 ദീനാറിന് താഴെ കണ്ണൂരിലേക്ക് ടിക്കറ്റ് ലഭിക്കും.
എന്നാൽ, അവസാനത്തിൽ ഇത് 65 ദീനാറിന് മുകളിലെത്തും. കണ്ണൂരിൽനിന്ന് കുവൈത്തിലേക്കുള്ള നിരക്ക് ഡിസംബർ അവസാനത്തിൽ ഉയരുന്നുണ്ട്. അതിനിടെ, ഡിസംബർ രണ്ടിന് പുലർച്ച ഒരുമണിക്ക് കുവൈത്തിൽനിന്ന് കോഴിക്കോട്ടേക്കുള്ള വിമാനവും റദ്ദാക്കി. ഈ യാത്രക്കാർക്ക് ഡിസംബർ ഒന്നിന് ഉച്ചക്ക് പുറപ്പെടുന്ന വിമാനത്തിൽ സൗകര്യം ഒരുക്കിയിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല