സ്വന്തം ലേഖകന്‍: സ്വദേശിവല്‍ക്കരണത്തിന്റെ പാതയില്‍ നിയമ പരിഷ്‌ക്കാരങ്ങളുമായി കുവൈറ്റ്, കാല്‍ ലക്ഷത്തോളം പ്രവാസികളുടെ ഭാവി തുലാസില്‍. കഴിഞ്ഞ ദിവസം പാര്‍ലമെന്റില്‍ അവതരിപ്പിച്ച നിയമ ദേദഗതികള്‍ പ്രവാസികളെ പ്രതികൂലമായി ബാധിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രതിപക്ഷത്തിന്റെയും തദ്ദേശീയരുടെയും സമ്മര്‍ദ്ദത്തിനു വഴങ്ങി സര്‍ക്കാര്‍ പ്രവാസികള്‍ക്കെതിരായ നിയമനിര്‍മാണത്തിനും സ്വദേശിവല്‍ക്കരണത്തിനും മുന്നിട്ടിറങ്ങുന്നതായാണ് സൂചന.
കുവൈറ്റികള്‍ക്ക് കൂടുതല്‍ ആനുകൂല്യങ്ങള്‍ നല്‍കുന്ന നിയമ ദേദഗതികളാണ് പാര്‍ലമെന്റിനു മുന്നിലുള്ളത്. വിവിധ സര്‍ക്കാര്‍ ഒഴിവുകളില്‍ സ്വദേശികള്‍ക്ക് ഉടന്‍ തൊഴില്‍ നല്‍കാനാണ് സര്‍ക്കാര്‍ നീക്കം. ഇതില്‍ ഭൂരിപക്ഷവും സ്ത്രീകളായതിനാല്‍ ഈ മേഖലയില്‍ ആധിപത്യം പുലര്‍ത്തുന്ന മലയാളി യുവതികള്‍ക്ക് തീരുമാനം തിരിച്ചടിയാകും. നഴ്‌സിങ്, അധ്യാപക, പാരാമെഡിക്കല്‍ മേഖലകളിലെ മലയാളി ജീവനക്കാര്‍ക്ക് ഇതോടെ ജോലി നഷ്ടമാകും.
വെള്ളം, വൈദ്യുതി, ഭക്ഷണം, പെട്രോള്‍, പാചകവാതകം എന്നിവയ്ക്ക് പ്രവാസികള്‍ക്ക് നല്‍കുന്ന എല്ലാ സബ്‌സിഡികളും എടുത്തുകളയാനുള്ള ദേദഗതി പ്രവാസികളുടെ ജീവിത ചെലവ് കുത്തനെ ഉയര്‍ത്തും. പ്രവാസികളുടെ തൊഴില്‍ വിസ ഫീസ് നിരക്ക് പല മടങ്ങായി വര്‍ധിപ്പിക്കാനുള്ള നിയമമാണ് മറ്റൊന്ന്. ആരോഗ്യ സേവന നിരക്ക്, സന്ദര്‍ശക വിസ ഫീസ് എന്നിവയും കുത്തനെ ഉയര്‍ത്തുമെന്നാണ് റിപ്പോര്‍ട്ട്. ആരോഗ്യ ഇന്‍ഷുറന്‍സുള്ള പ്രവാസികള്‍ക്ക് സൗജന്യ നിരക്കില്‍ മരുന്നു നല്‍കുന്നതു നിര്‍ത്തുനും ശുപാര്‍ശയുണ്ട്.
പ്രവാസികള്‍ക്കൊപ്പം താമസിക്കുന്ന ആശ്രിതരുടെ വിസാ ഫീസ് അര ലക്ഷത്തോളം രൂപയായി ഉയര്‍ത്തും. സന്ദര്‍ശക വിസാ ഫീസിലും വര്‍ദ്ധനയുണ്ടായും. ചെറിയ ഗതാഗത നിയമ ലംഘനങ്ങള്‍ക്കും പോലും വന്‍ പിഴയാണ് ഇനി മുതല്‍ വിദേശികളില്‍നിന്നും ഈടാക്കുക. തൊഴിലുടമയെ മാറ്റിയാല്‍ പിഴ, വിസാ കാലാവധി കഴിഞ്ഞ് പുതിയ വിസ കിട്ടുംവരെ പ്രതിദിനം പിഴ എന്നിവയും പാര്‍ലമെന്റിന്റെ മുന്നിലുള്ള പുതിയ നിയമ ദേദഗതികളാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല