സ്വന്തം ലേഖകൻ: അഞ്ച് പതിറ്റാണ്ട് പഴക്കമുള്ള ഗതാഗത നിയമം കുവൈത്ത് ഭേദഗതി ചെയ്തു. ഗുരുതര നിയമലംഘനങ്ങൾക്ക് അഞ്ച് വർഷം വരെ തടവും 3000 ദിനാർ പിഴയും ലഭിക്കും. ആഭ്യന്തര മന്ത്രാലയമാണ് പുതിയ ഉത്തരവ് പുറപ്പെടുവിച്ചത്. നമ്പർ 5/2025 പ്രകാരമുള്ള ഉത്തരവ് ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ച് മൂന്ന് മാസത്തിന് ശേഷം പ്രാബല്യത്തിൽ വരും.
പുതിയ നിയമപ്രകാരം ഗുരുതര ലംഘനങ്ങൾക്ക് കോടതിയിൽ കേസ് നേരിടേണ്ടിവരും. പ്രധാനമായും ആർട്ടിക്കിൾ 6, 8, 14, 22, 24, 33, 34, 35, 36, 38 എന്നിവയാണ് വാഹനമോടിക്കുന്നവരെ സംബന്ധിച്ചുള്ളത്. ഇതിൽ ആർട്ടിക്കിൾ 38 പ്രകാരമുള്ള ലംഘനങ്ങളാണ് കൂടുതൽ ശിക്ഷാർഹമായിട്ടുള്ളത്.
മദ്യപിച്ചോ ലഹപിമരുന്ന് ഉപയോഗിച്ചോ വാഹനമോടിച്ച് അപകടമുണ്ടാക്കി മരണം സംഭവിച്ചാൽ രണ്ട് മുതൽ അഞ്ച് വർഷം വരെ തടവ് ശിക്ഷയും 2000 മുതൽ 5000 ദിനാർ വരെ പിഴയും ലഭിക്കും. ഇത്തരക്കാർ ഉണ്ടാക്കുന്ന അപകടത്തിന് മൂന്ന് വർഷം വരെ തടവും 2000 മുതൽ 3000 ദിനാർ വരെ പിഴയും ലഭിക്കും. ലഹരി ഉപയോഗിച്ച് വാഹനമോടിച്ചാൽ ഒന്ന് മുതൽ രണ്ട് വർഷം വരെ തടവ് ശിക്ഷയോ 1000 മുതൽ 3000 ദിനാർ വരെ പിഴയോ ലഭിക്കും.
മറ്റ് ചില ലംഘനങ്ങൾക്കുള്ള ശിക്ഷകൾ:
അശ്രദ്ധമായി വാഹനമോടിച്ച് അപകടമുണ്ടാക്കിയാൽ ഒരു വർഷം തടവ്.
ലൈസൻസ് ഇല്ലാതെ വാഹനമോടിച്ചാൽ മൂന്ന് മാസം തടവും 150 മുതൽ 300 ദിനാർ വരെ പിഴയും.
വാഹനമോടിക്കുമ്പോൾ പൊതുധാർമികത ലംഘിക്കുന്ന തരത്തിലുള്ള പ്രവർത്തനങ്ങൾക്ക് മൂന്ന് മാസം തടവും 150 ദിനാർ പിഴയും.
അപകടമുണ്ടായാൽ ഓടി ഒളിച്ചാൽ മൂന്ന് മാസം തടവും 150 ദിനാർ പിഴയും.
ബ്രേക്ക് ഇല്ലാതെ വാഹനം ഓടിച്ചാൽ രണ്ട് മാസം തടവും 200 ദിനാർ പിഴയും.
കാൽനടയാത്രക്കാരുടെ ഇടവഴിയിൽ വാഹനം ഓടിച്ചാൽ ഒരു മാസം തടവും 100 ദിനാർ പിഴയും.
ചുവപ്പ് സിഗ്നൽ മറികടക്കുന്നത്, അമിതവേഗത, എതിർദിശയിൽ വാഹനം ഓടിക്കുന്നത്, വ്യാജ നമ്പർ പ്ലേറ്റ് ഉപയോഗിക്കുന്നത് തുടങ്ങിയ ലംഘനങ്ങൾക്ക് ഒന്ന് മുതൽ മൂന്ന് വർഷം വരെ തടവ് ശിക്ഷയോ 600 മുതൽ 1000 ദിനാർ വരെ പിഴയോ ലഭിക്കും.
മുൻസീറ്റിൽ പത്ത് വയസ്സിന് താഴെയുള്ള കുട്ടികളെ ഇരുത്തുന്നത്, ലൈസൻസ് ഇല്ലാത്ത ആൾക്ക് വാഹനം ഓടിക്കാൻ നൽകുന്നത്, വാഹനത്തിന്റെ വലിപ്പത്തിൽ മാറ്റം വരുത്തുന്നത് തുടങ്ങിയ ലംഘനങ്ങൾക്ക് രണ്ട് മാസം തടവും 100 മുതൽ 200 ദിനാർ വരെ പിഴയും ലഭിക്കും.
സീറ്റ് ബെൽറ്റ് ധരിക്കാതിരിക്കൽ, അപകടകരമാം വിധം മറ്റ് വാഹനങ്ങളെ മറികടക്കുന്നത് തുടങ്ങിയ ലംഘനങ്ങൾക്ക് ഒരു മാസം വരെ തടവും 50 മുതൽ 100 ദിനാർ വരെ പിഴയും ലഭിക്കും.
ഗതാഗത തടസ്സം സൃഷ്ടിക്കുന്നത്, വാഹനം ഓടിക്കുമ്പോൾ ആവശ്യമായ ലൈറ്റുകൾ പ്രവർത്തിപ്പിക്കാതിരിക്കുന്നത് തുടങ്ങിയ ലംഘനങ്ങൾക്ക് 45 മുതൽ 75 ദിനാർ വരെ പിഴ ലഭിക്കും.
പുതുതായി ലൈസൻസ് എടുക്കുന്നവർ ആദ്യ വർഷം രണ്ട് ലംഘനങ്ങൾ നടത്തിയാൽ ലൈസൻസ് റദ്ദാക്കും. കഴിഞ്ഞ വർഷം അവസാനം മന്ത്രിസഭ ആഭ്യന്തര മന്ത്രാലയം നൽകിയ ഭേദഗതിക്ക് അംഗീകാരം നൽകിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല