സ്വന്തം ലേഖകൻ: റെസിഡന്‍സി നിയമത്തില്‍ സുപ്രധാന മാറ്റങ്ങള്‍ വരുത്തിക്കൊണ്ടുള്ള കുവൈത്തിലെ പുതിയ നിയമഭേദഗതി പ്രകാരം, പ്രവാസികളുടെ വീസ ഫീസ് അവരുടെ ശമ്പളത്തിനും ജോലിക്കും ആനുപാതികമാക്കി മാറ്റാന്‍ ആലോചന. ഇതുമായി ബന്ധപ്പെട്ട് കാര്യങ്ങള്‍ ആലോചിക്കുന്നതിനും അതിന് അനുസൃതമായ മാറ്റങ്ങള്‍ വരുത്തുന്നതിനും പുതിയ ഒരു കമ്മിറ്റിക്ക് രൂപം നല്‍കും. പുതിയ നിയമത്തിലെ ആര്‍ട്ടിക്കിള്‍ 17 പ്രകാരമാണ് ഈ തീരുമാനം.
പുതിയ വിദേശ റെസിഡന്‍സി നിയമഭേദഗതിയുമായി ബന്ധപ്പെട്ട് ആഭ്യന്തര മന്ത്രാലയത്തിലെ റെസിഡന്‍സി ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് അഫയേഴ്‌സ് അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി മേജര്‍ ജനറല്‍ അലി അല്‍ അദ് വാനി പ്രാദേശിക മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. രാജ്യത്തിലെ നിലവിലെ നിയമം ആറ് ദശാബ്ദത്തിലേറെയായി രാജ്യത്ത് നിലവിലുള്ളതാണെന്നും അതില്‍ കാര്യമായ ഭേദഗതികളൊന്നും അതിനു ശേഷം ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. അതുകൊണ്ടു തന്നെ പുതിയ സംഭവവികാസങ്ങള്‍ക്കും മാറുന്ന കാലത്തിനും അനുസൃതമായി പുതിയ വിദേശ താമസ നിയമം കൊണ്ടുവരേണ്ടത് അനിവാര്യമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
പുതിയ നിയമപ്രകാരം, റെസിഡന്‍സി വീസ, വീസ പുതുക്കല്‍, എന്‍ട്രി വീസ എന്നിവയുമായി ബന്ധപ്പെട്ട എല്ലാ ഫീസുകളും പുനപ്പരിശോധിക്കും. പ്രഥമ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശെയ്ഖ് ഫഹദ് യൂസഫ് സൗദ് അല്‍ സബാഹിന്റെ നിര്‍ദ്ദേശപ്രകാരമാണ് വീസ ഫീസുകളില്‍ കാലോചിതമായ മാറ്റങ്ങള്‍ വരുത്തുന്നതെന്നും അദ്ദേഹം അറിയിച്ചു. ജോലിക്കും ശമ്പളത്തിനും അനുസൃതമായ വീസ ഫീസ് സമ്പ്രദായം നടപ്പിലാക്കുന്നതിനെ കുറിച്ചുള്ള കാര്യങ്ങള്‍ പഠിക്കുന്നതിനുള്ള വിദഗ്ധ കമ്മിറ്റി താമസിയാതെ നിലവില്‍ വരും.
കഴിഞ്ഞ മാര്‍ച്ച് മാസത്തില്‍ ഫാമിലി വീസിറ്റ് വീസ നിലവില്‍ വന്നതിന് ശേഷം വ്യക്തികളെയും അവരുടെ സ്പോണ്‍സര്‍മാരെയും നാടുകടത്തിയ നാല് കേസുകള്‍ ഒഴികെ, കാര്യമായ നിയമലംഘനങ്ങളൊന്നും ഉണ്ടായിട്ടില്ലെന്ന് മേജര്‍ ജനറല്‍ അല്‍ അദ് വാനി വിശദീകരിച്ചു. ഫാമിലി വീസയുടെ കാലാവധി മൂന്ന് മാസത്തേക്ക് നീട്ടിയിട്ടുണ്ട്.
എന്നാല്‍ അതിനനുസരിച്ച് വീസ ഫീസിസും മാറ്റങ്ങള്‍ ഉണ്ടാകുമെന്നും ഇക്കാര്യത്തില്‍ ഇക്കാര്യത്തില്‍ തീരുമാനം എടുക്കാന്‍ ബന്ധപ്പെട്ട മന്ത്രിക്ക് അധികാരമുണ്ടായിരിക്കുമെന്നും പുതിയ നിയമം വ്യക്തമാക്കി. ഒരു കുവൈത്ത് പൗരന്‍ ചില രാജ്യങ്ങളില്‍ പ്രവേശിക്കുന്നതിന് എഴുപതും എണ്‍പതും കുവൈത്ത് ദിനാര്‍ കൊടുക്കുന്നത് യുക്തിരഹിതമാണെന്ന് അദ്ദേഹം പറഞ്ഞു. കുവൈത്തില്‍ പ്രവേശിക്കുമ്പോള്‍ ആ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് യാതൊരു ഫീസും നല്‍കേണ്ടതില്ല എന്നിരിക്കെ ഇത് അന്യായമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പ്രവാസികളുടെ റിക്രൂട്ട്മെന്റുമായി ബന്ധപ്പെട്ട് തട്ടിപ്പുകള്‍ നടത്തുന്നവര്‍ക്ക് കടുത്ത ശിക്ഷയാണ് നിയമം ചുമത്തുന്നതെന്ന് മേജര്‍ ജനറല്‍ അല്‍ അദ് വാനി വിശദീകരിച്ചു. സാമ്പത്തിക തുകകള്‍ക്കോ ആനുകൂല്യങ്ങള്‍ക്കോ പകരമായി റിക്രൂട്ട്മെന്റ് ചൂഷണം ചെയ്യുകയോ എന്‍ട്രി വീസകള്‍, റസിഡന്‍സ് പെര്‍മിറ്റുകള്‍, അല്ലെങ്കില്‍ അവയുടെ പുതുക്കലുകള്‍ എന്നിവയിലൂടെ വീസ വ്യാപാരത്തില്‍ ഏര്‍പ്പെടുന്നത് ഇത് കര്‍ശനമായി തടയുന്നു.
ഇല്ലാത്ത തൊഴില്‍ അവസരങ്ങളുടെ പേരില്‍ റിക്രൂട്ട്മെന്റോ പുതുക്കലോ നടത്തുന്നതും നിയമം തടയുന്നു. വിദേശികള്‍ക്ക് അവരുടെ യഥാര്‍ത്ഥ റിക്രൂട്ട്മെന്റ് ഒഴികെയുള്ള ജോലികള്‍ ചെയ്യാന്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രത്യേക ലൈസന്‍സ് വേണം. സര്‍ക്കാര്‍ തൊഴിലുടമയുടെയോ യോഗ്യതയുള്ള അധികാരികളുടെയോ അനുമതിയില്ലാതെ പ്രവാസികള്‍ മറ്റുള്ളവര്‍ക്ക് വേണ്ടി ജോലി ചെയ്യുന്നതും നിയമം വിലക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല