സ്വന്തം ലേഖകൻ: കുവൈത്തിൽ ദേശീയ ദിനത്തോടനുബന്ധിച്ച് അഞ്ച് ദിവസത്തെ അവധി പ്രഖ്യാപിക്കാൻ സാധ്യത. ഫെബ്രുവരി 25 ചൊവ്വാഴ്ചയും 26 ബുധനാഴ്ചയും ദേശീയ ദിന, വിമോചന ദിന അവധി ദിവസങ്ങളാണ്. വ്യാഴാഴ്ച സർക്കാർ വിശ്രമ ദിനമായി പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതോടെ വെള്ളി, ശനി ദിവസങ്ങളിലെ വാരാന്ത്യ അവധി കൂടിച്ചേർന്ന് അഞ്ച് ദിവസത്തെ അവധി ലഭിക്കുമെന്നാണ് സൂചന.
ജനുവരി മാസം അവസാനം അമീർ ബയാൻ പാലസിൽ കൊടി ഉയർത്തുന്നതോടെയാണ് ദേശീയ ദിനാഘോഷത്തിന് തുടക്കമാകുന്നത്. തുടർന്ന്, എല്ലാ ഗവർണറേറ്റുകളിലും പരമ്പരാഗത രീതിയിലുള്ള ആഘോഷങ്ങൾ സംഘടിപ്പിക്കും. ‘ഹലാ ഫെബ്രുവരി’ എന്ന പേരിലാണ് ആഘോഷങ്ങൾ അറിയപ്പെടുന്നത്.
ഈ മാസം 21 മുതൽ മാർച്ച് 31 വരെ രാജ്യത്ത് ആദ്യമായി ‘യാ ഹാല’ ഷോപ്പിങ് ഫെസ്റ്റിവൽ നടക്കും. സെലിബ്രേഷൻ ഓഫ് നാഷനൽ ഹോളിഡേഴ്സ് ആൻഡ് ഒക്കേഷണൽ സ്റ്റാൻഡിങ് കമ്മിറ്റിയാണ് 70 ദിവസം നീണ്ടുനിൽക്കുന്ന ഈ ആഘോഷങ്ങൾ സംഘടിപ്പിക്കുന്നത്. തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള മാളുകൾ, റീട്ടെയിൽ സ്റ്റോറുകൾ, ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകൾ എന്നിവയിലൂടെ പത്ത് ദിനാറിന് പർച്ചേസ് ചെയ്താൽ ഒരു കൂപ്പൺ ലഭിക്കും.
120 ആഡംബര കാറുകൾ ഉൾപ്പെടെ മൊത്തം 8 മില്യൻ ഡോളറിലധികം സമ്മാനത്തുകയാണ് ഫെസ്റ്റിവലിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. 120 കാറുകൾക്ക് 10 നറുക്കെടുപ്പുകളാണ് ഉണ്ടാവുക. ഡ്രോൺ ഷോകൾ, വെടിക്കെട്ട് തുടങ്ങിയ വിവിധ പരിപാടികളും ഫെസ്റ്റിവലിനോടനുബന്ധിച്ച് സംഘടിപ്പിക്കും.
ചെറുകിട ബിസിനസുകളെ പിന്തുണയ്ക്കുക, പുതിയ സാമ്പത്തിക അവസരങ്ങൾ സൃഷ്ടിക്കുക, പൊതു-സ്വകാര്യ സഹകരണം വർധിപ്പിക്കുക തുടങ്ങിയവയാണ് ഫെസ്റ്റിവലിന്റെ ലക്ഷ്യങ്ങൾ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല