സ്വന്തം ലേഖകന്‍: കുവൈത്ത് വിമാനത്താവളത്തില്‍ മലയാളി മരിച്ച സംഭവം; മനഃപൂര്‍വമല്ലാത്ത നരഹത്യക്ക് കേസെടുത്തു. കുവൈത്ത് വിമാനത്താവളത്തില്‍ ഗ്രൗണ്ട് സ്റ്റാഫ് ആയിരുന്ന മലയാളി യുവാവിന്റെ അപകടമരണത്തില്‍ സഹപ്രവര്‍ത്തകനെതിരെ മനഃപൂര്‍വമല്ലാത്ത നരഹത്യക്ക് കേസ് രെജിസ്റ്റര്‍ ചെയ്തു. ജലീബ് അല്‍ ശുയൂഖ് പോലീസ് സ്റ്റേഷനില്‍ ആണ് കേസ് രെജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
കുവൈത്ത് എയര്‍ വെയ്‌സില്‍ ഗ്രൗണ്ട് സ്റ്റാഫ് ആയിരുന്ന തിരുവനന്തപുരം കുറ്റിച്ചല്‍ സ്വദേശി ആനന്ദ് രാമചന്ദ്രന്റെ മരണവുമായി ബന്ധപ്പെട്ടാണ് ജലീബ് പോലീസ് സ്റ്റേഷനില്‍ എഫ്.ഐ.ആര്‍ രെജിസ്റ്റര്‍ ചെയ്തത്. കുവൈത്ത് എയര്‍വെയ്‌സിന്റെ ബോയിങ് 777 വിമാനം ഹാങ്ങറില്‍ നിന്ന് പാസഞ്ചര്‍ ഗേറ്റിലേക്കു കൊണ്ട് പോകുന്നതിനിടെ ടോവിങ് റോപ്പ് പൊട്ടിയാണ് അപകടമുണ്ടായത്.
സംഭവം നടക്കുമ്പോള്‍ പുഷ്ബാക്ക് ട്രാക്റ്റര്‍ ഓടിച്ചിരുന്ന നാല്പത്തിമൂന്നുകാരനായ ഇന്ത്യക്കാരനെതിരെയാണ് മനപ്പൂര്‍വമല്ലാത്ത നരഹത്യ ചാര്‍ജ് ചെയ്തിരിക്കുന്നത്. പുഷ്ബാക്ക് ട്രാക്റ്ററില്‍ നിന്ന് കോക്പിറ്റിലുള്ളവര്‍ക്ക് നിര്‍ദേശം നല്‍കുന്നതിനിടെ ഗ്രൗണ്ടിലേക്ക് തെറിച്ചു വീണ ആനന്ദ് രാമചന്ദ്രന്‍ വിമാനത്തിന്റെ ചക്രത്തിനിടയില്‍ കുടുങ്ങിയാണ് മരിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല