സ്വന്തം ലേഖകൻ: കുവൈത്തിൽ പരിഷ്കരിച്ച താമസ കുടിയേറ്റ നിയമം പ്രാബല്യത്തിലായി. 6 പതിറ്റാണ്ട് പഴക്കമുള്ള നിയമമാണ് ഭേദഗതി ചെയ്തത്. നിയമലംഘകർക്ക് 600 ദിനാർ മുതൽ 2000 ദിനാർ വരെ പിഴ ഉൾപ്പെടെ കടുത്ത ശിക്ഷയാണ് പുതിയ നിയമത്തിൽ നിഷ്കർഷിക്കുന്നത്.
സന്ദർശക വീസ കാലാവധിക്കുശേഷം കുവൈത്തിൽ തങ്ങുന്നവർ ദിവസമൊന്നിന് 10 ദിനാർ വീതം പിഴ നൽകണം. ഈയിനത്തിൽ പരമാവധി 2000 ദിനാർ ഈടാക്കും. നേരത്തെ ഇത് 600 ദിനാറായിരുന്നു. റസിഡൻസ് വീസ കാലാവധി കഴിഞ്ഞവരിൽനിന്ന് ആദ്യമാസം ദിവസേന 2 ദിനാർ വീതവും പിന്നീടുള്ള മാസങ്ങളിൽ ദിവസേന 4 ദിനാർ വീതവുമാണ് ഈടാക്കുക.
ഈ വിഭാഗക്കാരിൽ നിന്ന് ഈടാക്കുന്ന പരമാവധി തുക 1200 ദിനാർ ആണ്. ഗാർഹിക തൊഴിൽ വീസ നിയമം ലംഘിക്കുന്നവർ ദിവസേന 2 ദിനാർ പിഴ അടയ്ക്കണം. പരമാവധി 600 ദിനാറും. റസിഡൻസ് വീസ റദ്ദാക്കിയ ശേഷവും രാജ്യം വിടാത്തവർക്ക് ആദ്യമാസം പ്രതിദിനം 2 ദിനാർ വീതവും തുടർന്നുള്ള മാസങ്ങളിൽ 4 ദിനാർ വീതവും ഈടാക്കും. പരമാവധി 1200 ദിനാറായിരിക്കും പിഴ.
കുവൈത്തിൽ ജനിക്കുന്ന കുഞ്ഞുങ്ങളുടെ റജിസ്ട്രേഷൻ 4 മാസത്തെ സാവകാശത്തിന് ശേഷവും വൈകിച്ചാൽ ആദ്യ മാസത്തേക്കു 2 ദിനാറും പിന്നീടുളള മാസങ്ങളിൽ 4 ദിനാറും പരമാവധി 2000 ദിനാറും ഈടാക്കുമെന്നും അധികൃതർ വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല