സ്വന്തം ലേഖകൻ: ഗസയിലെ ആശുപത്രിയില്‍ നടന്ന ബോംബാക്രമണത്തെ പിന്തുണച്ച് സമൂഹ മാധ്യമത്തില്‍ കുറിപ്പിട്ട മലയാളി നഴ്സിനെ കുവൈത്ത് നാടുകടത്തി. കുവൈത്ത് സിറ്റിയിലെ മുബാറക് അല്‍ കബീര്‍ ഹോസ്പിറ്റലില്‍ ജോലിചെയ്തിരുന്ന പത്തനംതിട്ട സ്വദേശിനിക്കെതിരേയാണ് നടപടി. നഴ്സിനെതിരേ അധികൃതര്‍ നേരത്തേ കേസെടുത്തിരുന്നു.
ആശുപത്രിയിലെ ബോംബാക്രമണത്തെയും പലസ്തീന് കുട്ടികളെ കൊന്ന നടപടിയെയും പിന്തുണച്ച് കഴിഞ്ഞയാഴ്ചയാണ് നഴ്സ് സമൂഹമാധ്യമത്തിലൂടെ ഇസ്രയേല്‍ അനുകൂല പോസ്റ്റിട്ടത്. കുവൈത്തിലെ അഭിഭാഷകന് അലി ഹബാബ് അല്‍ ദുവൈഖ് പബ്ലിക് പ്രോസിക്യൂഷന് മുമ്പാകെ നഴ്സിനെതിരെ പരാതി നല്‍കുകയായിരുന്നു.
ഇസ്രയേലിനോട് കുവൈത്ത് സ്വീകരിക്കുന്ന പൊതുനിലപാടുകള്‍ക്ക് വിരുദ്ധവും കുവൈത്ത് ഭരണകൂടത്തോടുള്ള വെല്ലുവിളിയുമാണ് കുറിപ്പെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി നല്‍കിയിരുന്നത്. ഭര്‍ത്താവിനും രണ്ട് മക്കള്‍ക്കുമൊപ്പം നഴ്സ് കുവൈത്തില്‍ താമസിച്ചുവരികയായിരുന്നു.
നഴ്സിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതായി ആഭ്യന്തര മന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക ദിനപത്രം നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. തന്റെ സമൂഹ മാധ്യമ അക്കൗണ്ടിലൂടെയാണ് ഇവര്‍ പലസ്തീന് വിദ്വേഷ പോസ്റ്റിട്ടത്. കുവൈത്തില്‍ ആദ്യമായാണ് പലസ്തീന് വിദ്വേഷ പോസ്റ്റിന്റെ പേരില്‍ കേസെടുക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിരുന്നു.
സമാന വിഷയത്തില്‍ ബഹ്റൈനില്‍ കര്‍ണാടക സ്വദേശിയായ ഡോക്ടറെ ഏതാനും ദിവസം മുമ്പ് അറസ്റ്റ് ചെയ്തിരുന്നു. പലസ്തീന് വിദ്വേഷ പോസ്റ്റിന്റെ പേരില്‍ ഡോ. സുനില്‍ ജെ റാവുവാണ് നിയമനടപടി നേരിടുന്നത്. റോയല്‍ ബഹ്റൈന്‍ ഹോസ്പിറ്റലിലെ ഇന്റേണല്‍ മെഡിസിനില്‍ സ്പെഷ്യലിസ്റ്റായ 50 കാരനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതിനു പിന്നാലെയായിരുന്നു അറസ്റ്റ.
പലസ്തീന്- ഇസ്രയേല്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ട് എക്സ് പ്ലാറ്റ്ഫോമില്‍ സുനില്‍ റാവു പങ്കുവച്ച ഏതാനും പോസ്റ്റുകളാണ് പരാതിക്ക് ഇടയാക്കിയത്. ആന്റി കറപ്ഷന്‍, ഇക്കണോമിക് ആന്‍ഡ് ഇലക്ട്രോണിക് സെക്യൂരിറ്റി ജനറല്‍ ഡയറക്ടറേറ്റിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ആന്റി സൈബര്‍ ക്രൈം ഡയറക്ടറേറ്റാണ് ഡോക്ടറെ അറസ്റ്റ് ചെയ്തത്. സമാധാനവും സാമൂഹിക സ്ഥിരതയും ലംഘിക്കുന്നതാണ് ഡോക്ടറുടെ നടപടിയെന്ന് അധികൃതര്‍ വിശദീകരിച്ചിരുന്നു.
ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതിനു പിന്നാലെ ആശുപത്രി അധികൃതര്‍ ഇതുമായി ബന്ധപ്പെട്ട് പ്രസ്താവനയിറക്കിയിരുന്നു. ഡോക്ടറുടെ ട്വീറ്റുകളും പ്രത്യയശാസ്ത്രവും വ്യക്തിപരമാണെന്നും ആശുപത്രിയുടെ അഭിപ്രായവും മൂല്യങ്ങളും പ്രതിഫലിപ്പിക്കുന്നതല്ലെന്നും ജോലിയില്‍ നിന്ന് പിരിച്ചുവിട്ടെന്നുമായിരുന്നു അറിയിപ്പ്.
കുറിപ്പ് വിവാദമായതോടെ സുനില്‍ റാവു മാപ്പ് പറഞ്ഞിരുന്നു. തന്റെ വാക്കുകളിലും പ്രവൃത്തിയിലും അഗാധമായി ഖേദിക്കുന്നുവെന്നും ഡോക്ടര്‍ എന്ന നിലയില്‍ എല്ലാ ജീവനും പ്രധാനമാണെന്നും വിശദീകരിച്ചു. ഈ രാജ്യത്തെ ജനങ്ങളെയും മതത്തെയും അങ്ങേയറ്റം ബഹുമാനിക്കുന്നുവെന്നും അദ്ദേഹം കുറിപ്പിട്ടു. 10 വര്‍ഷത്തോളമായി ബഹ്റൈനില്‍ പ്രവാസിയാണെന്നും അദ്ദേഹം വ്യക്തമാക്കുകയുണ്ടായി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല