![](https://www.nrimalayalee.com/wp-content/uploads/2021/12/Kuwait-medical-Report-Smartphone.jpg)
സ്വന്തം ലേഖകൻ: ആശുപത്രിയിലും ലാബുകളിലുമായി പരിശോധന നടത്തിയ മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ നിങ്ങളുടെ സ്മാര്‍ട്ട് ഫോണില്‍ ലഭ്യമാക്കുന്ന സംവിധാനവുമായി കുവൈത്ത് ആരോഗ്യ മന്ത്രാലയം രംഗത്തെത്തി. ഇതിന് ആവശ്യമായ മൊബൈൽ ആപ്ലിക്കേഷൻ ആരോഗ്യമന്ത്രി ഷെയ്ഖ് ബാസിൽ അസ്സബാഹ് പുറത്തിറക്കി. .’Q8 seha’ എന്നാണ് ആപ്പിന്‍റെ പേര്. ആൻഡ്രോയ്ഡ്, ഐ.ഒ.എസ് പ്ലാറ്റ്‌ഫോമുകളിൽ പ്രവർത്തിക്കാന്‍ സാധിക്കുന്ന ആപ്പ് ആണ് ഉണ്ടാക്കിയിരിക്കുന്നത്.
ആപ്പ് പുറത്തിറങ്ങിയതോട് കൂടി ആരോഗ്യമന്ത്രാലയത്തിന് കീഴിലെ ആശുപത്രികളിലും പ്രാഥമികാരോഗ്യകേന്ദ്രങ്ങളിലും നടത്തുന്ന റേഡിയോളജി, ലബോറട്ടറി പരിശോധനകളുടെ റിപ്പോര്‍ട്ടുകള്‍ ഇനി ഓൺലൈനായി ലഭിക്കും. രാജ്യത്ത് നടക്കുന്ന 70 ശതമാനം റിപ്പോര്‍ട്ടുകളും ഇപ്പോള്‍ ആപ്ലിക്കേഷനില്‍ ലഭ്യമാകും. ബാക്കിവരുന്ന റിപ്പോര്‍ട്ടുകള്‍ കൂടി ലഭ്യമാക്കാന്‍ ആവശ്യമായ നടപടികള്‍ ഉടന്‍ ആരംഭിക്കുമെന്നും, അടുത്ത മാസം ഇവയെല്ലാം അതില്‍ ഉള്‍പ്പെടുത്തുമെന്നും ന്ത്രി ബാസിൽ അസ്സബാഹ് പറഞ്ഞു. കുവൈത്ത് ന്യൂസ് ഏജന്‍സിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്.
സിവിൽ ഐഡിയുടെ ഡിജിറ്റൽ പതിപ്പായ ‘My Kuwait’ ഐഡി ഉപയോഗിച്ചു 16 വയസ്സിന് മുകളിലുള്ള സ്വദേശികൾക്കും വിദേശികൾക്കും “Q8 seha”യിൽ രജിസ്റ്റർ ചെയ്യാം. മന്ത്രാലയത്തിൽ അഫിലിയേറ്റ് ചെയ്ത ആരോഗ്യകേന്ദ്രങ്ങളിൽ നിന്നുള്ള രോഗാവധി റിപ്പോർട്ടുകൾ സിവിൽ സർവിസ് ബ്യൂറോയുമായി ലിങ്ക് ചെയ്യാനും സാധിക്കും.
ആപ്ലിക്കേഷനില്‍ നല്‍ക്കുന്ന വിവരങ്ങള്‍ എല്ലാം സുരക്ഷിതമായിരിക്കുമെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കി. വിഷന്‍ 2025ന്‍റെ ഭാഗമായി നിരവധി പദ്ധതികള്‍ ആണ് രാജ്യത്ത് നടപ്പിലാക്കാന്‍ പോകുന്നത്. അതിന്‍റെ ഭാഗമായാണ് പുതിയ പദ്ധതികള്‍ എത്തുന്നത്. പല മേഖലകളിലും ഡിജിറ്റൽവത്കരിക്കുന്ന പദ്ധതിയുടെ ഭാഗമായാണ് ആരോഗ്യ മന്ത്രാലയം പുതിയ ആപ്ലിക്കേഷൻ തയാറാക്കിയിരിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല