1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 28, 2022

സ്വന്തം ലേഖകൻ: രാജ്യത്തെ സര്‍ക്കാര്‍, പൊതു മേഖലാ സ്ഥാപനങ്ങളില്‍ വിദേശികള്‍ക്ക് ഇനി മുതല്‍ തൊഴില്‍ നല്‍കില്ലെന്ന തീരുമാനവുമായി അധികൃതര്‍. നിലവില്‍ സര്‍ക്കാര്‍ മേഖലയില്‍ പ്രവാസികള്‍ ജോലി ചെയ്യുന്നുണ്ടെങ്കില്‍ അത് കരാര്‍ അടിസ്ഥാനത്തില്‍ മാത്രമാണെന്നും മുതിര്‍ന്ന സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു. ഇവ പുതുക്കുന്നുണ്ടെങ്കില്‍ തന്നെ ഒരു വര്‍ഷത്തേക്ക് മാത്രമേ പുതുക്കുകയുള്ളൂ. അഞ്ച് വര്‍ഷത്തേക്കോ അല്ലെങ്കില്‍ കാലാവധി ഇല്ലാതെയോ പ്രവാസികള്‍ക്ക് സര്‍ക്കാര്‍ ജോലിയില്‍ കരാര്‍ പുതുക്കി നല്‍കുന്ന സ്ഥിതിയില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.

കുവൈത്ത് പൗരന്‍മാര്‍ക്ക് അര്‍ഹതപ്പെട്ട ഒരു ജോലിയും പ്രവാസികള്‍ക്കു നല്‍കില്ലെന്നും ഇക്കാര്യത്തില്‍ രാജ്യത്തെ എല്ലാ മന്ത്രാലയങ്ങളും സര്‍ക്കാര്‍ സ്ഥാപനങ്ങളും ഉള്‍പ്പെടുമെന്നും അധികൃതര്‍ വ്യക്തമാക്കി. രാജ്യത്തെ സര്‍ക്കാര്‍ ജോലികളില്‍ സ്വദേശിവല്‍ക്കരണം നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഓഗസ്റ്റില്‍ പാസാക്കിയ നിയമം നടപ്പിലാക്കുന്നതിലെ പുരോഗതിയുമായി ബന്ധപ്പെട്ട ചോദ്യത്തിന് മറുപടിയായാണ് ഈ കാര്യങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്. അഞ്ചു വര്‍ഷത്തിനകം പൂര്‍ണമായും സ്വദേശികളെ നിയമിക്കാനാണ് നിയമം അനുശാസിക്കുന്നത്. അതേസമയം 22 മേഖലകളില്‍ ഇപ്പോഴും പ്രവാസികള്‍ കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.

എഞ്ചിനീയറിംഗ്, അധ്യാപനം, വിദ്യാഭ്യാസ മേഖല, പരിശീലനം, സ്‌പോര്‍ട്‌സ്, സയന്‍സ്, കൃഷി, അക്വാകള്‍ച്ചര്‍, ധനകാര്യം, നിയമം, ഫോറന്‍സിക് പരിശോധനകള്‍, ക്രാഫ്റ്റ്, വിവിധ സേവനങ്ങള്‍ തുടങ്ങിയ മേഖലകളിലാണ് ഇപ്പോഴും പ്രവാസികള്‍ കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നതെന്നും പത്രം റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്ത് പ്രവാസി ജനസംഖ്യ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി തൊഴില്‍ മേഖലയില്‍ കര്‍ശനമായ നിയന്ത്രണങ്ങളാണ് കുവൈത്ത് നടപ്പിലാക്കിവരുന്നത്. നിശ്ചിത ശതമാനം സ്വദേശിവല്‍ക്കരണം നടപ്പിലാക്കാത്ത സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ബജറ്റില്‍ അനുവദിച്ച ഫണ്ട് വിതരണം തടഞ്ഞുവയ്ക്കുമെന്ന് കുവൈത്ത് സിവില്‍ സര്‍വീസ് കമ്മീഷന്‍ നേരത്തേ മുന്നറിയിപ്പ് നല്‍കിയിരുന്നു.

അതിനിടെ, സിവില്‍ സര്‍വീസ് കമ്മീഷനില്‍ രജിസ്റ്റര്‍ ചെയ്ത 3,438 കുവൈത്ത് പൗരന്‍മാരെ വിവിധ സര്‍ക്കാര്‍ ജോലികള്‍ക്കായി തെരഞ്ഞെടുത്തതായി അധികൃതര്‍ അറിയിച്ചു. ഇവര്‍ അറിയിപ്പ് ലഭിച്ചത് പ്രകാരമുള്ള ബന്ധപ്പെട്ട ഓഫീസില്‍ റിപ്പോര്‍ട്ട് ചെയ്താല്‍ മതിയെന്നും സിവില്‍ സര്‍വീസ് കമ്മീഷന്‍ അറിയിച്ചു. നിലവില്‍ ഈ തസ്തികളില്‍ ജോലി ചെയ്യുന്ന പ്രവാസികളെ പുതിയ നിയമങ്ങള്‍ ലഭിച്ചവര്‍ എത്തുന്നതോടെ ജോലിയില്‍ നിന്ന് പിരിച്ചുവിടും.

വിവിധ മേഖലകളില്‍ ജോലി ചെയ്യുന്നതിനായി സ്വദേശികളെ ആവശ്യപ്പെട്ടു കൊണ്ടുള്ള അപേക്ഷികള്‍ വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിന്ന് ലഭിച്ചു കൊണ്ടിരിക്കുന്നതായും താമസിയാതെ ആ തസ്തികളില്‍ സ്വദേശികളെ നിയമിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.

അതേസമയം, കുവൈത്തിലെ പ്രാവസികളില്‍ ചെറിയ ജോലികള്‍ ചെയ്തു ജീവിക്കുന്ന താഴ്ന്ന വരുമാനക്കാരാണ് രാജ്യത്ത് കൂടുതലായും കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നതെന്ന് റിപ്പോര്‍ട്ടുകള്‍. ഓഡിറ്റ് ബ്യൂറോ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍. കൃത്യമായി ജോലികളില്ലാത്തവരായ വിദേശികള്‍ക്കിടയില്‍ കുറ്റകൃത്യങ്ങളുടെ നിരക്ക് വലിയ തോതില്‍ കൂടുതലാണെന്ന് പഠനത്തില്‍ വ്യക്തമായി.

തീരെ മോശമായ പരിതസ്ഥിതികളില്‍ ജീവിക്കുന്ന ഈ പ്രവാസികളാണ് രാജ്യത്തെ ജീവിത നിലവാരത്തിന്റെ ഗ്രാഫ് താഴ്ത്തുന്നതില്‍ പ്രധാന ഘടകമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ ഇവരെ കുറിച്ചുള്ള കൃത്യമായ കണക്കുകള്‍ അധികൃതരുടെ പക്കല്‍ ഇല്ലാത്തത് വലിയ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. രാജ്യത്ത് കൃത്യമായ തൊഴില്‍ നിയമം രൂപീകരിക്കുകയും അനധികൃതമായി രാജ്യത്ത് തങ്ങുന്നവര്‍ക്കെതിരായ നടപടികള്‍ കൂടുതല്‍ ശക്തമാക്കണമെന്നും റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.