![](https://www.nrimalayalee.com/wp-content/uploads/2021/01/Kuwait-Kuwaitization-Psychological-Social-Worker.jpg)
സ്വന്തം ലേഖകൻ: കോവിഡ് കേസുകള്‍ ഉയരുകയും കൂടുതല്‍ ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിക്കുകയും ചെയ്ത സാഹചര്യത്തില്‍ ആരോഗ്യ രംഗത്ത് പ്രവര്‍ത്തിക്കുന്ന മുഴുവന്‍ ജീവനക്കാരുടെയും വാര്‍ഷികാവധി മരവിപ്പിച്ച് കുവൈത്ത് ആരോഗ്യ മന്ത്രാലയം. പ്രത്യേക വിജ്ഞാപനത്തിലൂടെ ആരോഗ്യ മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ഡോ. മുസ്തഫ റിദ ആണ് രാജ്യത്തെ മുഴുവന്‍ ആരോഗ്യ പ്രവര്‍ത്തകരുടെയും വാര്‍ഷികാവധി മരവിപ്പിച്ചത്. ജനുവരി 31 വരെ ആര്‍ക്കും അവധി നല്‍കേണ്ടെന്നാണ് മന്ത്രാലയത്തിന്റെ തീരുമാനം.
നേരത്തേ അടച്ചു പൂട്ടിയിരുന്ന കൊവിഡ് വാര്‍ഡുകളും തീവ്രപരിചരണ യൂണിറ്റുകളും പുതിയ സാഹചര്യത്തില്‍ വീണ്ടും തുറന്നു പ്രവര്‍ത്തിപ്പിക്കും. ഇതിനായുള്ള പദ്ധതി തയ്യാറാക്കിയതായി ആരോഗ്യ മന്ത്രാലയം വക്താവ് ഡോ. അബ്ദുല്ല അല്‍ സനദ് അറിയിച്ചു. നിലവില്‍ അപകടകരമായ സാഹചര്യം രാജ്യത്ത് ഇല്ലെങ്കിലും രോഗ വ്യാപന ഭീതി നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായുള്ള സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമായാണ് നടപടിയെന്നും അദ്ദേഹം അറിയിച്ചു.
അതിനിടെ, ബൂസ്റ്റര്‍ ഡോസ് എടുക്കാത്ത കുവൈത്ത് പൗരന്‍മാരെ രാജ്യത്തിന് പുറത്തേക്ക് യാത്ര ചെയ്യാന്‍ അനുവദിക്കില്ലെന്ന് സിവില്‍ ഏവിയേഷന്‍ വകുപ്പ് അധികൃതര്‍ അറിയിച്ചു. രണ്ട് ഡോസ് വാക്‌സിന്‍ എടുത്ത് ഒന്‍പത് മാസം കഴിഞ്ഞവര്‍ക്കാണ് ഇത് ബാധകമാവുക. ഒന്‍പത് മാസം കഴിഞ്ഞും ബൂസ്റ്റര്‍ ഡോസ് എടുക്കാത്തവരെ ഇമ്മ്യൂണ്‍ സ്റ്റാറ്റസ് ഇല്ലാത്തവരായി പരിഗണിക്കുമെന്ന മന്ത്രി സഭാ യോഗത്തിന്റെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് കുവൈത്ത് സിവില്‍ ഏവിയേഷന്‍ വകുപ്പ് ഇത്തരമൊരു വ്യവസ്ഥയുമായി രംഗത്തെത്തിയരിക്കുന്നത്. ജനുവരി രണ്ടു മുതല്‍ നിയന്ത്രണം പ്രാബല്യത്തില്‍ വരുമെന്നും അധികൃതര്‍ അറിയിച്ചു.
അതിനിടെ, രാജ്യത്ത് കോവിഡ് കേസുകള്‍ കൂടി വരുന്നതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ ദിവസം യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്ന് മടങ്ങിയെത്തിയ 12 കുവൈത്ത് പൗരന്മാരില്‍ ഒമിക്രോണ്‍ വകഭേദം കണ്ടെത്തിയിരുന്നു. ഇതോടെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഒമിക്രോണ്‍ കേസുകള്‍ 13 ആയി. അതോടൊപ്പം പ്രതിദിന കോവിഡ് കേസുകളുടെ എണ്ണത്തിലും വര്‍ധനവുണ്ടായി. ബുധനാഴ്ച 143 പേര്‍ക്കാണ് പുതുതായി കോവിഡ് ബാധ സ്ഥിരീകരിച്ചത്. പ്രതിദിന കേസുകളുടെ എണ്ണം 100 കടക്കുന്നത് മൂന്നു മാസത്തിന് ശേഷം ആദ്യമായാണ്. നിലവില്‍ 769 ആക്റ്റീവ് കേസുകളില്‍ 18 പേര്‍ കോവിഡ് വാര്‍ഡുകളിലും ആറു പേര്‍ തീവ്ര പരിചരണ വിഭാഗത്തിലും ചികിത്സയിലാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല