സ്വന്തം ലേഖകൻ: കുവൈത്തിലെ മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസികള്‍ക്ക് വന്‍ തിരിച്ചടിയാവുന്ന തീരുമാനവുമായി അധികൃതര്‍. കുവൈത്ത് മുനിസിപ്പാലിറ്റിയിലെ പ്രവാസി ജീവനക്കാരുടെ സേവനം അവസാനിപ്പിക്കാന്‍ പൊതുമരാമത്ത് മന്ത്രിയും മുനിസിപ്പല്‍ കാര്യ സഹമന്ത്രിയുമായ ഡോ. നൂറ അല്‍ മിഷാന്‍ നിര്‍ദ്ദേശം നല്‍കി. കുവൈത്ത് സ്വദേശികള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് നടപടിയെന്ന് അധികൃതര്‍ അറിയിച്ചു.
മുനിസിപ്പാലിറ്റിയിലെ ബിരുദ യോഗ്യത ആവശ്യമായ തസ്തികകളില്‍ ജോലി ചെയ്യുന്ന പ്രവാസികളെ അടിയന്തര പ്രാബല്യത്തോടെ പിരിച്ചുവിടാനാണ് മന്ത്രി നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. നിയമം, എഞ്ചിനീയറിംഗ്, അക്കൗണ്ടിങ്, അഡ്മിനിസ്‌ട്രേറ്റീവ് റോളുകള്‍ ഉള്‍പ്പെടെയുള്ള മുനിസിപ്പാലിറ്റിയുടെ എക്‌സിക്യൂട്ടീവ് ജോലികളില്‍ ഏര്‍പ്പെട്ടിരിക്കുന്ന പ്രവാസി ജീവനക്കാരെയാണ് ഇത് കാര്യമായി ബാധിക്കുക. ഇക്കാര്യം ചൂണ്ടിക്കാട്ടി ഡോ. നൂറ അല്‍ മിഷാന്‍ മുനിസിപ്പാലിറ്റി ഡയറക്ടര്‍ ജനറല്‍ സൗദ് അല്‍ ദബ്ബൂസിന് കത്ത് നല്‍കിയതായി ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
യൂനിവേഴ്‌സിറ്റി ബിരുദം യോഗ്യതയായുള്ള എല്ലാ ജോലികളില്‍ നിന്നും പ്രവാസികളെ പിരിച്ചുവിടണമെന്നാണ് കത്തില്‍ നല്‍കിയിരിക്കുന്ന കര്‍ശന നിര്‍ദ്ദേശം. മൂന്ന് പ്രവൃത്തി ദിവസത്തിനകം ഇക്കാര്യത്തില്‍ തീരുമാനം കൈക്കൊള്ളണമെന്നും നടപടിയെടുത്തതിന്‍റെ റിപ്പോര്‍ട്ട് മന്ത്രിക്ക് നല്‍കണമെന്നം കത്തില്‍ നിര്‍ദ്ദേശമുണ്ട്.
കൂടാതെ, നിയമ വകുപ്പിലെയും മന്ത്രിയുമായി ബന്ധപ്പെട്ട മറ്റ് വകുപ്പുകളിലെയും പ്രവാസി നിയമ ഉപദേഷ്ടാക്കളുടെ സേവനം മൂന്ന് പ്രവൃത്തി ദിവസത്തിനുള്ളില്‍ അവസാനിപ്പിക്കുന്നതിന് മന്ത്രിതല തീരുമാനം തയ്യാറാക്കാനുള്ള ഉത്തരവും മന്ത്രി പുറപ്പെടുവിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
നിലവില്‍ പ്രവാസികള്‍ ജോലി ചെയ്യുന്ന ഈ മേഖലകള്‍ ഫലപ്രദമായി കൈകാര്യം ചെയ്യാന്‍ മതിയായ സ്വദേശി ജീവനക്കാരുടെ ലഭ്യത ഉറപ്പുവരുത്തിയ ശേഷമാണ് പ്രവാസികളെ പിരിച്ചുവിടാന്‍ മന്ത്രി ഉത്തരവിട്ടതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. രാജ്യത്തെ തൊഴില്‍ മേഖലകളില്‍ ദേശീയ തൊഴിലാളികള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ നല്‍കുകയും അവരുടെ സേവനം കൂടുതലായി പ്രയോജനപ്പെടുത്തുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് ഈ തീരുമാനമെന്നും മന്ത്രി അല്‍ മിഷാന്‍ പറഞ്ഞു.
മലയാളികള്‍ ഉള്‍പ്പെടെ ആയിരക്കണക്കിന് പ്രവാസി ജീവനക്കാര്‍ക്ക് ഈ നീക്കം വലിയ തിരിച്ചടിയാവും. ഉയര്‍ന്ന തസ്തികകളില്‍ ജോലി ചെയ്യുന്ന പ്രവാസികളില്‍ പലരും കുടുംബസമേതം കുവൈത്തില്‍ താമസിക്കുന്നവരാണ്. പൊടുന്നനെയുണ്ടാവുന്ന തൊഴില്‍ നഷ്ടം ഇവരെ വലിയ രീതിയില്‍ ബാധിക്കും എന്നാണ് വിലയിരുത്തപ്പെടുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല