1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 25, 2022

സ്വന്തം ലേഖകൻ: കുവൈത്ത് ഇന്ന് 61ാം ദേശീയദിനം ആഘോഷിക്കും. ഇറാഖ് അധിനിവേശത്തിൽനിന്ന് മോചിതമായിട്ട് 31 വർഷമാകുന്ന നാളെ വിമോചന ദിനമായി ആചരിക്കും. കോവിഡിനെ തുടർന്ന് കഴിഞ്ഞ വർഷം ആഘോഷമില്ലാതെയാണ് ഈ ദിനങ്ങൾ കടന്നുപോയത്. എന്നാൽ മാനദണ്ഡങ്ങളിൽ ഇളവു വന്നതോടെ വിപുലമായ ആഘോഷമാണ് ഒരുക്കിയിരിക്കുന്നത്.

പൊതുമേഖലാ സ്ഥാപനങ്ങളിൽ ഇതിനകം തന്നെ ആഘോഷം തുടങ്ങി. ദേശീയ, വിമോചന ദിനങ്ങൾ പ്രമാണിച്ച് വാരാന്ത്യം ഉൾപ്പെടെ 9 ദിവസത്തെ അവധികൂടി പ്രഖ്യാപിച്ചതോടെ രാജ്യവും ജനങ്ങളും ആഘോഷത്തിമിർപ്പിൽ. കോവിഡ് പ്രതിസന്ധികളിൽനിന്ന് കരകയറി വന്ന രാജ്യത്ത് യാത്രാ നിയന്ത്രണം ഉൾപ്പെടെ ഒട്ടേറെ ഇളവുകൾ പ്രഖ്യാപിച്ചതോടെ ജനജീവിതം സാധാരണ നിലയിലായിത്തുടങ്ങി.

ബ്രിട്ടിഷ് അധീനതയിൽ നിന്ന് കുവൈത്തിന് സ്വാതന്ത്ര്യം ലഭിച്ചത് 1961 ജൂൺ 19നാണ്. ആദ്യ 2 വർഷം ദേശീയദിനം ജൂൺ 19നായിരുന്നു. കുവൈത്ത് സ്വതന്ത്രമാകുന്നതിന് പ്രധാന പങ്കുവഹിച്ച അന്നത്തെ ഭരണാധികാരി ഷെയ്ഖ് അബ്ദുല്ല അൽ സാലെം അൽ സബാഹിന്റെ കിരീടധാരണ തീയതിയുമായി ബന്ധപ്പെടുത്തി 1964ൽ ആണ് ദേശീയദിനാഘോഷം ഫെബ്രുവരി 25 ലേക്ക് മാറ്റിയത്. മത്സ്യബന്ധനവും മുത്തുവാരലുമായി സമുദ്രസമ്പത്തിൽനിന്നുള്ള വരുമാനത്തെ ആശ്രയിച്ചായിരുന്നു ആദ്യകാല ജീവിതം. എണ്ണ കണ്ടുപിടിച്ചതോടെ കുവൈത്തിന്റെ സമഗ്ര വളർച്ച വേഗത്തിലായി. ലോകത്ത് ഏറ്റവും മൂല്യമുള്ള കറൻസി കുവൈത്തിന്റേതാണ്.

വികസനപാതയിൽ അതിവേഗം കുതിക്കുന്നതിനിടെയാണ് 1990ൽ കുവൈത്തിൽ ഇറാഖിന്റെ അധിനിവേശം. 7 മാസം നീണ്ട അധിനിവേശത്തിൽ കുവൈത്തിനെ പതിറ്റാണ്ടുകൾ പിറകിലാക്കി സദ്ദാം ഹുസൈൻ. പിന്നീട് അധിനിവേശം കഴിഞ്ഞിട്ടും പുരോഗതിയുടെ പാതയിലേക്കുള്ള തിരിച്ചുവരവിന് വർഷങ്ങൾ എടുത്തു.ഭരണാധികാരികളുടെ നിശ്ചയദാർഢ്യം കുവൈത്തിനെ പഴയതിലും മികച്ച അവസ്ഥയിലേക്ക് അതിവേഗം എത്തിച്ചു. ആഗോളതലത്തിൽ എണ്ണവില കുതിച്ചുയർന്നതും ഇതിനു ആക്കം കൂട്ടി.

അമീർ ഷെയ്ഖ് നവാഫ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ്, പ്രധാനമന്ത്രി ഷെയ്ഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ സബാഹ്, കിരീടാവകാശി ഷെയ്ഖ് മിഷാൽ അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ് എന്നിവരുടെ നേതൃത്വത്തിൽ രാജ്യം വികസനത്തിന്റെ ഉയരങ്ങളിലേക്കു കുതിക്കുകയാണ്.ഗൾഫ് മേഖലയിൽ പാർലമെന്ററി സംവിധാനത്തിന് മുൻതൂക്കമുള്ള രാജ്യമാണ് കുവൈത്ത്. പാർലമെന്റും മന്ത്രിസഭയും ഏറ്റുമുട്ടുന്നതും ഇതുമായി ബന്ധപ്പെട്ട കോലാഹലങ്ങളും മന്ത്രിസഭയുടെ രാജിയും പുനഃസ്ഥാപനവുമൊക്കെ ഇവിടെ പതിവു കാഴ്ച.

ഏറ്റവും വലിയ പ്രവാസി സമൂഹമായ ഇന്ത്യക്കാരും പോറ്റുനാടിന്റെ പിറന്നാൾ ആഘോഷത്തിൽ സജീവമാണ്. രക്തദാന ക്യാംപ്, സെമിനാർ തുടങ്ങി ഒട്ടേറെ പരിപാടികളാണ് മലയാളികൾ അടക്കമുള്ളവർ ഒരുക്കിയിരിക്കുന്നത്. അതിനിടെ ദേശീയ ദിനാഘോഷങ്ങൾ അതിരു കവിയരുതെന്ന് ആഭ്യന്തര മന്ത്രാലയം. ഫോം സ്പ്രേ, വെള്ളം തുടങ്ങിയവ ജനങ്ങൾക്കോ വാഹനങ്ങൾക്കോ മീതെ സ്പ്രേ ചെയ്യുന്നവർക്കെതിരെ കർശന നടപടിയുണ്ടാകും.

റോഡിൽ വാഹനങ്ങളുമായി അഭ്യാസപ്രകടനം നടത്തുന്നവരെയും പിടികൂടും. ഗതാഗതം തടസ്സപ്പെടുത്തുക, വാഹനങ്ങളുടെ മുകളിലോ മുൻവശത്തോ ഇരിക്കുക, വാഹനങ്ങളുടെ ജനൽ വഴി കൈയും തലയും പുറത്തിടുക, നിരോധിത സ്ഥലങ്ങളിലോ ഭിന്നശേഷിക്കാർക്ക് സംവരണം ചെയ്ത സ്ഥലത്തോ പാർക്ക് ചെയ്യുക, അമിതവേഗത്തിൽ വാഹനമോടിക്കുക തുടങ്ങിയ നിയമലംഘനങ്ങൾ നടത്തുന്നവർക്കും കടുത്ത ശിക്ഷയുണ്ടാകും. അവധി ദിവസങ്ങളിലെ തിരക്കു നിയന്ത്രിക്കാൻ 8000 സുരക്ഷാ ഉദ്യോഗസ്ഥരെ അധികമായി നിയോഗിച്ചിട്ടുണ്ടെന്നും മന്ത്രാലയം അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.