സ്വന്തം ലേഖകൻ: ബാങ്കിൽ നിന്നെന്ന വ്യാജേന മൊബൈലിൽ വന്ന ഒരു ലിങ്കിൽ ക്ലിക്ക് ചെയ്തതേ പ്രവാസി യുവാവിന് ഓർമയുള്ളൂ. നിമിഷങ്ങൾക്കകം അക്കൗണ്ടിലെ മുഴുവൻ തുകയും ഒറ്റയടിക്ക് കാലിയായി. കുവൈത്തിലാണ്, പണം പിൻവലിക്കുന്നതിനുള്ള ഒടിപി പോലും ഇല്ലാതെ അക്കൗണ്ടിൽനിന്ന് തട്ടിപ്പിലൂടെ പണം പിൻവലിക്കപ്പെട്ടത്. സുരക്ഷാ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് അൽ അൻബ ദിനപത്രമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ബാങ്ക് ജീവനക്കാരിയെന്ന് അവകാശപ്പെട്ട് ഒരു സ്ത്രീയാണ് ആദ്യമായി 25കാരനായ പ്രവാസിയെ മൊബൈലിൽ ബന്ധപ്പെട്ടത്. ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചിരിക്കുകയാണെന്നും ഒരു കുവൈത്ത് ദിനാർ ബാങ്ക് അക്കൗണ്ടിലേക്ക് അടച്ച് അക്കൗണ്ട് ആക്ടിവേറ്റ് ആക്കാമെന്നുമായിരുന്നു സ്ത്രീ പറഞ്ഞത്. അതു പ്രകാരം ഒരു കുവൈത്ത് ദിനാർ അടക്കുന്നതിനുള്ള ലിങ്ക് മറ്റൊരാൾ വാട്സ്ആപ്പ് വഴി യുവാവിന് അയച്ചു നൽകുകയും ചെയ്തു.
കൂടുതലൊന്നും ചിന്തിക്കാതെ താൻ ആ ലിങ്കിൽ ക്ലിക്ക് ചെയ്തതായി യുവാവ് പറഞ്ഞു. പോയാലും ഒരു ദിനാറല്ലേ പോവൂ എന്നായിരുന്നു യുവാവിന്റെ കണക്കുകൂട്ടൽ. എന്നാൽ ലിങ്കിൽ ക്ലിക്ക് ചെയ്തപ്പോൾ അതുവഴിയുളള ഇടപാട് പൂർത്തിയായിട്ടില്ലെന്ന സന്ദേശമാണ് മൊബൈലിൽ ലഭിച്ചത്. അൽപ സമയം കഴിഞ്ഞ് മൊബൈലിലെത്തിയ സന്ദേശം കണ്ട് യുവാവ് ശരിക്കും ഞെട്ടി. അക്കൗണ്ടിൽ ബാക്കിയുള്ള മുഴുവൻ തുകയും പിൻവലിക്കപ്പെട്ടുവെന്നായിരുന്നു സന്ദേശം.
അക്കൗണ്ട് ബാലൻസ് ചെക്ക് ചെയ്തപ്പോൾ ഇത് ശരിയാണെന്ന് ബോധ്യമായി. യുവാവിന്റെ അക്കൗണ്ടിൽ 343 കുവൈത്ത് ദിനാറാണ് ഉണ്ടായിരുന്നത്. അതായത് 94,000ത്തോളം ഇന്ത്യൻ രൂപ. എന്നാൽ സന്ദേശം ലഭിച്ചതിന് ശേഷമുള്ള അക്കൗണ്ട് ബാലൻസ് കാണിച്ചത് പൂജ്യമായിരുന്നു.
ഇത്തരം തട്ടിപ്പുകൾ വ്യാപകമാണെങ്കിലും അത് ചുളുവിൽ അക്കൗണ്ട് ഉടമയുടെ മൊബൈലിലേക്ക് വരുന്ന ഒടിപി കൈവശപ്പെടുത്തിയ ശേഷമാണ് പണം പിൻവലിക്കാറ്. എന്നാൽ തനിക്ക് ബാങ്കിൽ നിന്ന് ഒടിപി ലഭിച്ചുവെങ്കിലും അത് മറ്റാർക്കെങ്കിലും അയച്ചുകൊടുക്കുകയോ കൈമാറുകയോ ചെയ്തിട്ടില്ലെന്ന് യുവാവ് പറയുന്നു. ഒടിപി ഇല്ലാതെ എങ്ങനെ ബാങ്കിൽനിന്ന് പണം പിൻവലിക്കപ്പെട്ടു എന്നതാണ് യുവാവിനെ അത്ഭുതപ്പെടുത്തുന്ന കാര്യം.
എന്നാൽ അക്കൗണ്ട് ആക്ടിവേറ്റ് ചെയ്യുന്നതിലേക്ക് ഒരു കുവൈത്ത് ദിനാർ അയക്കുന്നതിനെന്നു പറഞ്ഞ് വാട്ട്സ്ആപ്പിൽ അയച്ചുകിട്ടിയ ലിങ്ക് ഇയാളുടെ ഫോൺ ഹാക്ക് ചെയ്യുന്നതിനുള്ള ലിങ്കായിരിക്കാമെന്നാണ് പോലീസ് സംശയിക്കുന്നത്. അതിനാൽതന്നെ ഫോണിൽ വന്ന ഒടിപി അടക്കും തട്ടിപ്പു സംഘത്തിനും ലഭിച്ചിരിക്കാമെന്നും അതുവഴി അക്കൗണ്ടിലെ പണം പൂർണമായും പിൻവലിച്ചതാവാമെന്നുമാണ് നിഗമനം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല