സ്വന്തം ലേഖകന്‍: ദുബായില്‍ കഴിഞ്ഞ മാസം നടത്തിയ നഴ്‌സിങ് നിയമന പരീക്ഷയുമായി ബന്ധമില്ലെന്ന് കുവൈത്ത് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ദുബായിലെ പരീക്ഷയെക്കുറിച്ച് കേട്ടറിവ് മാത്രമേയുള്ളൂവെന്ന് മന്ത്രാലയം അസി. അണ്ടര്‍ സെക്രട്ടറി ജമാല്‍ അല്‍ ഹര്‍ബി അറിയിച്ചു.
പരീക്ഷ നടത്തിയകാര്യം ആരോഗ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ വേണ്ട നടപടി സ്വീകരിക്കും. കഴിഞ്ഞ ഏപ്രിലില്‍ ഇന്ത്യന്‍ സര്‍ക്കാര്‍ നല്‍കിയ നിര്‍ദേശപ്രകാരമേ നഴ്‌സ് റിക്രൂട്ട്‌മെന്റുകള്‍ ഉണ്ടാകൂവെന്നും അദ്ദേഹം വ്യക്തമാക്കി.
മൂന്നു ദിവസം ദിവസം മുമ്പ് ഇന്ത്യയും കുവൈത്തും തമ്മില്‍ നഴ്‌സിങ് നിയമനം പൂര്‍ണമായും സര്‍ക്കാര്‍ ഏജന്‍സികള്‍ വഴിയാക്കി കരാര്‍ ഒപ്പുവച്ചിരുന്നു. ഇത് പൂര്‍ണമായും പാലിക്കും. ആരോഗ്യ മന്ത്രാലയം അധികൃതര്‍ ഡിസംബര്‍ പകുതിയോടെ കേരളത്തിലെത്തി സംസ്ഥാനത്തെ ഏജന്‍സികളുമായി ചര്‍ച്ച നടത്തും.
നഴ്‌സിങ് ജോലി തട്ടിപ്പുവീരന്‍ ഉതുപ്പ് വര്‍ഗീസിന്റെ നേതൃത്വത്തിലായിരുന്നു കഴിഞ്ഞ മാസം ദുബായില്‍ പരീക്ഷ നടന്നത്. നാട്ടില്‍നിന്നും കുവൈത്തില്‍നിന്നുമായി വിസിറ്റിങ് വിസകളിലെത്തിയ 1200 നഴ്‌സുമാര്‍ പരീക്ഷയെഴുതി. ആരോഗ്യ മന്ത്രാലയത്തിന്റെ അറിവോടെയല്ല ഈ പരീക്ഷയെന്നു വ്യക്തമായതോടെ ഇവരുടെ ജോലിയുടെ കാര്യത്തില്‍ അവ്യക്തത തുടരുകയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല