സ്വന്തം ലേഖകൻ: കുവൈത്തിൽ സ്വദേശിവൽക്കരണം ഊർജിതമാക്കുവാൻ സിവിൽ സർവീസ് കമ്മീഷൻ. പ്രവാസി ജീവനക്കാരെ മാറ്റി സ്വദേശി യുവാക്കൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് കുവൈറ്റൈസേഷൻ ശക്തിപ്പെടുത്തുന്നത്.
കുവൈറ്റൈസേഷൻ സംബന്ധമായ നിർദ്ദേശം എല്ലാ ഗവൺമെൻറ് സ്ഥാപനങ്ങൾക്കും നൽകിയിതായി സി.എസ്.സി അധികൃതർ അറിയിച്ചു. ചില ഗവൺമെൻറ് സ്ഥാപനങ്ങളിൽ കുവൈത്തികളല്ലാത്തവരെ നിയമിക്കുമെന്ന് സോഷ്യൽ മീഡിയ വഴി പ്രചരിക്കുന്ന വാർത്തകൾ തെറ്റാണെന്ന് സിവിൽ സർവീസ് കമ്മീഷൻ ട്വീറ്റ് ചെയ്തു.
വിദേശ തൊഴിലാളികൾക്ക് പകരം വിവിധ മേഖലകളിൽ യോഗ്യതയുള്ള കുവൈത്ത് പൗരന്മാരെ നിയമിക്കുകയെന്നത് പ്രഖ്യാപിത ലക്ഷ്യമാണ്. ഗവൺമെൻറ് ഏജൻസികളിൽ തൊഴിൽ നൽകുന്നതിന് സ്വദേശികൾക്കാണ് പ്രഥമ പരിഗണന നൽകുന്നത്.
കുവൈറ്റൈസേഷൻ ശക്തിപ്പെടുത്തുന്നതോടെ പൗരന്മാർക്ക് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും പ്രവാസി തൊഴിലാളികളെ ആശ്രയിക്കുന്നത് കുറയ്ക്കാനും തദ്ദേശീയരുടെ മത്സരക്ഷമത വർധിപ്പിക്കുവാനും കഴിയുമെന്ന് അധികൃതർ പറഞ്ഞു.
നിലവിൽ രാജ്യത്തെ എല്ലാ ഗവൺമെൻറ്- പൊതു മേഖല സ്ഥാപനങ്ങളിലും കേന്ദ്ര തൊഴിൽ പദ്ധതി വഴി രജിസ്ട്രേഷൻ ചെയ്ത യോഗ്യരായ സ്വദേശി പൗരന്മാരെ റിക്രൂട്ട് ചെയ്യുന്നതായി സിവിൽ സർവീസ് കമ്മീഷൻ വ്യക്തമാക്കി. ദേശസാൽക്കരണ പദ്ധതിയുടെ ഭാഗമായി ചില ഗവൺമെൻറ് വകുപ്പുകളിൽ നേരത്തെ തന്നെ പൂർണ്ണമായും സ്വദേശി വത്ക്കരണം നടപ്പാക്കിയിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല