![](https://www.nrimalayalee.com/wp-content/uploads/2021/10/Kuwait-Winter-Vaccination-Registration-.jpg)
സ്വന്തം ലേഖകൻ: കുവൈത്തിൽ വാക്സിൻ എടുക്കാത്ത അധ്യാപകർക്കും 16 വയസ്സിനു മുകളിലുള്ള വിദ്യാർഥികൾക്കും പിസിആർ ടെസ്റ്റ് വേണമെന്ന നിബന്ധന റദ്ദാക്കി. കോവിഡ് വ്യാപനം ഗണ്യമായി കുറഞ്ഞ പശ്ചാത്തലത്തിലാണ് ഇളവ്.
ഏപ്രിലോടെ മുഴുവൻ വിദ്യാർഥികളെയും സ്കൂളിൽ എത്തിക്കാനുള്ള നടപടി വേഗത്തിലാക്കിയതായി വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. ഇതിന്റെ ഭാഗമായി കിന്റർഗാർട്ടൻ, പ്രൈമറി, ഇന്റർമീഡിയറ്റ്, സെക്കൻഡറി വിഭാഗത്തിലെ സ്കൂളുകൾ ശുചീകരണ, അണുവിമുക്തമാക്കുന്ന ജോലി പൂർത്തിയാക്കി വരികയാണ്.
അതിനിടെ അഞ്ചു മുതല്‍ പതിനൊന്ന് വയസ്സുവരെയുള്ള കുട്ടികളുടെ വാക്സിന് വിതരണം പുരോഗമിക്കുന്നു. ഒരു മാസത്തിനിടെ കാല് ലക്ഷം കുട്ടികള്‍ക്ക് വാക്സിന് നല്‍കിയതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ഫെബ്രുവരി മൂന്ന് മുതലാണ് കുട്ടികള്‍ക്ക് കോവിഡ് പ്രതിരോധ കുത്തിവെപ്പ് നല്കിത്തുടങ്ങിയത്. ഇതുവരെ 25000ല്‍ പരം കുട്ടികള്‍ വാക്സിന് സ്വീകരിച്ചതായാണ് കണക്ക്.
ഈ പ്രായവിഭാഗത്തില്‍ രാജ്യത്തെ മൊത്തം കുട്ടികളുടെ ആറ് ശതമാനം ആദ്യ ഡോസ് സ്വീകരിച്ചു. സിവില്‍ ഇന്‍ഫര്‍മേഷന്‍ അതോറിറ്റിയുടെ കണക്കുകള്‍ പ്രകാരം ഈ പ്രായവിഭാഗത്തില്‍ 430000 കുട്ടികള്‍ ആണ് രാജ്യത്തുള്ളത്. വിദേശികള്‍ ഉള്‍പ്പെടെയുള്ള കണക്കാണിത്.
മിശ്രിഫ് ഫെയര്‍ ഗ്രൗണ്ടിലെ പ്രധാന കുത്തിവെപ്പ് കേന്ദ്രത്തിലും രാജ്യത്തെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും കുട്ടികള്‍ക്കുള്ള വാക്സിന് ലഭ്യമാണ്. മുതിര്‍ന്നവര്‍ക്ക് നല്‍കുന്നതിന്റെ മൂന്നില്‍ ഒന്ന് എന്ന അളവില്‍ ഫൈസര്‍ വാക്സിനാണ് കുട്ടികളില്‍ കുത്തിവെക്കുന്നത്. ആദ്യഡോസ് എടുത്തു രണ്ടു മാസം പൂര്‍ത്തിയായാലാണ് സെക്കന്‍ഡ് ഡോസ് നല്‍കുകയെന്നും അധികൃതര്‍ വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല