സ്വന്തം ലേഖകൻ: കുവൈത്തില്‍ സര്‍ക്കാര്‍ മേഖലയില്‍ മൂന്നു മാസത്തേക്ക് സമ്പൂര്‍ണ നിയമന നിരോധനം പ്രഖ്യാപിച്ചു. പുതിയ നിയമനങ്ങള്‍ക്കുള്ള വിലക്കിന് പുറമേ സ്ഥാനക്കയറ്റവും ഡെപ്യൂട്ടേഷനും താല്‍ക്കാലികമായി നിരോധിച്ചിട്ടുണ്ട്. കിരീടാവകാശി ഷെയ്ഖ് മിഷാല്‍ അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍സബാഹ് ഇതുസംബന്ധിച്ച് ഉത്തരവിറക്കി.
ഉത്തരവ് ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിക്കുകയും ഉടന്‍ പ്രാബല്യത്തില്‍ വരികയും ചെയ്തു. മൂന്ന് മാസത്തേക്കാണ് സാധുതയെങ്കിലും ആവശ്യമെങ്കില്‍ കൂടുതല്‍ കാലത്തേക്ക് ദീര്‍ഘിപ്പിക്കും. സര്‍ക്കാര്‍ ജോലികളിലെ എല്ലാത്തരം തസ്തികകളിലേക്കുള്ള പുതിയ നിയമനങ്ങളും മരവിപ്പിക്കാന്‍ ബുധനാഴ്ചയാണ് ഉത്തരവിറക്കിയത്. പൊതുതാല്‍പര്യം പരിഗണിച്ചാണിതെന്നും ഗസറ്റ് വിജ്ഞാപനത്തില്‍ വ്യക്തമാക്കുന്നു.
അടുത്ത മൂന്ന് മാസത്തേക്ക് ഏതെങ്കിലും നിയമനം നടത്തുന്നതിന് പ്രധാനമന്ത്രിയെയും എല്ലാ കാബിനറ്റ് മന്ത്രിമാരെയും സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ ചെയര്‍പേഴ്‌സണ്‍മാരെയും ഉത്തരവ് വിലക്കുന്നു. ആദ്യമായാണ് ഇത്തരമൊരു നിരോധനമെന്ന് കുവൈത്ത് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. പൊതുതാല്‍പര്യം പരിഗണിച്ചാണ് നിരോധനമെന്ന് വ്യക്തമാക്കുമ്പോഴും ഇതിന്റെ മറ്റു വിശദാംശങ്ങള്‍ വ്യക്തമാക്കിയിട്ടില്ല. സാമ്പത്തിക പ്രതിസന്ധി ശക്തമായതിനാല്‍ ധനമന്ത്രിമാര്‍ പലതവണ മാറുകയും സര്‍ക്കാര്‍ നയങ്ങളെ പാര്‍ലമെന്റ് അംഗങ്ങള്‍ വിമര്‍ശിക്കുകയും ചെയ്തിരുന്നു.
കുവൈത്ത് അമീറിന്റെ പ്രധാന അധികാരങ്ങളില്‍ ചിലത് കിരീടാവകാശിയെ ഏല്‍പ്പിച്ചുകൊണ്ട് രണ്ട് വര്‍ഷം മുമ്പ് പുറപ്പെടുവിച്ച അമീരി ഉത്തരവും കിരീടാവകാശി അംഗീകരിച്ചിട്ടുണ്ട്. തീരുമാനം ഭരണഘടനയ്ക്ക് അനുസൃതമാണെന്നും പൊതുജനങ്ങളെ സേവിക്കുകയെന്ന ലക്ഷ്യത്തോടെയാണെന്നും ഭരണഘടനാ വിദഗ്ധനും യൂണിവേഴ്സിറ്റി പ്രൊഫസറുമായ ഇബ്രാഹിം അല്‍ ഹമൂദ് എക്സില്‍ കുറിച്ചു. തനിക്ക് നല്‍കിയ അധികാരങ്ങള്‍ കിരീടാവകാശി അംഗീകരിച്ചതിനാല്‍ തീരുമാനത്തെ കുവൈത്ത് കോടതികളില്‍ ചോദ്യംചെയ്യാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തെ സര്‍ക്കാര്‍ മേഖലയില്‍ ഒരു ലക്ഷത്തോളം (23 ശതമാനം) പ്രവാസികള്‍ ജോലി ചെയ്യുന്നുണ്ടെന്നാണ് കണക്ക്. ഗള്‍ഫ് രാജ്യങ്ങളിലെ തന്നെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. സ്വദേശികള്‍ ഉള്‍പ്പെടെ ആകെ നാലര ലക്ഷത്തോളം പേര്‍ രാജ്യത്ത് സര്‍ക്കാര്‍ ജോലിക്കാരായുണ്ട്. സ്വകാര്യ മേഖലയില്‍ ഭാഗിക സ്വദേശിവത്കരണം നടപ്പാക്കുന്നതിനൊപ്പം സര്‍ക്കാര്‍ മേഖല സമ്പൂര്‍ണമായി സ്വദേശിവത്കരിക്കുകയാണ് നയം. സ്വകാര്യ മേഖലയില്‍ മഹാഭൂരിപക്ഷും വിദേശികളാണ്. രാജ്യത്തെ ആകെ ജനസംഖ്യയില്‍ 70 ശതമാനം വിദേശികളാണെന്നും ഈ അനുപാതം കുറച്ചുകൊണ്ടുവരണമെന്നുമുള്ള ആവശ്യം ശക്തമാണ്. 46 ലക്ഷം ജനങ്ങളില്‍ 34 ലക്ഷമാണ് വിദേശികള്‍.
സര്‍ക്കാര്‍ മേഖലയില്‍ നിന്ന് സ്വകാര്യ മേഖലയിലേക്ക് വിദേശികള്‍ വീസ മാറ്റുന്നതിന് ഏര്‍പ്പെടുത്തിയ നിരോധനത്തില്‍ രണ്ടു ദിവസം മുമ്പ് കുവൈത്ത് പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍ ചില വിഭാഗങ്ങള്‍ക്ക് ഇളവ് വരുത്തിയിരുന്നു. മൂന്ന് വിഭാഗങ്ങള്‍ക്കാണ് ഇളവ്. സ്വദേശികളെ വിവാഹം കഴിച്ച വിദേശികളും അവരുടെ കുട്ടികളും, രേഖകള്‍ കൈവശമുള്ള പലസ്തീന്‍ പൗരന്മാര്‍ക്കും 60 വയസ്സിന് താഴെ പ്രായമുള്ള യൂനിവേഴ്‌സിറ്റി ബിരുദധാരികളായ വിദേശികള്‍ക്കുമാണ് വ്യവസ്ഥകള്‍ക്ക് വിധേയമായി ഇളവ് ലഭിക്കുക.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല