സ്വന്തം ലേഖകൻ: കുവൈത്തിലെ പ്രവാസികളെ മയക്കു മരുന്ന് പരിശോധനയ്ക്ക് വിധേയമാക്കാനുള്ള നീക്കവുമായി അധികൃതര്‍. ഇതിനായുള്ള പദ്ധതിക്ക് മന്ത്രിതല സമിതിയുടെ അംഗീകാരം ലഭിച്ചതായാണ് റിപ്പോര്‍ട്ട്. രാജ്യത്ത് മയക്കുമരുന്ന് വ്യാപനം ചെറുക്കാനും അതിന്റെ ഉപയോഗം പരിമിതപ്പെടുത്താനും അതിന്റെ ഉറവിടങ്ങള്‍ തടയാനുമായി പ്രവര്‍ത്തിക്കുന്ന സമിതിസമര്‍പ്പിച്ച നിര്‍ദ്ദേശങ്ങളുടെ ഭാഗമായാണ് നടപടി.
പദ്ധതി നടപ്പിലാക്കാന്‍ ആഭ്യന്തര മന്ത്രാലയവും ആരോഗ്യ മന്ത്രാലയവും സംയുക്തമായി പ്രവര്‍ത്തിക്കുന്നതായി അല്‍ സിയാസ ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു. വിവിധ ഗവര്‍ണറേറ്റുകളിലെ റസിഡന്‍സ് അഫയേഴ്സ് ഡിപ്പാര്‍ട്ട്മെന്റുകളുമായി ഈ കേന്ദ്രങ്ങളെ ഇലക്ട്രോണിക് രീതിയില്‍ ബന്ധിപ്പിക്കുമെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.
പുതിയ പദ്ധതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട പ്രായോഗിക പ്രശ്‌നങ്ങളെ കുറിച്ചുള്ള പഠനം പുരോഗമിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട ഗവേഷണങ്ങളും ചര്‍ച്ചകളും പൂര്‍ത്തിയാക്കിയ ഉടന്‍ പദ്ധതി നിലവില്‍ വരും. ആഭ്യന്തര മന്ത്രാലയം പൗരന്മാര്‍ക്കും പ്രവാസികള്‍ക്കുമായി നടപ്പിലാക്കുന്ന ബയോമെട്രിക് വിവര ശേഖരണം പൂര്‍ത്തിയാകുന്ന മുറയ്ക്കാവും മയക്കു മരുന്ന് പരിശോധന ആരംഭിക്കുക.
രാജ്യത്തെ സ്വദേശികളും പ്രവാസികളുമായ യുവാക്കളില്‍ വലിയ തോതില്‍ മയക്കുമരുന്നിന്റെ ഉപയോഗം വ്യാപിച്ചതായി നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് പുതിയ തീരുമാനമെന്നാണ് റിപ്പോര്‍ട്ട്.
കുട്ടികളെ ഒഴിവാക്കി മുതിര്‍ന്ന പ്രവാസികള്‍ക്കു മാത്രമായിരിക്കും മയക്കു മരുന്ന് പരിശോധന നടത്തുക. ഇവര്‍ മയക്കു മരുന്നുകള്‍ ഉപയോഗിക്കുന്നില്ല എന്ന് ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് നടപടി. മയക്കു മരുന്ന് വിരുദ്ധ സമിതിയിലെ സുരക്ഷാ വിദഗ്ധരും ആരോഗ്യ ഉദ്യോഗസ്ഥരും അടങ്ങുന്ന സംഘമാണ് ഇതുമായി ബന്ധപ്പെട്ട നിര്‍ദ്ദേശം സര്‍ക്കാരിന് മുമ്പില്‍ സമര്‍പ്പിച്ചത്. പദ്ധതിക്ക് മന്ത്രിതല സമിതിയില്‍ നിന്ന് പ്രാഥമിക അംഗീകാരം ലഭിച്ചതായും പത്രം റിപ്പോര്‍ട്ട് ചെയ്തു.
ഇതിന്റെ മുന്നോടിയായി ക്രിമിനല്‍ എവിഡന്‍സ് ഡിപ്പാര്‍ട്ട്മെന്റുമായി ഏകോപിപ്പിച്ച് മയക്കു മരുന്ന് പരിശോധനകള്‍ നടത്തുന്നതിനുള്ള സംവിധാനങ്ങള്‍ അടങ്ങിയ പ്രത്യേക പരിശോധനാ കേന്ദ്രങ്ങള്‍ സ്ഥാപിക്കാനും പദ്ധതിയുണ്ട്. ഇവിടങ്ങളില്‍ സ്‌പെഷ്യലൈസ്ഡ് മെഡിക്കല്‍, സെക്യൂരിറ്റി ജീവനക്കാരെ നിയമിക്കും.
പ്രവാസികളുടെ ബയോമെട്രിക് വിവരങ്ങള്‍ ശേഖരിക്കുന്നതിനുള്ള പ്രത്യേക സെന്ററുകള്‍ക്ക് സമാനമായി മയക്കു മരുന്ന് പരിശോധനയ്ക്കും പ്രത്യേക കേന്ദ്രങ്ങള്‍ സ്ഥാപിക്കാനുള്ള സാധ്യതയാണ് ആഭ്യന്തര മന്ത്രാലയവും ആരോഗ്യ മന്ത്രാലയവും പരിശോധിക്കുന്നത്.
നിലവില്‍ കുവൈത്തില്‍ താമസിക്കുന്നവരാണെങ്കില്‍ റെസിഡന്‍സി പെര്‍മിറ്റ് പുതുക്കുന്ന സമയത്ത് മയക്കു മരുന്ന് പരിശോധനയ്ക്ക് വിധേയമാക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. വീസ പുതുക്കുന്നതിനുള്ള മറ്റ് രേഖകള്‍ക്കും നടപടിക്രമങ്ങള്‍ക്കുമൊപ്പം മയക്കു മരുന്ന് ഉപയോഗിക്കുന്ന ആളല്ലെന്ന സര്‍ട്ടിഫിക്കറ്റും ഹാജരാക്കേണ്ടിവരും.
പരിശോധനയില്‍ പരാജയപ്പെടുകയും മയക്കുമരുന്ന് കഴിച്ചതായി കണ്ടെത്തുകയും ചെയ്യുന്ന പ്രവാസിയുടെ വീസ പുതുക്കി നല്‍കില്ലെന്നും അവരെ കുവൈത്തില്‍ നിന്ന് നാട്ടിലേക്ക് തിരികെ അയക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. ഇക്കാര്യത്തില്‍ ആര്‍ക്കും ഒരു തരത്തിലുമുള്ള വിട്ടുവീഴ്ചയും അനുവദിക്കില്ലെന്ന നിലപാടിലാണ് അധികൃതര്‍. പരിശോധനയില്‍ പോസിറ്റീവാണെന്ന് കണ്ടെത്തുന്നവര്‍ക്ക് രണ്ടാമതൊരു അവസരം നല്‍കില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല