സ്വന്തം ലേഖകൻ: കുവൈത്തിൽനിന്ന് കോഴിക്കോട്ടേക്കു തിരിച്ച എയര്‍ ഇന്ത്യ എക്സ്പ്രസ് സാങ്കേതിക തകരാർ മൂലം അടിയന്തരമായി തിരിച്ചിറക്കി. IX 394 ബോയിങ് 738 വിമാനമാണ് പറന്നുയര്‍ന്ന് 10 മിനിറ്റിനുശേഷം കുവൈത്ത് വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കിയത്. ഉച്ചക്ക് രണ്ടിനു പുറപ്പെട്ട വിമാനം സാങ്കേതിക തകരാറിനെ തുടര്‍ന്ന് തിരികെ പറന്ന് കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറക്കുകയായിരുന്നു.
1.30ന് പുറപ്പെടേണ്ട വിമാനം വൈകി രണ്ടുമണിക്കാണ് പുറപ്പെട്ടത്. 11 മിനിറ്റിനുശേഷം സാങ്കേതിക പ്രശ്നം എന്നു യാത്രക്കാരെ അറിയിച്ച് എമർജൻസി ലാൻഡിങ് നടത്തുകയായിരുന്നു. രാത്രിയോടെ യാത്രക്കാരെ ഹോട്ടലിലേക്കു മാറ്റി. വിമാനം എപ്പോൾ പുറപ്പെടുമെന്നോ മറ്റു കാര്യങ്ങളോ എയർഇന്ത്യ അറിയിച്ചിട്ടില്ലെന്ന് യാത്രക്കാർ പറഞ്ഞു.
വിമാനം തിരിച്ചിറക്കിയിട്ടും രണ്ടരമണിക്കൂറോളം വിമാനത്തിൽ ഇരുന്നതായി ഒരു യാത്രക്കാരൻ ചൂണ്ടിക്കാട്ടി. തുടർന്ന് വിമാനത്താവള ലോബിയിലേക്കു മാറ്റിയ യാത്രക്കാരെ വ്യക്തമായ കാരണം അറിയിച്ചില്ലെന്നും പലരും കുറ്റപ്പെടുത്തി. രാത്രി ഏഴുമണിയോടെയാണ് റൂമിലേക്ക് മാറാമെന്ന് അറിയിച്ചത്. എന്നാൽ, 15 പേർക്കു മാത്രമാണ് ആദ്യം റൂം കിട്ടിയത്. രാവിലെ ഭക്ഷണംപോലും കഴിക്കാതെ യാത്രക്കെത്തിയവർ ഇതോടെ തളർന്നു.
എമർജൻസി യാത്രക്കാരായിരുന്നു വിമാനത്തിൽ പലരും. നാട്ടിലുള്ള മാതാവ് മരിച്ചിട്ട് മയ്യിത്ത് കാണാൻ പോകുന്ന യാത്രക്കാരനും വിമാനത്തിലുണ്ടായിരുന്നു. ഇയാൾ എത്തിയിട്ട് മയ്യിത്ത് മറവുചെയ്യാൻ കാത്തിരിക്കുകയായിരുന്നു. പിതാവ് അപകടത്തിൽപെട്ട് അത്യാസന്നനിലയിൽ കഴിയുന്നതിനാൽ നാട്ടിലേക്കു തിരിച്ചയാളും വിമാനം വൈകിയതോടെ പ്രയാസത്തിലായി. യാത്രയുടെ കാര്യം ബുധനാഴ്ച അറിയിക്കാമെന്നാണ് എയർ ഇന്ത്യ അധികൃതർ അറിയിച്ചതെന്നും എന്നാൽ ഇതിൽ ഉറപ്പ് ലഭിച്ചിട്ടില്ലെന്നും ഒരു യാത്രക്കാരൻ പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല