സ്വന്തം ലേഖകൻ: കുവൈത്ത് മുൻസിപ്പാലിറ്റിയിൽ ഫ്ലെക്സിബിൾ സമയം നടപ്പിലാക്കുന്നു. ഇത് സംബന്ധമായ ഉത്തരവ് മുനിസിപ്പൽ കൗൺസിൽ ആക്ടിംഗ് സെക്രട്ടറി ജനറൽ ഡോ. ഫഹദ് അൽ ഒതൈബി പുറത്തിറക്കി. മുനിസിപ്പൽ കൗൺസിൽ ഉത്തരവ് അനുസരിച്ച് രാവിലെ 7 മണി മുതൽ 9 മണി വരെ ജീവനക്കാർക്ക് ജോലിയിൽ പ്രവേശിക്കാം.
ജീവനക്കാർക്ക് പ്രതിദിനം ഏഴു മണിക്കൂറായിരിക്കും പ്രവൃത്തി സമയം. മുപ്പത് മിനുറ്റ് ഗ്രേസ് പിരീഡ് അനുവദിക്കും. ഞായറാഴ്ചയോടെ ആരംഭിച്ച് വ്യാഴാഴ്ചയോടെ അവസാനിക്കുന്ന രീതിയിലാണ് കുവൈത്തിലെ പ്രവൃത്തി ദിനങ്ങൾ. പുതിയ നിയമം വരുന്നതിലൂടെ തൊഴിലാളികളുടെ ഉൽപ്പാദനക്ഷമത വർദ്ധിപ്പിക്കുവാനും, നിലവിലെ രൂക്ഷമായ ഗതാഗത പ്രശ്നത്തിന് ഒരു പരിധി വരെ പരിഹാരമാകുമെന്നുമാണ് അധികൃതർ പ്രതീക്ഷിക്കുന്നത്.
സർക്കുലർ പുറപ്പെടുവിച്ച് അഞ്ച് പ്രവൃത്തി ദിവസത്തിനുള്ളിൽ അവരുടെ വകുപ്പുകളിലൂടെ തിരഞ്ഞെടുത്ത സമയത്തെക്കുറിച്ച് അഡ്മിനിസ്ട്രേറ്റീവ് അഫയേഴ്സ് ഡിപ്പാർട്ട്മെന്റിനെ ജീവനക്കാർ അറിയിക്കണമെന്ന് മുൻസിപ്പൽ അധികൃതർ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല