സ്വന്തം ലേഖകൻ: കുവൈത്തില്‍ മുനിസിപാലിറ്റി ജോലികളില്‍ സ്വദേശിവല്‍ക്കരണം നടപ്പിലാക്കുമെന്ന അധികൃതരുടെ പ്രഖ്യാപനം നടപ്പാക്കിത്തുടങ്ങി. നിലവില്‍ മുനിസിപ്പാലിറ്റിയിലെ വിവിധ തസ്തികകളില്‍ ജോലി ചെയ്യുന്ന 132 പ്രവാസി ജീവനക്കാരെ പിരിച്ചു വിട്ടതായി മുനിസിപ്പല്‍ കാര്യ ഡയറക്ടര്‍ ജനറല്‍ അഹമദ് അല്‍ മന്‍ഫൂഹി അറിയിച്ചു. മുനിസിപ്പാലിറ്റി ജോലികളില്‍ സമ്പൂര്‍ണ സ്വദേശിവല്‍ക്കരണം നടപ്പാക്കുന്നതിന്റെ ആദ്യഘട്ടമായാണ് നടപടി.
മുനിസിപാലിറ്റി ജോലികളില്‍ നിന്ന് വിദേശികളെ ഒഴിവാക്കാനുള്ള തീരുമാനം കര്‍ശനമായി നടപ്പാക്കുമെന്നും നിലവിലുള്ള ജീവനക്കാരെ മൂന്നു ഘട്ടങ്ങളായി പിരിച്ചു വിടുമെന്നും കഴിഞ്ഞ ആഴ്ച മുന്‍സിപ്പല്‍ കാര്യമന്ത്രി ഡോ. റെന അല്‍ ഫാരിസ് വ്യക്തമാക്കിയിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് 132 പേരെ പിരിച്ചുവിട്ടുകൊണ്ടുള്ള മുനിസിപ്പല്‍ കാര്യ ഡയറക്ടര്‍ ജനറല്‍ അഹമദ് അല്‍ മന്‍ഫൂഹിയുടെ പ്രഖ്യാപനം.
സ്വദേശിവല്‍ക്കരണത്തിന്റെ ഭാഗമായുള്ള രണ്ടാം ഘട്ട പിരിച്ചുവിടല്‍ 2023 ഫെബ്രുവരി ഒന്നിനകം നടപ്പാക്കാനാണ് തീരുമാനം. രണ്ടാം ഘട്ടത്തില്‍ പ്രവാസി ജീവനക്കാരില്‍ ഇത്രയും പേര്‍ അഥവാ ആകെ പ്രവാസികളുടെ 33 ശതമാനം പേര്‍ ജോലികളില്‍ നിന്ന് ഒഴിവാക്കപ്പെടും. ബാക്കിയുള്ള 34 ശതമാനം പ്രവാസി ജീവനക്കാരെ അടുത്ത വര്‍ഷം ജൂലായ് ഒന്നിനു മുമ്പായി പിരിച്ചു വിടാനാണ് തീരുമാനം. കുവൈത്ത് സ്വദേശികളായ വനിതകളുടെ വിദേശ പൗരത്വമുള്ള മക്കള്‍, ബിദൂനികള്‍, ജിസിസി പൗരന്മാര്‍ എന്നിവരെ പിരിച്ചു വിടല്‍ നടപടിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
അതിനിടെ, നീതിന്യായ മന്ത്രാലയത്തിലും സ്വദേശിവല്‍ക്കരണത്തിന്റെ ഭാഗമായുള്ള പിരിച്ചുവിടല്‍ നടപടികള്‍ തുടങ്ങി. ഇതിന്റെ ആദ്യ പടിയായി 30 പ്രവാസി ജീവനക്കാരെ പിരിച്ചുവിടുന്നതിനുള്ള തീരുമാനം മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ഉമര്‍ അല്‍ ശര്‍ഖാവി പുറപ്പെടുവിച്ചു. ഇവര്‍ക്ക് പകരം കുവൈത്തി ജീവനക്കാരെ നിയമിക്കുന്നതിനുള്ള നടപടികള്‍ സിവില്‍ സര്‍വീസ് കമ്മീഷനുമായി ചേര്‍ന്ന് കൈക്കൊണ്ടതായും അദ്ദേഹം അറിയിച്ചു. നീതിന്യായ മന്ത്രാലയത്തില്‍ വിദേശികളെ ഒഴിവാക്കി പകരം സ്വദേശികള്‍ക്ക് അവസരം നല്‍കുമെന്ന് നീതിന്യായ വകുപ്പ് മന്ത്രി ജമാല്‍ അല്‍ ജലാവി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല