സ്വന്തം ലേഖകൻ: ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ടവര്‍ നിര്‍മ്മിക്കാനുള്ള പദ്ധതിയുമായി കുവൈത്ത് ഭരണകൂടം. നിലവിലെ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ദുബായിലെ ബുര്‍ജ് ഖലീഫയേക്കാള്‍ ഉയരത്തിലായിരിക്കും ബുര്‍ജ് മുബാറക് അല്‍ കബീര്‍ എന്ന പേരില്‍ പുതിയ ടവര്‍ നിര്‍മിക്കുക.
പുതിയ നഗര നിര്‍മാണ പദ്ധതിയുടെ ഭാഗമായി നിര്‍മിക്കുന്ന അംബരചുംബിയായ കെട്ടിടത്തിന് 1001 മീറ്റര്‍ ഉയരമുണ്ടായിരിക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്. അല്‍ ലയാലി വലൈല എന്ന പേരില്‍ പ്രസിദ്ധമായി ആയിരത്തൊന്ന് രാവുകള്‍ എന്ന അറേബ്യന്‍ നാടോടി കഥകളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് 1001 മീറ്റര്‍ ഉയരത്തില്‍ പുതിയ ടവര്‍ നിര്‍മിക്കാന്‍ കുവൈത്ത് ഒരുങ്ങുന്നത്.
സ്പാനിഷ് വാസ്തുശില്പിയായ സാന്റിയാഗോ കാലട്രാവയാണ് ബുര്‍ജ് മുബാറക്ക് അല്‍ കബീര്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഏകദേശം 25 വര്‍ഷത്തിനുള്ളില്‍ കെട്ടിട നിര്‍മാണം പൂര്‍ത്തിയാക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്. അറേബ്യന്‍ ബിസിനസ്സ് റിപ്പോര്‍ട്ട് പ്രകാരം, മണിക്കൂറില്‍ 241.402 കിലോമീറ്റര്‍ വേഗതയില്‍ വീശുന്ന കാറ്റിനെ പ്രതിരോധിക്കാനുള്ള ശേഷിയോടെയായിരിക്കും കെട്ടിടത്തിന്റെ നിര്‍മാണം.
250 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ളതാണ് പുതുതായി രൂപകല്‍പ്പന ചെയ്തിരിക്കുന്ന സില്‍ക്ക് സിറ്റി പ്രോജക്റ്റ്. നാല് വ്യത്യസ്ത ക്വാര്‍ട്ടേഴ്‌സുകളിലായി ഏകദേശം 700,000 ആളുകളെ ഉള്‍ക്കൊള്ളാന്‍ ഈ പുതിയ നഗരത്തിന് കഴിയും. ഇവിടെ 430,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്നും അധികൃതര്‍ കണക്കുകൂട്ടുന്നു. പ്രധാനമായും എണ്ണ കയറ്റുമതിയെ ആശ്രയിച്ച് മുന്നോട്ടുപോകുന്ന രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ വൈവിധ്യവത്കരിക്കുകയെന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് പുതിയ നഗര നിര്‍മാണം ആസൂത്രണം ചെയ്തിരിക്കുന്നത്.
അതേസമയം, ദുബായിലെ ബുര്‍ജ് ഖലീഫയുടെ ഇരട്ടിയിലധികം ഉയരത്തില്‍ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ടവര്‍ നിര്‍മ്മിക്കാന്‍ സൗദി അറേബ്യ പദ്ധതിയിടുന്നതായി നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഏകദേശം 5 ബില്യണ്‍ ഡോളര്‍ ചിലവില്‍ റിയാദില്‍ നിര്‍മിക്കാനിരിക്കുന്ന കെട്ടിടത്തിന് രണ്ട് കിലോമീറ്ററിലേറെ ഉയരമാണ് കണക്കാക്കപ്പെടുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല