സ്വന്തം ലേഖകൻ: കുവൈത്തിലെ സാൽമിയയിലെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയ ദമ്പതികളായ ഷൈജുവിന്റെയും ജീനയുടെയും മൃതദേഹം നാട്ടിലെത്തിക്കുന്നതിന്റെ നടപടികൾ പൂർത്തിയായി. ഇന്ന് ഉച്ചയ്ക്കു മോർച്ചറിയിൽ പൊതു ദർശനത്തിനു ശേഷം വൈകുന്നേരത്തെ വിമാനത്തിൽ നാട്ടിലെത്തിക്കാനാണ് ശ്രമം.
ഷൈജു സൈമണിന്റെ സംസ്കാരം നാളെ ളാക്കൂർ സെന്റ് മേരീസ് ഓർത്തഡോക്സ് ദേവാലയ സെമിത്തേരിയിലും ഭാര്യ ജീനാമോളുടേത് ഏഴംകുളം നെടുമൺ സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിലും നടത്തുമെന്ന് ബന്ധുക്കൾ അറിയിച്ചു.
സൈജുവിന്റെ മൃതദേഹം താമസിച്ചിരുന്ന കെട്ടിടത്തിനു താഴെയും ജീനയുടെ മൃതദേഹം ഫ്ലാറ്റിനകത്തുമാണ് കണ്ടെത്തിയത്. ജീനയെ കുത്തിക്കൊലപ്പെടുത്തിയ ശേഷം സൈജു കെട്ടിടത്തിൽനിന്ന് ചാടി മരിക്കുകയായിരുന്നുവെന്നാണ് പൊലീസിന്റെ പ്രാഥമിക റിപ്പോർട്ട്. വ്യാഴം രാവിലെയാണു സംഭവം നടന്നത്.
സൈജുവിന്റെ മരണവാർത്തയറിഞ്ഞെത്തിയ പൊലീസ് ഫ്ലാറ്റിന്റെ പൂട്ടു തകർത്ത് അകത്തു കയറിപ്പോഴാണ് ജീനയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇവർ തമ്മിൽ അഭിപ്രായ ഭിന്നത ഉണ്ടായിരുന്നതായും കഴിഞ്ഞ ദിവസവും വഴക്കിട്ടിരുന്നതായും ബന്ധുക്കൾ പറയുന്നു. വഴക്കിനൊടുവിൽ ഇരുവരും പരസ്പരം കുത്തിയെന്നും റിപ്പോർട്ടുണ്ട്.
വീടു നിർമാണവുമായി ബന്ധപ്പെട്ട് ഒരു മാസം മുൻപാണു സൈജു നാട്ടിലെത്തി മടങ്ങിയത്. കഴിഞ്ഞ വർഷം ഫെബ്രുവരിയിലായിരുന്നു വിവാഹം. ഇരുവരുടെയും പുനർവിവാഹമാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല