സ്വന്തം ലേഖകൻ: രാജ്യത്ത് പൊതുമേഖലകളിലും സ്വകാര്യ മേഖലയിലും ജോലിചെയ്യുന്ന വിദേശികളുടെ എണ്ണം കുറക്കുന്നതിന് സിവിൽ സർവിസ് കമീഷൻ നീക്കം തുടങ്ങിയതായി റിപ്പോർട്ട്. ഇതിനായുള്ള നടപടികള്‍ ആരംഭിച്ചതായും പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു. വിദേശികളെ കഴിയാവുന്നത്ര ഒഴിവാക്കി തൊഴില്‍ മേഖലയില്‍ സ്വദേശികള്‍ക്ക് കൂടുതൽ ജോലി നല്‍കണമെന്ന നയത്തിന്റെ ഭാഗമായാണ് നടപടി. മൂന്നുഘട്ടമായാണ് പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നത്.
ആദ്യഘട്ടത്തിൽ, രാജ്യത്ത് അനധികൃതമായി താമസിക്കുന്ന വിദേശികളെ കണ്ടെത്തും. ആഭ്യന്തര മന്ത്രാലയത്തിന്റെ സഹകരണത്തോടെ ഇതിനായി പരിശോധന കാമ്പയിന് ആരംഭിച്ചിട്ടുണ്ട്. പരിശോധനയില്‍ പിടിക്കപ്പെടുന്നവരെ സ്പോണ്‍സര്‍മാരുടെ ചെലവില്‍ നാടുകടത്തും. രണ്ടാം ഘട്ടത്തിൽ തൊഴില്‍ മേഖലയില്‍ വിദേശികള്‍ ആവശ്യമില്ലാത്ത ജോലികള്‍ ഏതെന്ന് കണ്ടെത്തി വർക്ക് പെർമിറ്റ് പുതുക്കുന്നത് നിര്‍ത്തും.
കഴിഞ്ഞ രണ്ടു മാസത്തിനിടെ കുവൈത്തില്‍ നിന്ന് 6,112 പ്രവാസികളെ നാടുകടത്തിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളിലാണ് വിവിധ രാജ്യക്കാരായ പ്രവാസികളെ നാടുകടത്തിയത്. നിയമലംഘകരായ പ്രവാസികളെ കണ്ടെത്താനായി കഴിഞ്ഞ ഏതാനും മാസങ്ങളായി തുടരുന്ന പരിശോധനകളില്‍ പിടികൂടപ്പെട്ടവരെയാണ് നാടുകടത്തിയത്.
താമസ നിയമങ്ങള്‍ ലംഘിച്ച് രാജ്യത്ത് ജോലി ചെയ്യുന്നവര്‍, തൊഴില്‍ നിയമ ലംഘകര്‍, രേഖകളുടെ കാലാവധി അവസാനിച്ച ശേഷം അനധികൃതമായി രാജ്യത്ത് താമസിക്കുന്നവര്‍, സ്പോണ്സര്മാരില് നിന്ന് ഒളിച്ചോടിയവര്‍ തുടങ്ങിയവരാണ് നടപടിക്ക് വിധേയരായവരില്‍ ഏറിയ പങ്കും. കഴിഞ്ഞ ഒരാഴ്ചക്കിടെ 45 പേരെ താമസ, തൊഴില്‍ നിയമലംഘനങ്ങള്‍ക്ക് പിടികൂടിയതായി ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി അഫയേഴ്സ് ഇന്‍വെസ്റ്റിഗേഷന്‍സ് അധികൃതര്‍ അറിയിച്ചു.
സെപ്റ്റംബര്‍ 28 മുതല്‍ ഒക്ടോബര്‍ ആറു വരെ നടത്തിയ പരിശോധനകളിലാണ് ഇവര്‍ പിടിയിലായത്. ഓഗസ്റ്റ് മാസത്തില്‍ മാത്രം 43 സുരക്ഷാ ക്യാമ്പയിനുകളില്‍ ആകെ 585 പേര് പിടിയിലായി. സെപ്റ്റംബറില്‍ 52 സുരക്ഷാ ക്യാമ്പയിനുകളില്‍ നിയമലംഘകരായ 204 പേരെയും അറസ്റ്റ് ചെയ്തു. ഓഗസ്റ്റില്‍ 3,451 പേരെയും സെപ്റ്റംബറില്‍ 2,661 പ്രവാസികളെയുമാണ് നാടുകടത്തിയതെന്നും അധികൃതര്‍ വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല