1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 6, 2022

സ്വന്തം ലേഖകൻ: അടുത്ത സെപ്തംബര്‍ മാസത്തോടെ കുവൈത്തിലെ സുപ്രധാന മേഖലകളില്‍ നിന്ന് പ്രവാസി ജീവനക്കാര്‍ പൂര്‍ണമായും പുറന്തള്ളപ്പെടുമെന്ന് റിപ്പോര്‍ട്ട്. കുവൈത്ത് സിവില്‍ സര്‍വീസ് കമ്മീഷനെ ഉദ്ധരിച്ച് അല്‍ അന്‍ബാ പത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. അടുത്ത ഒന്‍പത് മാസത്തിനകം രാജ്യത്തെ തൊഴില്‍ മേഖലയിലെ സ്വദേശിവത്ക്കരണം പ്രതീക്ഷിച്ച രീതിയില്‍ എത്തിച്ചേരും. 100 ശതമാനം സ്വദേശിവത്ക്കരണം നടപ്പിലാക്കുന്ന വിവിധ മേഖലകളില്‍ നിന്ന് പ്രവാസികളെ ഘട്ടംഘട്ടമായി പുറത്താക്കുമെന്നും അധികൃതര്‍ അറിയിച്ചു.

ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, മാരിടൈം, സാഹിത്യം, മാധ്യമരംഗം, കലാ രംഗം, പബ്ലിക് റിലേഷന്‍സ്, അഡ്മിനിസ്‌ട്രേഷന്‍, സ്റ്റാറ്റിസ്റ്റിക്‌സ് ജോലികളാണ് ഈ വരുന്ന സെപ്തംബറോടെ പൂര്‍ണമായും സ്വദേശികള്‍ക്ക് മാത്രമാക്കി മാറ്റുക. നിലവില്‍ ഈ മേഖലകളില്‍ ജോലി ചെയ്യുന്ന പ്രവാസികളെ അപ്പോഴേക്കും ജോലിയില്‍ നിന്ന് പിരിച്ചുവിടാനാണ് പദ്ധതി. കോവിഡ് പ്രതിസന്ധി സൃഷ്ടിച്ച സാമ്പത്തിക ആഘാതത്തിന്റെ ഫലമായി രാജ്യത്ത് നിന്ന് 2.57 ലക്ഷത്തിലേറെ പ്രവാസികള്‍ കുവൈത്ത് വിട്ടത് രാജ്യത്തെ സ്വദേശിവല്‍ക്കരണ ശ്രമങ്ങള്‍ക്ക് സഹായകമായതായും അധികൃതര്‍ അറിയിച്ചു.

കുവൈത്തില്‍ നിന്ന് നാട്ടിലേക്ക് മടങ്ങിയവരില്‍ രണ്ട് ലക്ഷത്തിലേറെ പേര്‍ സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്നവരാണ്. 7000 പേര്‍ മാത്രമാണ് സര്‍ക്കാര്‍ മേഖലയില്‍ നിന്നുള്ളവര്‍. സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്കു പുറമെ, 41,200ലേറെ ഗാര്‍ഹിക തൊഴിലാളികളും 2021ല്‍ രാജ്യം വിടുകയുണ്ടായി.

അതേസമയം, രണ്ടര ലക്ഷത്തിലേറെ പ്രവാസികള്‍ കുവൈത്തില്‍ നിന്ന് തിരിച്ചുപോയെങ്കിലും 23,000 കുവൈത്ത് പൗരന്‍മാര്‍ക്ക് മാത്രമാണ് 2021 കാലയളവില്‍ തൊഴില്‍ മേഖലയില്‍ പ്രവേശിച്ചത്. ഇവരില്‍ ഭൂരിപക്ഷം പേരും സര്‍ക്കാര്‍ മേഖലയാണ് തെരഞ്ഞെടുത്തത്. ഇതുകാരണം കുവൈത്ത് തൊഴില്‍ മേഖലയില്‍ വലിയ തൊഴിലാളി ക്ഷാമം അനുഭവപ്പെടുന്നതായും പത്രം റിപ്പോര്‍ട്ട് ചെയ്തു.

കോവിഡ് പ്രതിസന്ധിയെ തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങള്‍ക്കൊപ്പം വിദേശ തൊഴിലാളികളെ രാജ്യത്തേക്ക് കൊണ്ടുവരുന്നതിനുള്ള റിക്രൂട്ട്‌മെന്റ് നടപടികള്‍ നിര്‍ത്തിവച്ചതും, നിലവിലുള്ള ഒഴിവുകള്‍ സ്വദേശികളെ സംബന്ധിച്ചിടത്തോളം ആകര്‍ഷകമല്ലാത്തതുമാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം. രാജ്യത്ത് 21,000 സ്വദേശികള്‍ ജോലിക്കായി രജിസ്റ്റര്‍ ചെയ്ത് കാത്തിരിക്കുന്നുണ്ടെന്നാണ് പബ്ലിക് അതോറിറ്റി ഓഫ് മാന്‍പവറിനും കീഴിലെ നാഷനല്‍ എംപ്ലോയ്‌മെന്റ് സെന്ററിന്റെ റിപ്പോര്‍ട്ട്. ഇതില്‍ 48 ശതമാനത്തിലേറെ പേരും സ്വകാര്യ മേഖലയില്‍ ജോലിയില്‍ പ്രവേശിക്കാന്‍ സന്നദ്ധരാണ്.

കഴിഞ്ഞ ഒന്‍പത് വര്‍ഷം മുമ്പ് സ്വകാര്യമേഖലയില്‍ ജോലി ചെയ്യാന്‍ താല്‍പര്യവുമായി മുന്നോട്ടുവന്നവര്‍ വെറും 10,000 പേര്‍ മാത്രമായിരുന്നു. അതിനെ അപേക്ഷിച്ച് വലിയ പുരോഗതിയാണ് ഇക്കാര്യത്തില്‍ ഉണ്ടായിരിക്കുന്നതെന്നും നാഷനല്‍ എംപ്ലോയ്‌മെന്റ് സെന്ററിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. കുവൈത്ത് തൊഴിലിൽ ആകെയുള്ള 27 ലക്ഷം പേരില്‍ 16.2 ശതമാനം മാത്രമാണ് സ്വദേശികള്‍ എന്നാണ് ഔദ്യോഗിക കണക്കുകള്‍. അതേസമയം, പ്രവാസികളില്‍ കൂടുതല്‍ പേര്‍ ജോലി ചെയ്യുന്നത് ഗാര്‍ഹിക തൊഴില്‍ മേഖലയിലാണ്. മൊത്തം തൊഴിലാളികളുടെ 22.8 ശതമാനത്തോളം വരും ഇത്.

സ്വകാര്യ മേഖലാ ജോലികളില്‍ കുവൈത്ത് പൗരന്‍മാരുടെ പങ്കാളിത്തം ശക്തിപ്പെടുത്താന്‍ പുതിയ മാര്‍ഗങ്ങള്‍ സ്വീകരിക്കുമെന്നും സിവില്‍ സര്‍വീസ് കമ്മീഷന്‍ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പഠിക്കാനും പദ്ധതികള്‍ ആവിഷ്‌ക്കരിക്കാനും പ്രത്യേക സമിതിക്ക് രൂപം നല്‍കിയിരിക്കുകയാണ് പബ്ലിക് അതോറിറ്റി ഓഫ് മാന്‍പവര്‍.

തെരഞ്ഞെടുക്കപ്പെട്ട ജോലികളില്‍ കുവൈത്ത് പൗരന്‍മാരുടെ ശതമാനം വര്‍ധിപ്പിക്കാനാണ് ആലോചന. ഇത് നടപ്പിലാക്കുന്നതിനുള്ള മാര്‍ഗ നിര്‍ദ്ദേശങ്ങളും സമിതി സമര്‍പ്പിക്കും. അതോടൊപ്പം ഭിന്നശേഷിക്കാരായ ആളുകള്‍ക്ക് തൊഴില്‍ നല്‍കുന്നതിനുള്ള ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും സിവില്‍ സര്‍വീസ് കമ്മീഷന്‍ അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.