കുടിയേറ്റ നിയമം നവീകരിച്ച് ലോകോത്തര നിലവാരത്തില്‍ പ്രാബല്യത്തിലാക്കുകയും വിസ നടപടികള്‍ പരിഷ്‌കരിച്ച് തൊഴില്‍ വിസ അനുവദിക്കുന്നത് പുനരാരംഭിക്കുമെന്ന് തൊഴില്‍ മന്ത്രാലയം തൊഴില്‍ വിഭാഗം അസി. അണ്ടര്‍ സെക്രട്ടറി ജമാല്‍ അല്‍-ദൂസരി പറഞ്ഞു. തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുന്നതോടൊപ്പം അന്താരാഷ്ട്ര നിലവാരത്തില്‍ തൊഴിലാളി-തൊഴിലുടമ സംസ്‌കാരം രാജ്യത്ത് നടപ്പില്‍ വരുത്തുവാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. കഴിഞ്ഞ രണ്ടുവര്‍ഷമായി തുടരുന്ന തൊഴില്‍വിസ നിയന്ത്രണം പുതുവര്‍ഷത്തോടെ തൊഴില്‍ വിപണിക്കാവശ്യാനുസരണം യോഗ്യതയുള്ള തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനുള്ള സംവിധാനമാക്കി മാറ്റും.
നിര്‍ത്തലാക്കിയിരുന്ന സന്ദര്‍ശന വിസയ്ക്ക് തൊഴില്‍ വിസ അനുവദിക്കുന്ന നടപടി 37 രാജ്യക്കാര്‍ക്ക് പുനരാരംഭിച്ചു. യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളവരടക്കം തൊഴില്‍ യോഗ്യതയ്ക്കനുസൃതമായി വിസമാറ്റം അനുവദിക്കും. എന്നാല്‍ രാജ്യത്തെ നിലവിലുള്ള വിദേശ ജനസംഖ്യാനുപാതം പരിശോധിക്കും. വ്യത്യസ്ത സമൂഹങ്ങളില്‍ നിന്നുള്ളവര്‍ക്ക് പരിഗണന ലഭിക്കുമെന്നും അദ്ദേഹം അറിയിച്ചു. രാജ്യത്ത് നടപ്പിലാക്കിയ സ്വദേശി വത്കരണ പ്രക്രിയയെ ബാധിക്കാത്ത വിധത്തിലായിരിക്കും നടപടികള്‍. വിദേശ തൊഴിലാളികളുടെ സംരക്ഷണം ഉറപ്പാക്കുന്നതിനായി പ്രത്യേക അതോറിറ്റി പ്രാബല്യത്തില്‍ വരുത്തും. വിദേശ തൊഴിലാളികള്‍ക്ക് അര്‍ഹമായ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുന്നുണ്ടോ എന്ന് അതോറിറ്റി പരിശോധിക്കും. അന്താരാഷ്ട്ര നിയമം അനുശാസിക്കുന്ന പരിഗണനകള്‍ തൊഴിലാളിക്ക് ഉറപ്പുവരുത്തുകയാണ് അതോറിറ്റിയുടെ പ്രഥമ ദൗത്യം.
അടിസ്ഥാനവര്‍ഗ തൊഴിലാളികള്‍ നേരിടുന്ന ഗാര്‍ഹിക പീഡനങ്ങള്‍ക്ക് പരിഹാരം കാണുകയും അതോറിറ്റിയുടെ ചുമതലയില്‍ പെടുമെന്ന് അല്‍-ദൂസ്‌യരി പറഞ്ഞു. അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകള്‍ ഉയര്‍ത്തുന്ന പരാതികള്‍ക്ക് ശാശ്വത പരിഹാരം കണ്ടെത്തുകയാണ് സര്‍ക്കാറിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.രാജ്യത്ത് വര്‍ധിച്ചുവരുന്ന അവിദഗ്ധ തൊഴിലാളികളുടെ എണ്ണം ഗണ്യമായി കുറയുകയും വിദഗ്ധരായ വിദേശത്തൊഴിലാളികളുടെ സേവനം ലഭ്യമാക്കുകയും ചെയ്യും. വിദേശ തൊഴിലാളികളുടെ മേഖലയിലെ പരിജ്ഞാനം കണക്കിലെടുത്ത് രാജ്യത്ത് തുടര്‍ച്ചയായി എത്രവര്‍ഷം തങ്ങാനാവുമെന്നുള്ളതും നിശ്ചയിക്കുന്നതിനും നിര്‍ദേശിച്ചിട്ടുണ്ട്. അവിദഗ്ധ തൊഴിലാളികള്‍ക്ക് തുടര്‍ച്ചയായി ആറുവര്‍ഷവും, സാങ്കേതിക പരിജ്ഞാനമുള്ളവര്‍ക്ക് എട്ടുവര്‍ഷവും വിവാഹിതരായ സാങ്കേതിക വിദഗ്ധര്‍ക്ക് 10 വര്‍ഷവും തുടരാന്‍ അനുവദിക്കുമെന്നാണ് നിര്‍ദേശത്തില്‍ പറയുന്നത്. പ്രത്യേക വൈദഗ്ധ്യം നേടിയവര്‍ക്ക് കാലപരിധിയുണ്ടാവില്ല.
രാജ്യത്ത് തൊഴില്‍ മേഖലയുടെ ആവശ്യമനുസരിച്ച് 2011 സപ്തംബറിന് മുമ്പ് രാജ്യത്ത് എത്തിയിട്ടുള്ള സന്ദര്‍ശന വിസകള്‍ക്ക് തൊഴില്‍ വിസ അനുവദിക്കുന്നതിനും സര്‍ക്കാര്‍ തീരുമാനിച്ചു. ഇതനുസരിച്ചുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിന് ബന്ധപ്പെട്ട വിഭാഗങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയതായും അദ്ദേഹം വ്യക്തമാക്കി. രാജ്യത്ത് വിദേശ തൊഴിലാളികള്‍ ക്രമാതീതമായി വര്‍ധിച്ചതായുള്ള പരാതികളുടെ അടിസ്ഥാനത്തിലാണ് വിസ മാറ്റം നിര്‍ത്തിവെച്ചത്. എന്നാല്‍ യൂറോപ്യന്‍ രാജ്യങ്ങളടക്കം 37 രാജ്യക്കാര്‍ക്ക് സന്ദര്‍ശന വിസയ്ക്ക് തൊഴില്‍ വിസ അനുമതി പുനരാരംഭിച്ചതായും അമേരിക്ക, കാനഡ, ഓസ്‌ട്രേലിയ തുടങ്ങിയ യൂറോപ്യന്‍ രാജ്യക്കാര്‍ക്ക് സന്ദര്‍ശനവിസ തൊഴില്‍ വിസയാക്കുന്നതിന് വിദ്യാഭ്യാസ യോഗ്യത കണക്കിലെടുക്കേണ്ടതില്ല എന്നതാണ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല