![](https://www.nrimalayalee.com/wp-content/uploads/2021/09/Kuwait-NEET-Exam-Indian-Embassy.jpg)
സ്വന്തം ലേഖകൻ: ആദ്യമായി ഇന്ത്യക്ക് പുറത്ത് നീറ്റ് പരീക്ഷ നടന്ന കുവൈത്തിൽ പരാതികളില്ലാതെ പൂർത്തീകരിക്കാൻ കഴിഞ്ഞ ആഹ്ലാദത്തിലാണ് കുട്ടികളും രക്ഷിതാക്കളും. എല്ലാവിധ മുൻകരുതലുകളോടെയും ഇന്ത്യൻ എംബസിയിൽ ഒരുക്കിയ പരീക്ഷാ കേന്ദ്രത്തിൽ 300ൽ അധികം കുട്ടികളാണ് പരീക്ഷ എഴുതിയത്.
പരീക്ഷാ ഒരുക്കത്തിന്റെ ഭാഗമായി എംബസിയിലെ പൊതുസേവനം ഇന്നലെ നിർത്തിവച്ചിരുന്നു. കുവൈത്തിൽ തന്നെ പരീക്ഷ എഴുതാൻ ലഭിച്ച അവസരം പ്രയോജനപ്പെടുത്തി ഇന്ത്യൻ സ്കൂളുകളിൽ നിന്നുള്ള കുട്ടികൾ ആവേശ പൂർവമാണ് പങ്കെടുത്തത്. ഡിപ്ലോമാറ്റിക് കോൺക്ലേവിന്റെ പ്രധാന കവാടത്തിൽ വാഹനമിറങ്ങിയ കുട്ടികളെ പരീക്ഷാ കേന്ദ്രത്തിൽ എത്തിക്കാൻ എംബസി വാഹന സൗകര്യം ഏർപ്പെടുത്തിയിരുന്നു.
റജിസ്ട്രേഷനും മറ്റു നടപടികൾക്കുമായി എംബസി മുറ്റത്ത് എയർകണ്ടീഷൻ സംവിധാനത്തോടെ വിശാലമായ ടെന്റും ഒരുക്കി. കോൺക്ലേവിന്റെ പ്രധാന കവാടത്തിലും റജിസ്ട്രേഷൻ കൗണ്ടറിലും പരിശോധന നടത്തിയാണ് കുട്ടികളെ ഹാളിലേക്ക് കടത്തിവിട്ടത്. കുട്ടികൾക്ക് ഒപ്പമെത്തിയ രക്ഷിതാക്കൾക്ക് പ്രധാന കവാടത്തിനകത്തേക്ക് പ്രവേശനം അനുവദിച്ചില്ല.
ഒരു തരത്തിലുമുള്ള വീഴ്ച കൂടാതെ വിജയകരമായി പരീക്ഷ പൂർത്തിയാക്കാൻ കഴിഞ്ഞുവെന്ന് ഇന്ത്യൻ സ്ഥാനപതി സിബി ജോർജ് പ്രതികരിച്ചു. കോവിഡ് പശ്ചാത്തലത്തിലുള്ള എല്ലാ മുൻകരുതലുകളും നാഷനൽ ടെസ്റ്റിങ് ഏജൻസി (എൻടിഎ) മാർഗ നിർദേശങ്ങളും പാലിച്ചുകൊണ്ടാണ് പരീക്ഷ നടത്തിയത്.
ഏറെ നാളത്തെ ആവശ്യത്തെ തുടർന്ന് ലഭിച്ച കേന്ദ്രത്തിലെ പരീക്ഷാ നടത്തിപ്പ് പരാതികളില്ലാതെ പൂർത്തീകരിക്കുന്നതിന് എംബസിയുടെ ഭാഗത്ത് നിന്നും കൃത്യമായ ഒരുക്കങ്ങളാണ് നടത്തിയത്. ഒരു തരത്തിലുമുള്ള വീഴ്ച കൂടാതെ വിജയകരമായി പരീക്ഷ പൂർത്തിയാക്കാൻ കഴിഞ്ഞുവെന്ന് ഇന്ത്യൻ സ്ഥാനപതി സിബി ജോർജ് പ്രതികരിച്ചു. പരീക്ഷാകേന്ദ്രം അനുവദിച്ച് കിട്ടുന്നതിന് ഏറെ ശ്രമം നടത്തിയതും എംബസിയും സ്ഥാനപതി സിബി ജോർജുമാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല