സ്വന്തം ലേഖകൻ: 2011 – 2020 വരെയുള്ള കാലയളവില്‍ ജീവിതചെലവ് ഏറ്റവും കൂടുതലുള്ള ഗള്‍ഫ് രാജ്യമായി കുവൈത്ത്. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയിലെ പണപ്പെരുപ്പം, ഉയര്‍ന്ന വില, ജീവിതച്ചെലവ് എന്നിവ അളക്കുന്ന ഉപഭോക്തൃ വില സൂചികയുടെ അടിസ്ഥാനത്തിലാണ് ജീവിതച്ചെലവില്‍ കുവൈത്ത് ഒന്നാമതെത്തിയത്.
കോവിഡ് മഹാമാരിയുടെ അനന്തരഫലങ്ങളുടെ ഫലമായി കഴിഞ്ഞ രണ്ട് വര്‍ഷമായി ജീവിതച്ചെലവ് കൂടുതല്‍ വര്‍ദ്ധിച്ചതായി അല്‍- അന്‍ബ ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു. ഉയര്‍ന്ന ജീവിതച്ചെലവ് ഉണ്ടായിരുന്നിട്ടും മറ്റ് ഗള്‍ഫ് രാജ്യങ്ങളെ അപേക്ഷിച്ച് കുവൈത്തില്‍ പണപ്പെരുപ്പത്തിന്റെ ഏറ്റകുറച്ചിലുകള്‍ കുറഞ്ഞു.
പ്രാദേശിക കറന്‍സി യുഎസ് ഡോളറുമായി ബന്ധിക്കുന്ന നയമാണ് മറ്റ് ഗള്‍ഫ് രാജ്യങ്ങള്‍ ചെയ്തുപോരുന്നത്. എന്നാല്‍, ദിനാറിനെ മറ്റ് അന്താരാഷ്ട്ര കറന്‍സികളുമായി ബന്ധിപ്പിക്കുന്ന നയം വിജയം കണ്ടതാണ് ഇതിന് കാരണം. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ കുവൈത്തിലെ പണപ്പെരുപ്പ നിരക്ക് ശരാശരി 2.5 ശതമാനമാണ്.
ഗള്‍ഫ് മേഖലയിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. സൗദി അറേബ്യ തൊട്ടുപിന്നാലെ ഉണ്ടെങ്കിലും ജീവിതച്ചെലവിന്റെ കാര്യത്തില്‍ കുവൈറ്റും സൗദിയും തമ്മില്‍ നല്ല അന്തരമുണ്ട്. ഇതേ കാലയളവില്‍ സൗദിയുടെ പണപ്പെരുപ്പ തോത് 1.7 ശതമാനം ആയിരുന്നു. മൂന്നാം സ്ഥാനത്തുള്ള ബഹ്‌റൈന് 1.5 ശതമാനമായിരുന്നു പണപ്പെരുപ്പ തോത്. യുഎഇ- 1.2 %, ഖത്തര്‍- 1.1 %, ഒമാന്‍ 1 ശതമാനത്തിന് താഴെ എന്നിങ്ങനെയാണ്.
അതേസമയം, കുവൈത്തില്‍ ജോലി ചെയ്യാന്‍ പ്രവാസികളുടെ താത്പര്യം കുറയുന്നതായി റിപ്പോര്‍ട്ട്. അധിക ജോലി സമയമാണ് പ്രധാനമായും പ്രവാസികളെ വലയ്ക്കുന്നതെന്ന് യൂറോന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. മാത്രമല്ല, ജോലിയും ജീവിതവും ഒരു പോലെ കൊണ്ടുപോകാന്‍ സാധിക്കുന്നില്ലെന്നതും പ്രവാസികളുടെ പ്രധാന പരാതികളിലൊന്നാണ്. കുവൈത്തിനെ കൂടാതെ ജപ്പാനിലും ജോലി ചെയ്യാന്‍ പ്രവാസികള്‍ മടിക്കുന്നെന്ന് അല്‍ അന്‍ബ റിപ്പോര്‍ട്ട് ചെയ്തു.
2021 ലെ പ്രവാസികള്‍ക്ക് ജോലി ചെയ്യാന്‍ മികച്ചതും ഏറ്റവും മോശവുമായ 59 രാജ്യങ്ങളുടെ പട്ടികയില്‍ ഏറ്റവും അവസാന സ്ഥാനക്കാരാണ് കുവൈറ്റും ജപ്പാനും. പ്രവാസികള്‍ തങ്ങളുടെ സ്വന്തം രാജ്യത്തേക്കാളും പുറമെ ഏറ്റവും കൂടുതല്‍ ജോലി ചെയ്യാന്‍ ഇഷ്ടപ്പെടുന്ന രാജ്യം ഏതെന്ന് കണ്ടെത്തുന്നതിനുള്ള കണക്കെടുപ്പിലാണ് വിവരങ്ങള്‍ പുറത്തുവിട്ടത്.
കഴിഞ്ഞ എട്ട് വര്‍ഷങ്ങളില്‍ തുടര്‍ച്ചയായ ഏഴാം തവണയാണ് കുവൈത്ത് പ്രവാസികളുടെ അപ്രിയ രാജ്യമാകുന്നത്. എക്സ്പാറ്റ് ഇന്‍സൈഡര്‍ സര്‍വെയില്‍ അവസാനത്തെ രാജ്യമായി കുവൈത്ത് മാറുകയായിരുന്നു. ക്വാളിറ്റി ഓഫ് ലൈഫ് ഇന്‍ഡെക്സില്‍ കുവൈത്ത് അവസാന സ്ഥാനത്താണ് (59). ഒഴിവു സമയം, വ്യക്തിഗത സന്തോഷം, യാത്ര, ഗതാഗതം എന്നിവയിലെല്ലാം പ്രവാസികള്‍ ഈ രാജ്യത്ത് അസംതൃപ്തരാണ്.
ഈസ് ഓഫ് സെറ്റ്ലിംഗ് ഇന്‍ ഇന്‍ഡെക്സിലും ഏറ്റവും മോശം സ്ഥലമാണ് കുവൈത്ത്. 46 % പ്രവാസികളും പ്രാദേശിക സംസ്‌കാരത്തില്‍ (ആഗോള തലത്തില്‍ 20%) വീടെന്ന തോന്നല്‍ ഇല്ല. 45 % പേര്‍ ഈ രാജ്യത്ത് സ്ഥിരതാമസമാക്കാന്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നു. 2021 ല്‍ തായ്വാന്‍, മെക്സിക്കോ, കോസ്റ്റാറിക്ക എന്നിവയാണ് ലോകമെമ്പാടുമുള്ള പ്രവാസികള്‍ ഇഷ്ടപ്പെടുന്നതില്‍ മികച്ച രാജ്യങ്ങള്‍. അവിടെയെല്ലാം പ്രവാസികളെ ആകര്‍ഷിക്കുന്നത് അവിടെ സ്ഥിരതാമസമാക്കാനുള്ള എളുപ്പവും മികച്ച സാമ്പത്തിക ഭദ്രതയുമാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല