![](https://www.nrimalayalee.com/wp-content/uploads/2021/10/Kuwait-Health-Ministry-Foreign-Recruitment-.jpg)
സ്വന്തം ലേഖകൻ: 500 ദിവസത്തിലേറെ നീണ്ട കൊവിഡ് നിയന്ത്രണങ്ങളില്‍ നിന്ന് ഏറെക്കുറെ മുക്തരായതിന്റെ ആഹ്ലാദത്തിലാണ് കുവൈറ്റിലെ ജനങ്ങളും വ്യാപാര വ്യവസായ ടൂറിസം മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരും. പൊതു ഇടങ്ങളില്‍ ജീവിതം സാധാരണ നിലയിലായതിന്റെ പ്രതീതി. ഹോട്ടലുകളിലും വ്യാപാര സ്ഥാപനങ്ങളിലും വ്യാപാരം കൊവിഡിന് മുമ്പുള്ള കാലത്തെ അനുസ്മരിപ്പിക്കും വിധം സജീവമായി. കൊവിഡ് വ്യാപനം നിയന്ത്രണ വിധേയമായ സാഹചര്യത്ത് മന്ത്രി സഭ പ്രഖ്യാപിച്ച അഞ്ചാം ഘട്ട ഇളവുകളോടെ രാജ്യം തിരിച്ചുവരിവിന്റെ പാതയിലേക്ക് നീങ്ങുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍.
പ്രധാനമന്ത്രി ശെയ്ഖ് സബാഹ് അല്‍ ഖാലിദ് അല്‍ ഹമദ് അല്‍ സബാഹിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭയുടെ പ്രത്യേക യോഗമാണ് ഒക്ടോബര്‍ 24 ഞായറാഴ്ച മുതല്‍ നിയന്ത്രണങ്ങള്‍ ഒഴിവാക്കാനുള്ള സുപ്രധാനമായ തീരുമാനമെടുത്തത്. നിയന്ത്രണങ്ങള്‍ ഒഴിവാക്കുന്നതുമായി ബന്ധപ്പെട്ട് കൊവിഡ് അടിയന്തരങ്ങള്‍ക്കായുള്ള മന്ത്രിതല സുപ്രിം കമ്മിറ്റി തയ്യാറാക്കി സമര്‍പ്പിച്ച ശുപാര്‍ശകള്‍ മന്ത്രിസഭ അംഗീകരിക്കുകയായിരുന്നു.
പൊതു ഇടങ്ങളിള്‍ സാമൂഹിക അകലം പാലിക്കുന്നതും മാസ്‌ക്ക് ധരിക്കുന്നതും ഒഴിവാക്കിയതാണ് മന്ത്രിസഭാ യോഗം തീരുമാനത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഇളവുകള്‍. അതേസമയം തുറസ്സായ സ്ഥലങ്ങളില്‍ മാത്രമാണ് ഈ ഇളവുകള്‍ അനുവദിച്ചിരിക്കുന്നത്. അടച്ചിട്ട സ്ഥലങ്ങളില്‍ മാസ്‌ക്ക് ധാരണം, സാമൂഹിക അകലം പാലിക്കല്‍ എന്നീ നിബന്ധനകള്‍ തുടരും. അതോടൊപ്പം നിബന്ധനകള്‍ക്ക് വിധേമായി വിവാഹ പാര്‍ട്ടികളും സമ്മേളനങ്ങളും മറ്റു സാമൂഹിക കൂടിച്ചേരലുകളും ഇന്നു മുതല്‍ അനുവദിക്കും. പക്ഷെ, രണ്ട് ഡോസ് വാക്സിന്‍ എടുത്തവര്‍ക്കു മാത്രമായിരിക്കും ഇവിടങ്ങളില്‍ പ്രവേശനം. ചടങ്ങുകളില്‍ പങ്കെടുക്കുന്നവര്‍ മാസ്‌ക്ക് ധരിക്കുന്നത് തുടരും.
പുതിയ ഇളവുകളുടെ ഭാഗമായി കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നിര്‍ത്തിവച്ച വിസ നടപടികള്‍ പൂര്‍ണ തോതില്‍ പുനരാരംഭിക്കാന്‍ തീരുമാനിച്ച പശ്ചാത്തലത്തില്‍ ഇന്നു മുതല്‍ കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളം പൂര്‍ണ ശേഷിയില്‍ പ്രവര്‍ത്തിച്ചു തുടങ്ങും. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്ന സര്‍വീസുകളെ സ്വീകരിക്കാന്‍ വിമാനത്താവളം പൂര്‍ണ സജ്ജമാണെന്ന് സിവില്‍ ഏവിയേഷന്‍ ഡയരക്ടറേറ്റ് ജനറല്‍ അറിയിച്ചു. ആഭ്യന്തര, വിദേശ വിമാന കമ്പനികളില്‍ നിന്നുള്ള അപേക്ഷകള്‍ വന്നുകൊണ്ടിരിക്കുകായണെന്നും ആദ്യ ഘട്ടത്തില്‍ പ്രതിദിനം 25000ത്തിലേറെ യാത്രക്കാര്‍ എത്തുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം അറിയിച്ചു. പ്രതിദിനം 30,000 യാത്രക്കാരാണ് എയര്‍പോര്‍ട്ടിന്റെ പരമാവധി ശേഷി.
അതേസമയം, കുവൈറ്റ് ആരോഗ്യ മന്ത്രാലയത്തിന്റെ അംഗീകാരമുള്ള രണ്ട് ഡോസ് വാക്സിനുകള്‍ സ്വീകരിച്ചവര്‍ക്കു മാത്രമായിരിക്കും പുതുതായി വിസ അനുവദിക്കുക. ഫൈസര്‍ ബയോണ്‍ടെക്, ഓക്സ്ഫോഡ് ആസ്ട്രസെനക്ക, മൊഡേണ, ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ എന്നീ വാക്സിനുകള്‍ക്കാണ് രാജ്യത്ത് അംഗീകാരമുള്ളത്. കുവൈറ്റില്‍ എത്തുന്ന മുഴുവന്‍ യാത്രക്കാര്‍ക്കും പിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണമെന്ന നിലവിലെ നിബന്ധനയില്‍ മാറ്റുണ്ടാകില്ല. പൂര്‍ണമായി വാക്സിന്‍ എടുക്കാത്തവര്‍ക്ക് ക്വാറന്റൈന്‍ വേണമെന്ന നിബന്ധനയിലും മാറ്റമില്ല. കുവൈറ്റില്‍ അംഗീകാരമില്ലാത്ത വാക്സിന്‍ എടുത്തവര്‍ക്ക് മൂന്നാം ഡോസായി കുവൈറ്റില്‍ അംഗീകാരമുള്ളവയില്‍ ഏതെങ്കിലുമൊന്ന് എടുത്താലും മതി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല