സ്വന്തം ലേഖകൻ: ആരോഗ്യമേഖലയിൽ കൂടുതൽ വിദേശികളെ ഉൾപ്പെടുത്താൻ മന്ത്രാലയം. പ്രധാന ആശുപത്രികളുടെ വിപുലീകരണവും രാജ്യത്തെ വര്‍ധിച്ച മെഡിക്കൽ സേവനങ്ങളിലെ ആവശ്യകതയും കണക്കിലെടുത്താണ് കൂടുതൽ വിദേശികളെ ഉൾപ്പെടുത്തുന്നത്. ഈ വർഷം കൂടുതൽ വിദേശ ഡോക്ടർമാരെയും നഴ്സുമാരെയും രാജ്യത്ത് എത്തിക്കാനാണ് ശ്രമം. ഇതിനായി പ്രത്യേക റിക്രൂട്ട്മെന്റ് നടത്തും. ഇന്ത്യയിൽനിന്നും റിക്രൂട്ട്മെന്റ് ഉണ്ടാകുമെന്നാണ് സൂചന.
ആരോഗ്യ മേഖലയിൽ കൂടുതല്‍ വിദേശികളെ നിയമിക്കുമെന്ന് ആരോഗ്യമന്ത്രി ഡോ. അഹ്മദ് അൽ അവാദി അടുത്തിടെ വ്യക്തമാക്കിയിരുന്നു. ഇതുപ്രകാരം പാകിസ്താൻ, കുവൈത്ത് സർക്കാറുകൾ തമ്മിൽ ഒപ്പുവെച്ച കരാറിന്റെ ഭാഗമായി പാകിസ്താൻ ഡോക്ടർമാരും നഴ്സുമാരും അടങ്ങുന്ന 200ഓളം പേർ അടുത്തിടെ കുവൈത്തിൽ എത്തിയിരുന്നു.
ഇറാൻ ഉൾപ്പെടെയുള്ള രാജ്യങ്ങളില്‍നിന്ന് ആരോഗ്യ ജീവനക്കാരെ കൊണ്ടുവരാനാണ് പുതിയ ശ്രമം. സുരക്ഷ കാരണങ്ങളാൽ ഇറാനികള്‍ക്ക് നിലവിൽ കുവൈത്തില്‍ വിസ നല്‍കുന്നില്ല. ഇതുസംബന്ധിച്ച് ആഭ്യന്തര മന്ത്രാലയവുമായി ബന്ധപ്പെട്ടതായി ആരോഗ്യ അധികൃതര്‍ അറിയിച്ചു.
ആദ്യ ഘട്ടത്തില്‍ 200 പേര് അടങ്ങുന്ന മെഡിക്കല്‍ സംഘത്തെയാകും ഇറാനിൽനിന്നു കൊണ്ടുവരുക. നിലവില്‍ ആരോഗ്യ മന്ത്രാലയത്തിലെ മൊത്തം ജീവനക്കാരില്‍ പകുതിയിലേറെയും വിദേശികളാണ്. 38,549 വിദേശികള്‍ ഈ മേഖലയിൽ ജോലി ചെയ്യുന്നുണ്ടെന്നാണ് കണക്ക്. ഇതില്‍ ബഹുഭൂരിപക്ഷവും മലയാളികളാണ്. നേരത്തേ സമ്പൂർണ സ്വദേശിവത്കരണം ലക്ഷ്യമിട്ട് സിവിൽ സർവിസ് കമീഷൻ വിദേശി നിയമനത്തിനു വിലക്കേർപ്പെടുത്തിയിരുന്നു.
എന്നാൽ, യോഗ്യരായ വേണ്ടത്ര സ്വദേശികളെ ലഭ്യമല്ലാത്തതു കാരണം തീരുമാനം മരവിപ്പിച്ചു. അതേസമയം, ഘട്ടംഘട്ടമായി സ്വദേശികളെ പരിശീലിപ്പിച്ച് വളർത്തിയെടുക്കാനുള്ള ശ്രമത്തിലാണ് മന്ത്രാലയം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല