സ്വന്തം ലേഖകൻ: കുവൈത്തില്‍ സുരക്ഷാ പരിശോധനക്കിടയില്‍ പിടിയിലായ മലയാളി നഴ്‌സുമാര്‍ ഉള്‍പ്പെടെയുളളവര്‍ക്ക് മോചനം.19 മലയാളികള്‍ ഉള്‍പ്പെടെ 30 ഇന്ത്യക്കാരാണ് സംഘത്തില്‍ ഉളളത്. ഫിലിപ്പീന്‍സ്, ഇറാന്‍, ഈജിപ്റ്റ് എന്നിവിടങ്ങളില്‍ നിന്നുളളവരടക്കം ആകെ 60പേരാണ് ജയില്‍ മോചിതരായത്. 23 ദിവസത്തെ ജയില്‍ വാസത്തിന് ശേഷമാണ് മോചനം ലഭിക്കുന്നത്.
ഒന്നാം ഉപപ്രധാന മന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് തലാല്‍ അല്‍ ഖാലിദ് അല്‍ സബാഹിന്റെ നേരിട്ടുള്ള ഇടപെടലിനെ തുടര്‍ന്നാണ് തടവില്‍ കഴിയുന്ന മുഴുവന്‍ പേരെയും വിട്ടയച്ചത്. ഇക്കാര്യത്തില്‍ ഇന്ത്യന്‍ വിദേശ കാര്യമന്ത്രാലയവും കുവൈത്തിലെ ഇന്ത്യന്‍ എംബസിയും നിരന്തര ഇടപെടല്‍ നടത്തി വരികയായിരുന്നു. ഇറാനി പൗരന്റെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന ക്ലിനിക്കിലെ ജീവനക്കാരാണ് എല്ലാവരും.
മാനവ ശേഷി സമിതി സ്ഥാപനത്തില്‍ നടത്തിയ സുരക്ഷാ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്. ആവശ്യമായ രേഖകള്‍ ഇല്ലാതെ ജോലി ചെയ്തതിന്റെ പേരിലാണ് അറസ്റ്റ് ചെയ്തതെന്ന് മാനവ ശേഷി സമിതി നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ സ്‌പോണ്‍സറും തൊഴിലുടമയും തമ്മിലുളള തര്‍ക്കമാണ് അറസ്റ്റിന് കാരണമെന്നായിരുന്നു ഇവരുടെ ബന്ധുക്കളുടെ വാദം.
അറസ്റ്റിലായവരില്‍ അഞ്ച് മലയാളികള്‍ നവജാത ശിശുക്കളുടെ അമ്മമാരാണ്. ഇന്ത്യന്‍ എംബസിയുടെയും കേന്ദ്ര മന്ത്രി വി മുരളീധരന്റെയും ഇടപെടലിനെ തുടര്‍ന്ന് കുഞ്ഞുങ്ങളെ ജയിലില്‍ എത്തിച്ച് മുലയൂട്ടാന്‍ സൗകര്യം ഏര്‍പ്പെടുത്തിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല