1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 15, 2023

സ്വന്തം ലേഖകൻ: ആരോഗ്യ മേഖലയില്‍ സ്വദേശിവത്കരണം ഊർജിതപ്പെടുത്തുന്നു. ഇതിന്‍റെ ഭാഗമായി വിദേശത്ത് നിന്നുള്ള ഡോക്ടർമാരുടെ റിക്രൂട്ട്മെന്റ് കുറക്കുന്നത് അടക്കമുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

നിലവിലെ സ്ഥിതിവിവരക്കണക്കുകൾ പ്രകാരം ആരോഗ്യ മന്ത്രാലയത്തിലെ മൊത്തം ജീവനക്കാരില്‍ പകുതിയിലേറെയും വിദേശികളാണ്. സര്‍ക്കാര്‍ ആശുപത്രികളിലും ക്ലിനിക്കുകളിലുമായി ആറായിരം വിദേശി ഡോക്ടർമാരും നാലായിരം കുവൈത്തി ഡോക്ടർമാരുമാണ് സേവനമനുഷ്ഠിക്കുന്നത്.

സ്വകാര്യ ആരോഗ്യ മേഖലയിൽ 3500 പ്രവാസി ഡോക്ടർമാരും 500 കുവൈത്തി ഡോക്ടർമാരും ജോലി ചെയ്യുന്നു. അതിനിടെ സ്വദേശികളില്‍ നിന്ന് യോഗ്യരായ ഉദ്യോഗാർഥികളെ ലഭിക്കാത്തത് സ്വദേശിവത്കരണ തോത് കുറയാന്‍ കാരണമാകുന്നുണ്ട്.

നേരത്തെ സമ്പൂർണ സ്വദേശിവത്ക്കരണം ലക്ഷ്യമിട്ട് സിവിൽ സർവിസ് കമീഷൻ വിദേശി നിയമനത്തിനു വിലക്കേർപ്പെടുത്തിയിരുന്നു. എന്നാൽ, യോഗ്യരായ വേണ്ടത്ര സ്വദേശികളെ ലഭ്യമല്ലാത്തതു കാരണം തീരുമാനം മരവിപ്പിച്ചു. അതേസമയം, ഘട്ടംഘട്ടമായി സ്വദേശികളെ പരിശീലിപ്പിച്ച് വളർത്തിയെടുക്കാനുള്ള ശ്രമത്തിലാണ് മന്ത്രാലയം.

അതേസമയം, ആരോഗ്യമേഖലയിൽ കൂടുതല്‍ വിദേശികളെ നിയമിക്കുമെന്ന് ആരോഗ്യമന്ത്രി ഡോ.അഹമ്മദ് അൽ അവാദി ഈ വർഷം ആദ്യത്തിൽ വ്യക്തമാക്കിയിരുന്നു. ഇതുപ്രകാരം പാകിസ്താൻ, കുവൈത്ത് സർക്കാറുകൾ തമ്മിൽ ഒപ്പുവെച്ച കരാറിന്റെ ഭാഗമായി പാകിസ്താൻ ഡോക്ടർമാരും നഴ്സുമാരും അടങ്ങുന്ന 200 ഓളം പേർ കുവൈത്തിൽ എത്തി.

ഇറാൻ ഉൾപ്പെടെയുള്ള രാജ്യങ്ങളില്‍ നിന്ന് ആരോഗ്യ ജീവനക്കാരെ കൊണ്ടുവരുമെന്നും ആദ്യഘട്ടത്തില്‍ 200 പേര്‍ അടങ്ങുന്ന സംഘത്തെ എത്തിക്കുമെന്നും റിപ്പോർട്ടുണ്ടായിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.