![](https://www.nrimalayalee.com/wp-content/uploads/2021/10/Kuwait-Winter-Vaccination-Registration-.jpg)
സ്വന്തം ലേഖകൻ: കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ രാജ്യത്ത് എത്തുന്നില്ലെന്ന് ഉറപ്പ് വരുത്താന്‍ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എല്ലാ മുന്‍കരുതല്‍ നടപടികളും സ്വീകരിച്ചതായി അധികൃതര്‍ വ്യക്തമാക്കി. ഇതിന്റെ ഭാഗമായി ശക്തമായ പരിശോധനയാണ് എയര്‍പോര്‍ട്ടില്‍ ഒരുക്കിയിരിക്കുന്നത്. രാജ്യത്ത് വീണ്ടും കോവിഡ് വ്യാപനം ഉണ്ടാകുന്നതു തടയാന്‍ എല്ലാ മുന്‍കരുതലുകള്‍ നടപടികളും സ്വീകരിക്കണമെന്ന മന്ത്രിതല സമിതിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് നടപടി.
വിവിധ രാജ്യങ്ങളില്‍ ഒമിക്രോണ്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍ കുവൈത്തില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തുകയോ പൂര്‍ണമായ രീതിയില്‍ യാത്രാവിലക്ക് ഏര്‍പ്പെടുത്തുകയോ ചെയ്യാന്‍ നിലവില്‍ ആലോചനയില്ലെന്ന് അഹ്മദി ഹെല്‍ത്ത് ഡിസ്ട്രിക്ട് ഡയറക്ടര്‍ ഡോ. അഹ്മദ് അല്‍ ശാത്തി അറിയിച്ചു. രാജ്യത്തെ നിലവിലെ പ്രതിരോധ സംവിധാനങ്ങള്‍ കുറ്റമറ്റതാണ്. അതേസമയം, ജനങ്ങള്‍ ആരോഗ്യ മന്ത്രാലയം നിര്‍ദ്ദേശിച്ചിട്ടുള്ള കോവിഡ് പെരുമാറ്റച്ചട്ടങ്ങള്‍ കൃത്യമായി പാലിക്കണം.
വിമാനത്താവളത്തില്‍ എന്ന പോലെ രാജ്യത്തെ തുറമുഖങ്ങളിലും കര അതിര്‍ത്തികളിലും ശക്തമായ ജാഗ്രത പാലിക്കേണ്ടതുണ്ടെന്നും അദ്ദേഹം അറിയിച്ചു. നിലവില്‍ ഒമിക്രോണ്‍ വ്യാപനം കണ്ടെത്തിയ ഒന്‍പത് ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് കുവൈത്ത് വിലക്ക് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമിക്രോണ്‍ സാന്നിധ്യം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് രാജ്യത്തേക്ക് സന്ദര്‍ശക വിസയും ടൂറിസ്റ്റ് വിസയും അനുവദിക്കുന്നത് താത്ക്കാലികമായി നിര്‍ത്തിവയ്ക്കുന്ന കാര്യം ആലോചിക്കുന്നുണ്ടെന്ന് ആഭ്യന്തര മന്ത്രാലയം അധികൃതര്‍ അറിയിച്ചു.
ഒമിക്രോണ്‍ വ്യാപനം തടയാന്‍ അതിര്‍ത്തികള്‍ അടച്ചിടുന്നത് പ്രയോജനം ചെയ്യില്ലെന്നാണ് ലോകാരോഗ്യ സംഘടനയുടെ നിലപാടെന്നും കുവൈത്ത് പോലുള്ള വാക്സിനേഷന്‍ ശതമാനം 80നു മുകളിലുള്ള രാജ്യങ്ങളില്‍ മറ്റ് പ്രതിരോധ നടപടികളാണ് ഉചിതമെന്നും ആരോഗ്യ മന്ത്രാലയം ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.
ഒമിക്രോണ്‍ വകഭേദം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍ രാജ്യത്ത് ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കാനെത്തുന്നവരുടെ എണ്ണം വലിയ തോതില്‍ വര്‍ധിച്ചതായും ആരോഗ്യ മന്ത്രാലയം ഉദ്യോഗസ്ഥന്‍ അറിയിച്ചു. നിരവധി സ്വദേശികളും പ്രവാസികളും കഴിഞ്ഞ ഏതാനും ദിവസങ്ങളില്‍ ഇതിനായി മുന്നോട്ടുവരികയുണ്ടായി. മൂന്നാം ഡോസ് വ്യാപകമാവുന്നതോടെ ഒമിക്രോണിനെതിരായ സാമൂഹിക പ്രതിരോധത്തെ അത് ശക്തിപ്പെടുത്തും.
പുതിയ സാഹചര്യത്തില്‍, രണ്ടാം ഡോസ് എടുത്ത് മൂന്നു മാസം പൂര്‍ത്തിയാകുന്നവര്‍ക്ക് ബൂസ്റ്റര്‍ ഡോസ് വിതരണം ചെയ്യാന്‍ ആലോചിക്കുന്നതായും അധികൃതര്‍ അറിയിച്ചു. നിലവില്‍ ആറു മാസമാണ് ബൂസ്റ്റര്‍ ഡോസിന് മുമ്പുള്ള ഇടവേളയായി നിശ്ചയിച്ചിരിക്കുന്നത്. വിട്ടുമാറാത്ത രോഗങ്ങളുള്ളവര്‍, പ്രതിരോധ ശേഷി കുറഞ്ഞവര്‍, വയോജനങ്ങള്‍ തുടങ്ങിയ മുന്‍ഗണനാ വിഭാഗങ്ങളില്‍ ഇത് ആദ്യം നടപ്പിലാക്കാനാണ് ആലോചിക്കുന്നതെന്നും ആരോഗ്യ വകുപ്പ് വ്യക്തമാക്കി.
നിലവില്‍ രാജ്യത്ത് കോവിഡ് വ്യാപനത്തിന്റെ തോത് നാമമാത്രമാണെന്നും ആരോഗ്യ സ്ഥാപനങ്ങളില്‍ അതിന്റെ സമ്മര്‍ദ്ദമില്ലെന്നും അധികൃതര്‍ അറിയിച്ചു. മിക്ക ആശുപത്രികളിലും നിലവില്‍ കോവിഡ് രോഗികളില്ല. ഏതാനും ദിവസങ്ങളായി കോവിഡ് മരണങ്ങളും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നില്ല.
അതേസമയം, ഒമിക്രോണ്‍ വകഭേദത്തിന്റെ വരവ് വലിയ വെല്ലുവിളിയാണ് സൃഷ്ടിച്ചിരിക്കുന്നത്. ഇക്കാര്യം ഡിസംബര്‍ മാസം നിര്‍ണായകമാണ്. നിലവില്‍ രാജ്യത്ത് പ്രവേശിക്കുന്ന മുഴുവന്‍ ആളുകള്‍ക്കും പിസിആര്‍ ടെസ്റ്റ് നിര്‍ബന്ധമാണെന്നും അധികൃതര്‍ വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല