സ്വന്തം ലേഖകന്‍: കുവൈത്ത് നഴ്‌സ് റിക്രൂട്‌മെന്റ് ഇനി ഒഡെപെക്, നോര്‍ക്ക വഴി മാത്രം, ഇന്ത്യയും കുവൈത്തും കരാര്‍ ഒപ്പിട്ടു. ഇന്ത്യയില്‍നിന്നുള്ള നഴ്‌സ് റിക്രൂട്‌മെന്റ് സര്‍ക്കാര്‍ ഏജന്‍സികള്‍ വഴി മാത്രമായിരിക്കണമെന്ന കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് കരാര്‍.
ഇനി മുതല്‍ കുവൈത്തിലേക്കു കേരളത്തിലെ ഒഡെപെക്, നോര്‍ക്ക റൂട്‌സ് എന്നീ ഏജന്‍സികള്‍ വഴി മാത്രമേ ഇനി പോകാന്‍ സാധിക്കൂ. കുവൈത്ത് ആരോഗ്യമന്ത്രാലയത്തിലേക്കു മാത്രമല്ല, സ്വകാര്യ ആശുപത്രികളിലേക്കു നടത്തുന്ന നിയമനങ്ങള്‍ക്കും പുതിയ വ്യവസ്ഥ ബാധകമായിരിക്കും. ആവശ്യമുള്ള നഴ്‌സുമാരുടെ എണ്ണം അറിയിച്ചു കേന്ദ്ര സര്‍ക്കാരിന്റെ ഇമൈഗ്രേറ്റ് സംവിധാനത്തില്‍ കുവൈത്ത് റജിസ്റ്റര്‍ ചെയ്യണമെന്നു നോര്‍ക്ക സെക്രട്ടറി റാണി ജോര്‍ജ് പറഞ്ഞു.
ഏതു റിക്രൂട്ടിങ് ഏജന്‍സി വേണമെന്നു തൊഴിലുടമയ്ക്കു തീരുമാനിക്കാം. വിദേശ ജോലിതേടുന്ന നഴ്‌സുമാര്‍ക്ക് റജിസ്റ്റര്‍ ചെയ്യാനായി നോര്‍ക്ക പ്രത്യേക ഡേറ്റാ ബേസ് ആരംഭിക്കുന്നുണ്ടെന്നും റാണി ജോര്‍ജ് അറിയിച്ചു.
പുതിയ കരാര്‍ പ്രകാരം നിയമന ഏജന്‍സിക്കു സര്‍വീസ് ചാര്‍ജ് ആയി 20,000 രൂപ ഉദ്യോഗാര്‍ഥി നല്‍കണം. സ്വകാര്യ ഏജന്‍സികള്‍ അനധികൃതമായി 20 ലക്ഷത്തിലേറെ രൂപ വരെ ഈടാക്കുന്നുവെന്നു പരാതി ഉയര്‍ന്ന സാഹചര്യത്തിലാണു നിയമനങ്ങള്‍ സര്‍ക്കാര്‍ ഏജന്‍സികള്‍ വഴി മാത്രമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല