1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 18, 2023

സ്വന്തം ലേഖകൻ: വിദേശികള്‍ക്ക് പൗരത്വം നല്‍കുന്ന നിയമങ്ങളില്‍ കാതലായ പരിഷ്‌കരണങ്ങള്‍ കൊണ്ടുവരാന്‍ കുവൈത്ത് ഒരുങ്ങുന്നു. കുവൈത്ത് പുരുഷന്‍ വിവാഹമോചനം ചെയ്താല്‍ വിദേശി വനിതയ്ക്ക് കുവൈത്ത് പൗരത്വം നഷ്ടപ്പെടുമെന്നത് ഉള്‍പ്പെടെയുള്ള ഭേദഗതികളാണ് സര്‍ക്കാരിന്റെ പരിഗണനയിലുള്ളത്. വിവാഹ മോചിത യഥാര്‍ത്ഥ പൗരത്വത്തിലേക്ക് മടങ്ങണമെന്ന് വിദേശികള്‍ക്കുള്ള പൗരത്വ നിയമത്തിലെ ഭേദഗതി നിര്‍ദേശിക്കുന്നു.

ഇതു സംബന്ധിച്ച ഉന്നതസമിതികള്‍, ആഭ്യന്തര മന്ത്രാലയം, ഫത്‌വ (മതവിധി), നിയമനിര്‍മാണ വകുപ്പ് എന്നിവയുടെ വിശദമായ വിലയിരുത്തലുകള്‍ക്ക് ശേഷം നിയമഭേദഗതി വരാനിരിക്കുന്ന പാര്‍ലമെന്റ സെഷനില്‍ അംഗീകാരത്തിനായി അവതരിപ്പിക്കും. കുവൈത്ത് പുരുഷനും അതനുസരിച്ച് പൗരത്വം ലഭിച്ച വിദേശി ഭാര്യയും വിവാഹമോചനം ചെയ്താല്‍ പ്രവാസി സ്ത്രീയുടെ കുവൈത്ത് പൗരത്വം അസാധുവാകുമെന്ന് നിയമത്തില്‍ നിര്‍ദേശമുള്ളതായി ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ വിവാഹമോചിത യഥാര്‍ത്ഥ പൗരത്വത്തിലേക്ക് മടങ്ങാന്‍ നിര്‍ബന്ധിതരാകും.

പ്രവാസികളെ വിവാഹം കഴിച്ച കുവൈത്ത് വനിതകള്‍ക്ക് ജനിച്ച കുട്ടികള്‍ക്ക് പൗരത്വം നല്‍കുന്നത് നിര്‍ത്തിവയ്ക്കുന്നതാണ് മറ്റൊരു പ്രധാന ഭേദഗതി. കുവൈത്ത് പുരുഷന്മാരെ വിവാഹം കഴിച്ച കുവൈത്ത് ഇതര സ്ത്രീകളുടെ വൈവാഹിക ജീവിതം 18 വര്‍ഷം നീണ്ടുനില്‍ക്കുകയും അവര്‍ക്ക് കുട്ടികളുണ്ടാവുകയും ഇപ്പോഴും നിയമപപരമായി ഭാര്യയായി തുടരുകയും ചെയ്താല്‍ മാത്രമേ അവര്‍ക്ക് പൗരത്വം ലഭിക്കാന്‍ അര്‍ഹതയുള്ളൂ.

കുവൈത്തിയുമായുള്ള വിവാഹത്തിലൂടെ പൗരത്വം നേടിയ ശേഷം വിവാഹമോചനം നേടുകയും കുവൈത്തിന് പുറത്ത് താമസിക്കുകയും മറ്റൊരു വിവാഹത്തില്‍ ഏര്‍പ്പെടുകയും മുന്‍ കുവൈത്ത് പങ്കാളിയില്‍ മക്കള്‍ ജനിക്കാതിരിക്കുകയും ചെയ്താല്‍ വിദേശ പൗരന്മാരില്‍ നിന്ന് പൗരത്വം പിന്‍വലിക്കാന്‍ പുതുക്കിയ നിയമം വ്യവസ്ഥ ചെയ്യുന്നു. വാണിജ്യപരമായ നേട്ടങ്ങള്‍ക്കായി വ്യക്തികള്‍ ആര്‍ജിത പൗരത്വം പ്രയോജനപ്പെടുത്തുന്നത് ശ്രദ്ധയില്‍പെട്ടതിന്റെ കൂടി അടിസ്ഥാനത്തിലാണ് ഈ നീക്കമെന്ന് വിലയിരുത്തപ്പെടുന്നു.

വിദേശികളുടെ പൗരത്വം സംബന്ധിച്ച കാര്യങ്ങളില്‍ തീരുമാനമെടുക്കുന്നതിന് സുപ്രീം കമ്മിറ്റിയെ ശാക്തീകരിക്കുന്ന നിയമനിര്‍മാണം നടത്താനും തീരുമാനിച്ചിട്ടുണ്ട്. ആഭ്യന്തര, പ്രതിരോധ മന്ത്രാലയത്തിലെ അംഗങ്ങള്‍, മന്ത്രിമാരുടെ കൗണ്‍സില്‍ സെക്രട്ടറി ജനറലുമായി ചേര്‍ന്ന് രൂപീകരിച്ച ഈ കമ്മിറ്റി പൗരത്വം അനുവദിക്കല്‍, പൗരത്വം റദ്ദാക്കല്‍ എന്നീ കാര്യങ്ങളില്‍ മേല്‍നോട്ടം വഹിക്കുകയും പ്രത്യേക നേട്ടങ്ങള്‍ക്കായി പൗരത്വം ദുരുപയോഗം ചെയ്യുന്നത് പരിശോധിക്കുകയും ചെയ്യും.

വിവാഹ ആശ്രിതത്വത്തെ അടിസ്ഥാനമാക്കി പൗരത്വം നേടുകയും പിന്നീട് തക്കതായ കാരണമില്ലാതെ വിവാഹമോചനത്തിന് ഫയല്‍ ചെയ്യുകയും ചെയ്യുന്നവരെയാണ് നിയമം പ്രധാനമായും ലക്ഷ്യമിടുന്നത്. ഇങ്ങനെ വിവാഹമോചനത്തിന് കേസ് ഫയല്‍ ചെയ്യുന്ന സന്ദര്‍ഭങ്ങളില്‍ വേര്‍പിരിയലിന് കാരണമാവുന്ന തെളിവുകള്‍ ഹാജരാക്കാനുള്ള ചുമതല ഭര്‍ത്താവിനായിരിക്കും. ആര്‍ജിത പൗരത്വത്തിന് ഒരാള്‍ 15 വര്‍ഷത്തിലധികം കുവൈത്തില്‍ താമസിച്ചിരിക്കണം. ഇതോടൊപ്പം മറ്റുചില നിബന്ധനകളും പാലിക്കേണ്ടതുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.