സ്വന്തം ലേഖകൻ: കുവൈത്തില്‍ ചൂട് കുത്തനെ ഉയരുന്നു. ഇന്ന് വെള്ളിയാഴ്ച രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും ശക്തമായ ചൂടായിരിക്കും രേഖപ്പെടുത്തുകയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇന്നത്തെ താപനില 49 ഡിഗ്രി വരെ ഉയരുമെന്നും അധികൃതര്‍ അറിയിച്ചു. വരും ദിവസങ്ങളില്‍ താപനില 50 ഡിഗ്രിയോ അതിനു മുകളിലോ ഉയരാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ പ്രവചനം.
പലകലും രാത്രിയും ഒരു പോലെ ചൂടേറിയതാവുമെന്നാണ് കാലാവസ്ഥാ നിരീക്ഷകര്‍ നല്കുന്ന മുന്നറിയിപ്പ്. ഇന്ന് വെള്ളിയാഴ്ച, പരമാവധി താപനില 46 മുതല്‍ 49 ഡിഗ്രി വരെയായി ഉയരും. ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കടല്‍ തിരമാലകള്‍ 1 മുതല്‍ 4 അടി വരെ ഉയര്‍ന്നേക്കുമെന്നും അധികൃതര്‍ പ്രസ്താവനയില്‍ വ്യക്തമാക്കി. രാത്രിയില്‍ വടക്കുപടിഞ്ഞാറന്‍ കാറ്റ്, ചിലപ്പോള്‍ മണിക്കൂറില്‍ 12 മുതല്‍ 45 കിലോമീറ്റര്‍ വരെ വേഗതയില്‍ അടിച്ചു വീശാന്‍ സാധ്യതയുണ്ട്. ഇതുമൂലം തിരമാലകള്‍ ചിലപ്പോള്‍ 2 മുതല്‍ 6 അടി വരെ ഉയരും. രാത്രിയിലെ കുറഞ്ഞ താപനില 32 മുതല്‍ 35 ഡിഗ്രി വരെ ആയിരിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.
നാളെ ശനിയാഴ്ചയും സമാനമായ കാലാവസ്ഥയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ചൂട് കൂടുമെന്നും താപനില 47 ഡിഗ്രി വരെ കൂടാനിടയുണ്ടെന്നും അധകൃതര്‍ വ്യക്തമാക്കി. വടക്കുപടിഞ്ഞാറന്‍ കാറ്റ്, ചിലപ്പോള്‍ മണിക്കൂറില്‍ 60 കിലോമീറ്റര്‍ വരെ വേഗതയില്‍ അടുച്ചുവീശാന്‍ സാധ്യതയുണ്ട്. ശനിയാഴ്ച രാത്രി 35 ഡിഗ്രിവരെ താപനില കൂടാനിടയുണ്ട്.
അതിനിടെ, രാജ്യത്ത് താപനില ദിനംപ്രതി കൂടിവരുന്ന സാഹചര്യത്തില്‍ ഔട്ട്ഡോര്‍ സൈറ്റുകളില്‍ ജോലി ചെയ്യുന്നവര്‍ക്കുള്ള നിയന്ത്രണം ഇന്ന് ജൂണ്‍ ഒന്നു മുതല്‍ ആരംഭിച്ചതായി പബ്ലിക് അതോറിറ്റി ഓഫ് മാന്‍പവര്‍ വ്യാഴാഴ്ച അറിയിച്ചു. 2015 മുതല്‍ നടപ്പിലാക്കി വരുന്ന മൂന്നു മാസക്കാലത്തേക്കുള്ള നിരോധനം ഓഗസ്റ്റ് അവസാനം വരെ തുടരും.
ഈ മാസങ്ങളില്‍ ദിവസവും രാവിലെ 11 മുതല്‍ വൈകുന്നേരം 4 വരെ പുറം ജോലികള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയതായും അധികൃതര്‍ അറിയിച്ചു. രാജ്യത്ത് ഉച്ചസമയത്തെ ചൂട് 50 ഡിഗ്രി സെല്‍ഷ്യസിനു മുകളില്‍ ഉയരാന്‍ സാധ്യതയുണ്ടെന്നും ചൂടിന്റെ ഗുരുതരമായ ആഘാതത്തില്‍ നിന്ന് തൊഴിലാളികളെ സംരക്ഷിക്കാന്‍ കമ്പനികള്‍ ശ്രദ്ധ പുലര്‍ത്തണമെന്നും അതോറിറ്റി അറിയിച്ചു.
നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ അവര്‍ക്കെതിരേ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്കി. വേനല്‍ക്കാലത്ത് കഠിനമായ കാലാവസ്ഥയില്‍ അധ്വാനിക്കുന്ന തൊഴിലാളികള്‍ക്ക് സംരക്ഷണം നല്‍കാനാണ് തീരുമാനമെന്ന് ഉതൈബി പറഞ്ഞു. കഴിഞ്ഞ വര്‍ഷങ്ങളില്‍ നിരോധനത്തിന് കുവൈത്ത് കമ്പനികളില്‍ നിന്ന് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്.
അന്താരാഷ്ട്ര തൊഴില്‍ മാനദണ്ഡങ്ങള്‍ പാലിക്കുന്നതിനുള്ള കുവൈത്തിന്റെ പ്രതിബദ്ധതയുടെ ഭാഗം കൂടിയാണ് നിരോധനമെന്നും അദ്ദേഹം പറഞ്ഞു. ഉച്ചസമയ തൊഴില്‍ നിരോധന നിയമം ലംഘിക്കുന്നത് ശ്രദ്ധയില്‍പ്പെടുന്നവര്‍ 24936192 എന്ന നമ്പറില്‍ അതോറിറ്റിയെ അറിയിക്കണമെന്നും ഉതൈബി പറഞ്ഞു.
അതിനിടെ, രാജ്യത്ത് ചൂട് കൂടിവരുന്ന സാഹചര്യത്തില്‍ രൂക്ഷമായിക്കൊണ്ടിരിക്കുന്ന വൈദ്യുതി പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ വൈദ്യുതി- ജല വകുപ്പ് മന്ത്രി ഡോ. മഹമൂദ് ബുഷെഹ്രിയുടെ നേതൃത്വത്തില്‍ പ്രത്യേക യോഗം ചേര്‍ന്ന് സമഗ്ര പദ്ധതി തയ്യാറാക്കിയതായി അല്‍ ജരീദ ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു. അയല്‍ രാജ്യങ്ങളില്‍ നിന്ന് 500 മെഗാവാട്ട് വാങ്ങുകയും സൗരോര്‍ജ്ജ പദ്ധതികള്‍ ആരംഭിക്കുകയും ചെയ്തെങ്കിലും രാജ്യത്തെ വൈദ്യുതി പ്രതിസന്ധി രൂക്ഷമായി തുടരുകയാണെന്ന് യോഗം വിലയിരുത്തി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല