
സ്വന്തം ലേഖകൻ: രാജ്യത്ത് ആരോഗ്യ കേന്ദ്രങ്ങളുടെ എണ്ണം വർധിപ്പിക്കാനും രോഗികളുടെ കാത്തിരിപ്പ് സമയം കുറക്കാനും ആരോഗ്യ മന്ത്രാലയം തീരുമാനം. ജനങ്ങൾക്ക് മെച്ചപ്പെട്ട ചികിത്സാസൗകര്യം നൽകാനും പുതിയ ക്ലിനിക്കുകൾ തുറക്കുന്നതോടെ സാധിക്കുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ആശുപത്രികളിലും ക്ലിനിക്കുകളിലും അനുഭവപ്പെടുന്ന തിരക്ക് കുറക്കുകയാണ് പ്രധാന ലക്ഷ്യം. നിലവിൽ പലയിടങ്ങളിലും രോഗികളുടെ വലിയ തിരക്ക് അനുഭവപ്പെടുന്നുണ്ട്. ജനറൽ മെഡിസിൻ, യൂറോളജി, ഗൈനക്കോളജി, ഡെന്റൽ, സൈക്കോളജി, ഇ.എൻ.ടി, പീഡിയാട്രിക് തുടങ്ങിയ വിഭാഗങ്ങളിൽ പ്രത്യേക ക്ലിനിക്കുകൾ ആരംഭിക്കും. ഇതോടെ രോഗികളുടെ എണ്ണം നിയന്ത്രിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ.
പ്രൈമറി ഹെൽത്ത് സെന്ററുകളിൽ രോഗനിർണയത്തിനും ചികിത്സക്കും അത്യാധുനിക സാങ്കേതിക സംവിധാനങ്ങളും ഒരുക്കും. ആരോഗ്യ മേഖലയുടെ ഗുണനിലവാരം ഉയർത്തുന്നതിനായി സമ്പൂർണ ഡിജിറ്റൽവത്കരണം, ആരോഗ്യ ജീവനക്കാരുടെ പ്രകടനം മെച്ചപ്പെടുത്തൽ തുടങ്ങിയ നിരവധി പദ്ധതികൾ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ നടപ്പിലാക്കിയിരുന്നു. ആശുപത്രി ജീവനക്കാരുമായി നിരന്തര ചർച്ചയും അധികൃതർ നടത്തിയിരുന്നു.
ആശുപത്രികളിൽ ഡോക്ടർമാരുടെയും ജീവനക്കാരുടെയും എണ്ണത്തിലുണ്ടായ കുറവ് നികത്താനും ആവശ്യമായ നടപടികൾ സ്വീകരിക്കും. പ്രവാസികളുടെ ചികിത്സ പൂർണമായും ഹെൽത്ത് ഇൻഷുറൻസ് ഹോസ്പിറ്റൽസ് കമ്പനിയിലേക്ക് (ധമാൻ) മാറ്റുന്നതിനുള്ള ശ്രമങ്ങളും നടന്നുവരുകയാണ്. ഈ വർഷം അവസാനത്തോടെ ധമാൻ തുറക്കുമെന്ന് പ്രതീക്ഷിക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല