1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 20, 2023

സ്വന്തം ലേഖകൻ: രാജ്യത്ത് ചൂട് ശക്തമായ സാഹചര്യത്തില്‍ ഏര്‍പ്പെടുത്തിയ നട്ടുച്ച ജോലി നിരോധനം ബൈക്കില്‍ യാത്ര ചെയ്യുന്ന ഡെലിവറി ജീവനക്കാര്‍ക്കും ബാധകമാണെന്ന് കുവൈത്ത്. പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍ പുറപ്പെടുവിച്ച ഉത്തരവിലാണ് ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയത്. അതേസമയം, പെട്രോള്‍ സ്‌റ്റേഷനുകളില്‍ ജോലി ചെയ്യുന്ന തൊഴിലാളികളെ നട്ടുച്ച നേരത്തുള്ള പുറം ജോലികള്‍ ചെയ്യുന്നതിനുള്ള നിരോധനത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. എന്നാല്‍ ഇവിടത്തെ തൊഴിലാളികള്‍ തണലുള്ള ഇടങ്ങളില്‍ മാത്രമേ ജോലി ചെയ്യാവൂ എന്നും അധികൃതര്‍ വ്യക്തമാക്കി.

അതേസമയം, കഴിഞ്ഞ ദിവസം ഏര്‍പ്പെടുത്തിയ നട്ടുച്ച ജോലി നിരോധത തീരുമാനം അനുസരിക്കുന്നതില്‍ രാജ്യത്തെ തൊഴിലാളികളും തൊഴിലുടമകളും പ്രതിജ്ഞാബദ്ധരാണെന്ന് കണ്ടെത്തിയതായും അതോറിറ്റി അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് അധികൃതര്‍ നടത്തിയ പരിശോധനയില്‍ നിന്ന് ഇക്കാര്യം വ്യക്തമായിട്ടുണ്ടെന്നും അതോറിറ്റി വ്യക്തമാക്കി. തീരുമാനം ലംഘിക്കപ്പെടുന്നില്ല എന്ന് ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി മാന്‍പവര്‍ അതോറിറ്റിയിലെ സെന്റര്‍ ഫോര്‍ ഒക്യുപേഷണല്‍ സേഫ്റ്റിയുമായി അഫിലിയേറ്റ് ചെയ്തിരിക്കുന്ന ജുഡീഷ്യല്‍ ഓഫീസര്‍മാര്‍ സ്വകാര്യ ഹൗസിംഗ് ഏരിയകളിലും പ്രോജക്റ്റുകളിലും തുടര്‍ച്ചയായ പരിശോധനാ കാമ്പെയ്നുകള്‍ നടത്തിവരികയാണ്.

വളരെ കുറഞ്ഞ വര്‍ക്ക് സൈറ്റുകളില്‍ മാത്രമേ നിരോധനം ലംഘിച്ച് തൊഴിലാളികള്‍ ജോലി ചെയ്യുന്നതായി കണ്ടെത്തിയിട്ടുള്ളൂ എന്നും എല്ലാ മാസവും ഇതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് അതോറിറ്റിയുടെ പബ്ലിക് റിലേഷന്‍സ് ആന്റ് മീഡിയ വിഭാഗം പ്രസിദ്ധീകരിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.

അതിനിടെ, കുവൈത്തിലെ വേനല്‍ചൂട് ശക്തിയാര്‍ജ്ജിച്ചു വരുന്നതായി അധികൃതര്‍ വെളിപ്പെടുത്തി. കഴിഞ്ഞ ദിവസം 48 ഡിഗ്രിക്കു മുകളിലാണ് അന്തരീക്ഷതാപനില രേഖപ്പെടുത്തിയത്. ഈ വര്‍ഷം രേഖപ്പെടുത്തിയ ഏറ്റവും കൂടിയ താപനിലയാണിത്. വരും ദിവസങ്ങളില്‍ ഹ്യൂമിഡിറ്റി വര്‍ദ്ധിക്കുമെന്നും പൊടിപടലമുണ്ടാക്കുന്ന വടക്കുപടിഞ്ഞാറന്‍ കാറ്റ് സജീവമാകുമെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ഏതാനും ദിവസങ്ങള്‍ക്കകം തന്നെ അന്തരീക്ഷ താപനില 50 ഡിഗ്രി കടക്കുമെന്നാണ് കാലാവസ്ഥ പ്രവചനം.

ജൂണ്‍, ജൂലൈ, ആഗസ്റ്റ് മാസങ്ങളില്‍ മേഖലയില്‍ ഏറ്റവും ചൂട് അനുഭവപ്പെടുന്ന രാജ്യങ്ങളില്‍ ഒന്നാം സ്ഥാനത്താണ് കുവൈത്ത്. കഴിഞ്ഞ ജൂണില്‍ ലോകത്തില്‍ ഏറ്റവും ഉയര്‍ന്ന താപനില രേഖപ്പെടുത്തിയ അഞ്ച് സ്ഥലങ്ങളിലൊന്ന് കുവൈറ്റായിരുന്നു. അതിനിടെ വേനല്‍ കടുത്തതോടെ രാജ്യത്ത് തീപിടിക്കുന്ന കേസുകള്‍ കൂടിയിട്ടുണ്ടെന്നും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ നിര്‍ദേശം നല്‍കി. അപകടങ്ങള്‍ ശ്രദ്ധയില്‍പെട്ടാല്‍ ഉടന്‍ അഗ്‌നിരക്ഷ സേനയെ വിവരമറിയിക്കണമെന്നും അധികൃതര്‍ വ്യക്തമാക്കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.