1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 25, 2024

സ്വന്തം ലേഖകൻ: വിവാഹ കരാര്‍ നിയമപരമാവണമെങ്കില്‍ വധുവിന്‍റെ കൂടി വിരലടയാളം അതില്‍ രേഖപ്പെടുത്തിയിരിക്കണമെന്ന സുപ്രധാന തീരുമാനവുമായി കുവൈത്ത് ഔഖാഫ്, ഇസ്ലാമിക കാര്യ മന്ത്രാലയം. വിവാഹത്തിന് വധുവിന് പൂര്‍ണ സമ്മതമാണെന്നതിന് രേഖാമൂലമുള്ള തെളിവെന്ന രീതിയിലാണ് വിരലടയാളം നിര്‍ബന്ധമാക്കുന്നതെന്ന് മതപരമായ കാര്യങ്ങളില്‍ വിധി പുറപ്പെടുവിക്കുന്ന ഇഫ്താ വകുപ്പ് അറിയിച്ചു.

മന്ത്രാലയം മുന്നോട്ടുവച്ച ഈ പുതിയ നിര്‍ദ്ദേശത്തിന് നിയമപരമായി അംഗീകാരം നല്‍കിയതായി സുപ്രീം കൗണ്‍സില്‍ ഫോര്‍ ഫാമിലി അഫയേഴ്സിന്‍റെ ആക്ടിങ് സെക്രട്ടറി ജനറല്‍ ഡോ. മറിയം അല്‍ അസ്മി അറിയിച്ചു. വിവാഹ കരാര്‍ പൂര്‍ത്തിയാക്കുന്നതിന് മുമ്പ് വിരലടയാളത്തിലൂടെ സ്ത്രീയുടെ സമ്മതം രേഖപ്പെടുത്തണമെന്ന നിര്‍ദ്ദേശമാണ് സുപ്രീം കൗണ്‍സിലിന്‍റെ അംഗീകാരം ലഭിച്ചത്. താമസിയാതെ നീതിന്യായ മന്ത്രാലയം പുതിയ നിയമം നടപ്പിലാക്കിക്കൊണ്ട് ഉത്തരവിടുമെന്നും അവര്‍ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ ഉടന്‍ തന്നെ സജ്ജമാകുമെന്ന് ഔഖാഫ്, ഇസ്ലാമിക കാര്യ മന്ത്രാലയം അറിയിച്ചു.

രാജ്യത്ത് സ്ത്രീകള്‍ക്കു കൂടുതല്‍ അവകാശങ്ങളും അംഗീകാരവും നല്‍കുക എന്നതാണ് പുതിയ തീരുമാനത്തിനു പിന്നില്‍. നേരത്തേ വിവാഹത്തിന് വധുവിന്‍റെ അനുവാദം വേണമെന്ന ശരീഅത്ത് നിയമം നിലവിലുണ്ടെങ്കിലും അത് രേഖാമൂലം കരാറില്‍ ഉള്‍പ്പെടുത്തണമെന്ന് നിയമമാക്കുന്ന ആദ്യ ഗള്‍ഫ് രാജ്യമാണ് കുവൈത്ത്. സ്ത്രീകളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതുമായി ബന്ധപ്പെട്ട് അന്താരാഷ്ട്ര സംഘടനകള്‍ മുന്നോട്ടുവയ്ക്കുന്ന ആവശ്യങ്ങള്‍ക്കുള്ള പ്രതിരകണമെന്ന നിലയ്ക്കാണ് കുവൈത്തിന്‍റെ ഈ തീരുമാനമെന്ന് ഡോ. അല്‍ അസ്മി വ്യക്തമാക്കി.
ടൂറിസ്റ്റ് വീസക്കാർക്ക് ആരോഗ്യ ഇൻഷുറൻസും

നേതൃപരമായ റോളുകളിലും തീരുമാനങ്ങള്‍ എടുക്കുന്ന സ്ഥാനങ്ങളിലും സ്ത്രീകളുടെ പ്രാതിനിധ്യം വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള ലിംഗ സന്തുലിത ഗൈഡ് കൗണ്‍സിലിന്‍റെ നേതൃത്വത്തില്‍ തയ്യാറായി വരികയാണ്. കൂടാതെ, അതിക്രമങ്ങള്‍ക്ക് ഇരയാകുന്നവര്‍ക്ക് ആരോഗ്യം, മാനസികം, സാമൂഹികം, പാര്‍പ്പിടം, നിയമപരം തുടങ്ങിയ സേവനങ്ങള്‍ എളുപ്പത്തില്‍ ലഭ്യമാക്കുന്നതിനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങളും മന്ത്രാലയം തയ്യാറാക്കിവരികയാണ്.

വനിതാ സൂചകങ്ങളില്‍ കുവൈത്തിന്‍റെ അന്താരാഷ്ട്ര റാങ്കിങ് മെച്ചപ്പെടുത്തുന്നതിനായി കൗണ്‍സില്‍ ഒരു ദേശീയ ടീമിന് രൂപം നല്‍കിയതായും അവര്‍ പറഞ്ഞു. സ്ത്രീകള്‍, സുരക്ഷ, സമാധാനം എന്നിവയെക്കുറിച്ചുള്ള ദേശീയ തന്ത്രം തയ്യാറാക്കുന്നതിന് ബന്ധപ്പെട്ട അധികാരികളുമായും യുണൈറ്റഡ് നേഷന്‍സ് ഇക്കണോമിക് ആന്‍ഡ് സോഷ്യല്‍ കമ്മീഷന്‍ ഫോര്‍ വെസ്റ്റേണ്‍ ഏഷ്യയുമായും ബന്ധപ്പെട്ട് പരിശീലന കോഴ്‌സുകള്‍ ഇതിന്‍റെ ഭാഗമായി സംഘടിപ്പിക്കും.

സ്ത്രീകള്‍, കുട്ടികള്‍, കുടുംബങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട നിലവിലുള്ള നിയമങ്ങളും വ്യവസ്ഥകളും അവലോകനം ചെയ്യുന്നതിന് കൗണ്‍സില്‍ നേതൃത്വം നല്‍കുമെന്നും അവര്‍ അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.