1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 14, 2023

സ്വന്തം ലേഖകൻ: മരുന്ന് ക്ഷാമം രൂക്ഷമായ സാഹചര്യത്തില്‍ കുവൈത്തിലെ പ്രവാസികള്‍ക്ക് ആരോഗ്യ സേവന ഫീസ് വര്‍ധിച്ചേക്കും. ആരോഗ്യകാര്യ സമിതി ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ തുടരുകയാണ്. കൂടുതല്‍ വിശദാംശങ്ങളോടെ ദേശീയ അസംബ്ലിയില്‍ ശുപാര്‍ശകള്‍ അവതരിപ്പിക്കുന്നതിനായി ആരോഗ്യകാര്യ സമിതി തീരുമാനമെടുക്കുന്നത് നീട്ടിയതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഈ വിഷയത്തില്‍ ആരോഗ്യ മന്ത്രാലയത്തിന്റെ പ്രസ്താവനകള്‍ പൊരുത്തക്കേടുകള്‍ നിറഞ്ഞതാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. വിതരണ ശൃംഖലയിലെ തകരാറുകള്‍, അസംസ്‌കൃത വസ്തുക്കളുടെ ദൗര്‍ലഭ്യം തുടങ്ങിയ അന്താരാഷ്ട്ര രംഗത്തെ പ്രശ്‌നങ്ങളാണ് പ്രതിസന്ധിക്ക് കാരണമെന്ന് ചില പ്രസ്താവനകളില്‍ വിശദീകരിക്കുന്നു.

അതേസമയം, ‘ക്ഷാമം’ എന്ന പദം ഉപയോഗിക്കാതെയുള്ള പ്രസ്താവനകളാണ് മറ്റു ചില കേന്ദ്രങ്ങളില്‍ നിന്ന് ഉണ്ടാവുന്നതെന്ന് ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. അവശ്യമരുന്നുകളുടെയോ ബദല്‍ മരുന്നുകളുടെയോ കുറവുമൂലം രോഗികള്‍ക്ക് വൈദ്യസേവനം നല്‍കുന്നതിലെ അപര്യാപ്തതയിലേക്കാണ് ഇവര്‍ വിരല്‍ചൂണ്ടുന്നത്.

അതേസമയം, വെല്ലുവിളികള്‍ക്കിടയിലും അവശ്യമരുന്നുകളുടെ കരുതല്‍ ശേഖരം മന്ത്രാലയം ഉറപ്പുനല്‍കുന്നു. അന്താരാഷ്ട്ര തടസ്സങ്ങളുടെ പ്രത്യാഘാതങ്ങള്‍ ലഘൂകരിക്കാന്‍ ലക്ഷ്യമിട്ട് മറ്റിടങ്ങളില്‍ നിന്നു കൂടി മരുന്ന് എത്തിക്കുന്നത് ഉള്‍പ്പെടെയുള്ളവ പരിഗണനയിലുണ്ട്. മരുന്നുകള്‍ പാഴാകുന്നത് തടയാന്‍ ഓട്ടോമേറ്റഡ് ലിങ്കിങ് സംവിധാനം ആവിഷ്‌കരിക്കുന്നതിനൊപ്പം വിദേശികള്‍ക്ക് മരുന്ന് വിതരണ ഫീസ് വര്‍ധിപ്പിക്കുന്നത് ഉള്‍പ്പെടെയുള്ള തുടങ്ങിയ നയങ്ങളും ആലോചിച്ചുവരികയാണ്.

രാജ്യത്തെ ആരോഗ്യമേഖല അഭിമുഖീകരിക്കുന്ന വെല്ലുവിളികള്‍ മരുന്ന് ക്ഷാമം എന്നതിലുപരിയായി ഉടലെടുത്തതാണെന്ന് മന്ത്രാലയം വിശദീകരിക്കുന്നു. തടസ്സപ്പെട്ട മരുന്ന വിതരണ ശൃംഖല, അസംസ്‌കൃത വസ്തുക്കളുടെ ദൗര്‍ലഭ്യം, കോവിഡ്-19 പ്രതിസന്ധിയുടെ ആഘാതങ്ങള്‍ എന്നിവ പോലുള്ള ആഗോള പ്രശ്‌നങ്ങള്‍ പ്രതിസന്ധിക്ക് കാരണമാണ്.

ആരോഗ്യ സേവന ഫീസ് പരിഷ്‌കരണങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ തുടരുകയാണ്. ഇതുമായി ബന്ധപ്പെട്ട് രണ്ട് പ്രധാന വിഷയങ്ങളാണ് പരിഗണനയിലുള്ളത്. സന്ദര്‍ശക ആരോഗ്യ ഇന്‍ഷുറന്‍സ് നിയമം നടപ്പിലാക്കല്‍, ‘ദാമന്‍’ ആശുപത്രികള്‍ ആരംഭിക്കല്‍ എന്നിവയാണിവ. എന്നാല്‍ ഇത് നടപ്പാക്കുന്നതിന് നിലവില്‍ സര്‍ക്കാര്‍ നല്‍കുന്ന സേവനങ്ങളുടെ ഇന്‍ഷുറന്‍സ് തുക പുനരവലോകനം ചെയ്യേണ്ടിവരും.

കുവൈത്ത് സിറ്റി സാമ്പത്തിക പ്രതിസന്ധി അഭിമുഖീകരിക്കുന്ന സമയത്താണ് ആരോഗ്യരംഗത്തെ പ്രതിസന്ധിയും ശക്തമാവുന്നത്. രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി വിലയിരുത്താന്‍ കുവൈത്ത് സ്റ്റേറ്റ് ഓഡിറ്റ് ബ്യൂറോയെ കഴിഞ്ഞയാഴ്ച ചുമതലപ്പെടുത്തിയിരുന്നു. 2022-2023 സാമ്പത്തിക വര്‍ഷത്തേക്കുള്ള രാജ്യത്തിന്റെ ‘സാമ്പത്തിക സ്ഥിതി’ വിലയിരുത്താനാണിതെന്ന് മുഖ്യ നിയമനിര്‍മാതാവ് അഹ്മദ് അല്‍സദൂന്‍ പാര്‍ലമെന്റില്‍ വ്യക്തമാക്കിയിരുന്നു.

നടപ്പ് പാര്‍ലമെന്റ് സമ്മേളനത്തില്‍ കുവൈത്തിന്റെ സാമ്പത്തിക സ്ഥിതിയുടെ സങ്കീര്‍ണതകളെക്കുറിച്ച് ആക്ടിംഗ് ധനകാര്യ മന്ത്രി സഅദ് അല്‍ ബറാക് വിശദീകരിച്ചിരുന്നു. സാമ്പത്തിക പരിഷ്‌കരണങ്ങളെച്ചൊല്ലി പാര്‍ലമെന്റ് അംഗങ്ങള്‍ക്കിടയില്‍ വലിയ അഭിപ്രായ ഭിന്നത നിലനില്‍ക്കുന്നുണ്ട്. ധനമന്ത്രിയെ നീക്കിയത് ഉള്‍പ്പെടെ മന്ത്രിസഭയില്‍ അടിക്കടി മാറ്റംവരുത്തുകയുമുണ്ടായി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.