1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 8, 2022

സ്വന്തം ലേഖകൻ: കുവൈത്തില്‍ ശക്തമായിക്കൊണ്ടിരിക്കുന്ന സ്വദേശിവത്ക്കരണത്തിന്റെ പേരില്‍ ജോലി നഷ്ടമായ പ്രവാസികള്‍ക്ക് സേവനാന്ത്യത്തിലുള്ള ആനുകൂല്യങ്ങള്‍ ഉടന്‍ ലഭിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. പ്രാദേശിക അറബിക് ദിനപ്പത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. നിലവില്‍ ഇങ്ങനെ ജോലി നഷ്ടമായവര്‍ക്ക് ഒരു ആനുകൂല്യവും നല്‍കപ്പെട്ടിരുന്നില്ല. എന്നാല്‍ അധികം താമസിയാതെ ഇക്കാര്യത്തില്‍ പ്രവാസികള്‍ക്ക് അനുകൂലമായ തീരുമാനം ഉണ്ടാകുമെന്ന് പത്രം റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ സര്‍ക്കാര്‍ മേഖലയില്‍ ജോലി ചെയ്തിരുന്നവര്‍ക്കാണ് ഈ ആനുകൂല്യത്തിന് അര്‍ഹതയുണ്ടായിരിക്കുക.

സര്‍ക്കാര്‍ മേഖലകളില്‍ ഉള്‍പ്പെടെ സ്വദേശിവത്കരണം ശക്തമാക്കുന്നതിന്റെ ഭാഗമായി നിശ്ചിത ശതമാനം സ്വദേശികളെ നിയോഗിക്കണമെന്ന് സിവില്‍ സര്‍വീസ് കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതിന്റെ ഭാഗമായി ജോലിയില്‍ നിന്ന് പിരിച്ചുവിടപ്പെടുകയോ രാജിവയ്ക്കുകയോ ചെയ്ത പ്രവാസി ജീവനക്കാര്‍ക്കാണ് സേവനാന്ത്യത്തിലുള്ള ആനുകൂല്യങ്ങള്‍ വിതരണം ചെയ്യുന്ന കാര്യത്തില്‍ അനുകൂല തീരുമാനമായത്. ഇങ്ങനെ ജോലി നഷ്ടപ്പെട്ട പലരും മാസങ്ങളായി ആനുകൂല്യങ്ങള്‍ ലഭിക്കുമെന്ന പ്രതീക്ഷയില്‍ കാത്തിരിക്കുകയാണ്. അതിനിടയിലാണ് പുതിയ റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്.

ഇവര്‍ക്ക് ആനുകൂല്യങ്ങള്‍ വിതരണം ചെയ്യുന്നതിനായുള്ള തുക ധനകാര്യ മന്ത്രാലയം സിവില്‍ സര്‍വീസ് കമ്മീഷന്റെ അക്കൗണ്ടിലേക്ക് നിക്ഷേപിച്ചു കഴിഞ്ഞതായാണ് റിപ്പോര്‍ട്ട്. ഇതിന്റെ വിതരണം ഉടന്‍ തുടങ്ങും. ആദ്യം ജോലി നഷ്ടമായവര്‍ക്ക് മുന്‍ഗണനാ ക്രമത്തിലായിരിക്കും ആനുകൂല്യം വിതരണം ചെയ്യുകയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

രാജ്യത്ത് സ്വദേശിവല്‍ക്കരണം ശക്തമാക്കിയ സാഹചര്യത്തില്‍ ആയിരക്കണക്കിന് പ്രവാസികള്‍ ജോലികളില്‍ നിന്ന് ഒരുമിച്ചി പിരിച്ചുവിടപ്പെട്ട സാഹചര്യത്തിലാണ് സേവനാന്ത്യ ആനുകൂല്യങ്ങള്‍ നല്‍കുന്നതില്‍ തടസ്സം നേരിട്ടത്. ഇത് ഏത് ബജറ്റ് തുകയില്‍ നിന്ന് നല്‍കണമെന്നതിലുണ്ടായ ആശയക്കുഴപ്പവും വിതരണം വൈകാന്‍ കാരണമായി. അതോടൊപ്പം ജോലി നഷ്ടമായ പ്രവാസികളുടെ എണ്ണം കൃത്യമായി കണക്കാക്കാന്‍ കഴിയാത്തതും തടസ്സമായി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.