1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 10, 2022

സ്വന്തം ലേഖകൻ: കുവൈത്ത് സര്‍ക്കാരിന് കീഴില്‍ ജോലി ചെയ്യുന്ന എല്ലാ പ്രവാസികളെയും പൂര്‍ണമായും നീക്കം ചെയ്യുമെന്ന് റിപ്പോര്‍ട്ടുകള്‍. ഓഗസ്‌റ്റോടെ ആയിരിക്കും ഈ മാറ്റം ഉണ്ടാകുക. സര്‍ക്കാരിന്റെ അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് അല്‍ അന്‍ബയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

അധ്യാപകര്‍, ഡോക്ടര്‍മാര്‍, സര്‍വീസ് ജോലികള്‍ ഒഴികെയുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഓഗസ്റ്റില്‍ സമാനമായ തീരുമാനം സിവില്‍ സര്‍വീസ് കമ്മിഷന്‍ കൈക്കൊള്ളും. കുവൈത്ത് സ്വദേശിവത്കരണത്തിന്റെ ഭാഗമായാണ് ഈ പരിഷ്‌കരണം.

അഞ്ച് വര്‍ഷത്തിനുള്ളില്‍ സര്‍ക്കാര്‍ ഏജന്‍സികളിലെ വിദേശ ജീവനക്കാരുടെ എണ്ണം ക്രമേണ കുറയ്ക്കാനാണ് കുവൈത്ത് വത്കരണത്തിലൂടെ ലക്ഷ്യം വയ്ക്കുന്നത്. ഈ പ്രക്രിയയെ കുവൈറ്റൈസേഷന്‍ കമ്മിഷന്‍ കുവൈത്ത് സ്വദേശിവത്കരണം എന്നു വിളിക്കുന്നു.

കുവൈത്തില്‍ ഏകദേശം 4.6 ദശലക്ഷം ജനസംഖ്യ ഉണ്ട്. ഇതില്‍ 3.5 ദശലക്ഷം വിദേശികളാണ് ഉള്ളത്. കോവിഡ് മഹാമാരിയെ തുടര്‍ന്നുണ്ടായ തകര്‍ച്ചയ്ക്ക് പരിഹാരമായി വിദേശികളുടെ തൊഴില്‍ പരിമിതപ്പെടുത്താനുള്ള ശ്രമങ്ങള്‍ കുവൈത്തില്‍ ഉയര്‍ന്നിട്ടുണ്ട്.

അനധികൃത വിദേശികള്‍ക്ക് അവരുടെ പദവിയില്‍ മാറ്റം വരുത്താന്‍ ആവര്‍ത്തിച്ചുള്ള ഗ്രേസ് പിരീഡുകള്‍ക്ക് ശേഷം, അടുത്തിടെ കുവൈത്ത് അനധികൃത വിദേശികള്‍ക്ക് നേരെ റെയ്ഡുകള്‍ നടപ്പാക്കിയിരുന്നു. ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം, 2021 ല്‍ കുവൈത്ത് 18,000 വിദേശ പൗരന്മാരെ നാടുകടത്തി.

കുവൈത്ത് വിടുന്ന പ്രവാസികളുടെ പട്ടികയില്‍ ഒന്നാമതാണ് ഇന്ത്യക്കാര്‍. 9 മാസത്തിനിടെ രാജ്യത്തെ തൊഴില്‍ വിപണി വിട്ടത് 168,000 പേരാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. രാജ്യത്ത് ഗാര്‍ഹിക തൊഴിലാളികളുടെ എണ്ണത്തില്‍ ഏകദേശം 60,385 പുരുഷ- സ്ത്രീ തൊഴിലാളികള്‍ 9 % ആയി കുറഞ്ഞു.

2021 സെപ്തംബര്‍ അവസാനത്തോടെ 608,230 പുരുഷ- സ്ത്രീ തൊഴിലാളികളായി. ഇതേവര്‍ഷം തുടക്കത്തില്‍ 668,615 തൊഴിലാളികള്‍ ഉണ്ടായിരുന്നു. ഈ വിഭാഗത്തില്‍ ഇന്ത്യക്കാര്‍ ഒന്നാം സ്ഥാനത്തും ശ്രീലങ്കക്കാരും ഫിലിപ്പീനികളും ബംഗ്ലാദേശികളും നേപ്പാളികളും പിന്നിലുമുണ്ട്.

തൊഴില്‍ വിപണിയില്‍ നിന്ന് പുറത്തുപോകുന്ന വിദേശ തൊഴിലാളികളില്‍ ഇന്ത്യക്കാര്‍ ഒന്നാമതെത്തി. 48,000 പുരുഷന്മാരും സ്ത്രീകളും തൊഴില്‍ വിപണി വിട്ടു. അവരുടെ എണ്ണം 499,400 ല്‍ നിന്ന് 451,380 ആയി കുറഞ്ഞു. മൊത്തത്തില്‍ ഏകദേശം 10 ശതമാനമായി കുറഞ്ഞു.

കഴിഞ്ഞ വര്‍ഷം ആദ്യ 9 മാസങ്ങളില്‍ ഈജിപ്തുകാരുടെ എണ്ണം 482,000 ല്‍ നിന്ന് 456,600 ആയി 5 ശതമാനത്തിലധികം കുറഞ്ഞു. ബംഗ്ലാദേശികള്‍ മൂന്നാമതെത്തി. അവരുടെ എണ്ണം വര്‍ഷത്തിന്റെ തുടക്കത്തില്‍ 171,400 ല്‍ നിന്ന് 6 ശതമാനം കുറഞ്ഞ് സെപ്തംബര്‍ 30 ന് 161,140 ആയി. നേപ്പാളികള്‍ നാലാം സ്ഥാനത്തെത്തി. അവരുടെ എണ്ണം 47,470 ല്‍ നിന്ന് 40,100 ആയി കുറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.