സ്വന്തം ലേഖകൻ: കുവൈത്ത് 62ാം ദേശീയദിനാഘോഷ നിറവിൽ. അധിനിവേശ മുക്ത കുവൈത്ത് 32 വർഷം പിന്നിട്ടതിന്റെ സ്മരണാർഥം ഇന്ന് വിമോചന ദിനമായും ആചരിക്കുന്നു. വാരാന്ത്യവും ദേശീയ–വിമോചന ദിനാഘോഷങ്ങളും ഒത്തുവന്നതോടെ ആഘോഷത്തിമർപ്പിലാണ് സ്വദേശികളും വിദേശികളും.
സർക്കാർ, സ്വകാര്യ കമ്പനികളുടെ നേതൃത്വത്തിൽ വിവിധ കേന്ദ്രങ്ങളിലായി നടക്കുന്ന വെടിക്കെട്ട്, ലേസർ ഷോ, ചരിത്ര പ്രദർശനം, പരേഡ് തുടങ്ങിയ ആഘോഷ പരിപാടികളിൽ വൻ ജനപങ്കാളിത്തമുണ്ട്. ബ്രിട്ടനിൽ നിന്നും സ്വാതന്ത്ര്യം നേടിയതിന്റെ വാർഷികമാണ് (ഫെബ്രുവരി 25) ദേശീയ ദിനമായി ആചരിക്കുന്നത്. ഇറാഖ് അധിനിവേശത്തിൽ നിന്നുള്ള മോചന ദിനമായി (ഫെബ്രുവരി 26) വിമോചന ദിനവും.
ബ്രിട്ടിഷ് അധീനതയിൽ നിന്ന് കുവൈത്തിന് സ്വാതന്ത്ര്യം ലഭിച്ചത് 1961 ജൂൺ 19നാണ്. ആദ്യ 2 വർഷം ദേശീയദിനം ജൂൺ 19നായിരുന്നു. കുവൈത്ത് സ്വതന്ത്രമാകുന്നതിന് പ്രധാന പങ്കുവഹിച്ച അന്നത്തെ ഭരണാധികാരി ഷെയ്ഖ് അബ്ദുല്ല അൽ സാലെം അൽ സബാഹിന്റെ കിരീടധാരണ തീയതിയുമായി ബന്ധപ്പെടുത്തി 1964ൽ ആണ് ദേശീയദിനാഘോഷം ഫെബ്രുവരി 24ലേക്ക് മാറ്റിയത്. മത്സ്യബന്ധനവും മുത്തു വാരലുമായി സമുദ്രസമ്പത്തിൽ നിന്നുള്ള വരുമാനത്തെ ആശ്രയിച്ചായിരുന്നു ആദ്യകാല ജീവിതം.
എണ്ണ കണ്ടുപിടിച്ചതോടെ രാജ്യത്തിന്റെ വികസനത്തിനു വേഗം കൂടി. ലോകത്ത് ഏറ്റവും മൂല്യമുള്ള കറൻസി കുവൈത്തിന്റേതാണ്.വികസനപാതയിൽ കുതിക്കുന്നതിനിടെയാണ് 1990ൽ കുവൈത്തിൽ ഇറാഖിന്റെ അധിനിവേശം. 7 മാസത്തോളം നീണ്ട അധിനിവേശത്തിൽ കുവൈത്തിനെ പതിറ്റാണ്ടുകൾ പുറകിലാക്കി സദ്ദാം ഹുസൈൻ. ഭരണാധികാരികളുടെ നിശ്ചയദാർഢ്യം കുവൈത്തിനെ മികച്ച അവസ്ഥയിലേക്ക് അതിവേഗം എത്തിച്ചു.
അമീർ ഷെയ്ഖ് നവാഫ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ്, പ്രധാനമന്ത്രി ഷെയ്ഖ് അഹ്മദ് നവാഫ് അൽ അഹ്മദ് അൽ സബാഹ്, കിരീടാവകാശി ഷെയ്ഖ് മിഷാൽ അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ് എന്നിവരുടെ നേതൃത്വത്തിൽ രാജ്യം ഉയരങ്ങളിലേക്കു കുതിക്കുകയാണ്.ഗൾഫ് മേഖലയിൽ പാർലമെന്ററി സംവിധാനത്തിന് മുൻതൂക്കമുള്ള രാജ്യമാണെങ്കിലും പാർലമെന്റും മന്ത്രിസഭയും ഏറ്റുമുട്ടുന്നതും മന്ത്രിസഭയുടെ രാജിയും പുനഃസ്ഥാപനവുമൊക്കെ പതിവു കാഴ്ചയാണ്.
പ്രധാനമന്ത്രി ഷെയ്ഖ് അഹ്മദ് നവാഫിന്റെ നേതൃത്വത്തിലുള്ള നിലവിലെ മന്ത്രിസഭയും ജനുവരിയിൽ രാജിവച്ചിരിക്കുകയാണ്. പുതിയ മന്ത്രിസഭ വരുന്നതുവരെ കാവൽ മന്ത്രിസഭയായി തുടരുന്നു. പോറ്റുനാടിന്റെ പിറന്നാൾ ആഘോഷത്തിൽ ഏറ്റവും വലിയ പ്രവാസി സമൂഹമായ ഇന്ത്യക്കാരും പങ്കെടുക്കുന്നുണ്ട്. മലയാളികളുടെ നേതൃത്വത്തിൽ ശിൽപശാല, സെമിനാർ, രക്തദാന ക്യാംപ് തുടങ്ങി ഒട്ടേറെ പരിപാടികളും നടത്തിവരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല