![](https://www.nrimalayalee.com/wp-content/uploads/2021/11/Kuwait-Illegal-Residents-Entry-Ban.jpg)
സ്വന്തം ലേഖകൻ: പുതിയ കൊറോണവൈറസ് വകഭേദമായ ഒമിക്രോണ്‍ ഭീതിയില്‍ കുവൈത്ത്. മുന്‍കരുതല്‍ നടപടികള്‍ കൈക്കൊള്ളുന്നതിന്റെ ഭാഗമായി നിലവില്‍ ആരും രാജ്യം വിടരുതെന്ന് പൗരന്മാരോടും പ്രവാസികളോടും നിര്‍ദേശിച്ചതായി പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു.
രാജ്യത്ത് ഒമിക്രോണ്‍ കണ്ടെത്തിയിട്ടില്ലെന്നും ഒമ്പത് ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള വിമാനങ്ങള്‍ താത്ക്കാലികമായി നിര്‍ത്തിവെച്ചതായും കുവൈത്ത് അധികൃതര്‍ അറിയിച്ചു. രോഗവ്യാപനത്തിന്റെയും ഹോട്ട്‌സ്‌പോട്ടുകളുടെ തോത് സംബന്ധിച്ച് ഒമിക്രോണുമായി ബന്ധപ്പെട്ട സംഭവവികാസങ്ങള്‍ ഇപ്പോഴും അവ്യക്തമാണെന്ന് അല്‍ അന്‍ബ പത്രം റിപ്പോര്‍ട്ട് ചെയ്തു.
ഒമിക്രോണ്‍ വകഭേദത്തിന്റെ വ്യാപനത്തെ ആശ്രയിച്ച് പ്രാദേശിക- വിദേശ തലത്തില്‍ മുന്‍കരുതല്‍ നടപടികള്‍ എടുക്കുന്നുണ്ട്. വിദേശ യാത്ര ഒഴിവാക്കുന്നത് പുതിയ വകഭേദത്തില്‍ നിന്ന് രക്ഷനേടാന്‍ സഹായിക്കുമെന്ന് കുവൈത്തി വിദേശകാര്യ മന്ത്രാലയം നിര്‍ദേശിച്ചു. അതേസമയം, രാജ്യത്ത് നിന്ന് യാത്ര ചെയ്യുന്നവര്‍ ആരോഗ്യ മുന്‍കരുതല്‍ നടപടികള്‍ കര്‍ശനമായും പാലിക്കണമെന്ന് മന്ത്രാലയം അറിയിച്ചു.
അതേസമയം, ഒമിക്രോണ്‍ വ്യാപനത്തെ തുടര്‍ന്ന്, കുവൈത്ത് വിമാനത്താവളത്തില്‍ കര്‍ശന നിര്‍ദേശങ്ങള്‍. കുവൈത്തിലേക്ക് എത്തുന്ന യാത്രക്കാരില്‍ ആണ് നിരീക്ഷണം ശക്തമാക്കിയിരിക്കുന്നത്. വിവിധ രാജ്യങ്ങളില്‍ വൈറസിന്റെ പുതിയ വകഭേദം വന്ന സാഹചര്യത്തിലാണ് നിരീക്ഷണം ശക്തമാക്കിയിരിക്കുന്നത്.
കുവൈത്ത് വിമാനത്താളത്തില്‍ എത്തുന്നവരുടെ ശരീര താപനില പരിശോധിക്കുന്നുണ്ട്. വിമാനത്താവളത്തില്‍ പിസിആര്‍ പരിശോധന നടത്തുന്നുണ്ട്. കുവൈത്ത് വിമാനത്താവളത്തില്‍ എത്തുന്നവര്‍ക്ക് 72 മണിക്കൂറിനുള്ളില്‍ പിസിആര്‍ പരിശോധന നടത്തിയതിന്റെ നെഗറ്റിവ് സര്‍ട്ടിഫിക്കറ്റി കൈയില്‍ കരുതണം. അംഗീകൃത വാക്‌സിന്‍ സ്വീകരിച്ചവര്‍ക്കും കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കൈവശം ഉള്ളവര്‍ക്ക് മാത്രമാണ് രാജ്യത്തേക്ക് പ്രവേശന അനുമതി നല്‍കിയിരിക്കുന്നത്.
ക്വാറന്റൈന്‍ വ്യവസ്ഥകളില്‍ തല്‍ക്കാലം മാറ്റം വരുത്തിയിട്ടില്ല. ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റീന്‍ ഉള്‍പ്പെടെ നടപടികളിലേക്ക് ആവശ്യമെങ്കില്‍ മാത്രം പ്രവേശിക്കും. പുതിയ വൈറസിനെ കുറിച്ച് പഠിക്കുകയാണ്. പുതിയ വൈറസ് വകഭേദം കണ്ടെത്താന്‍ പിസിആര്‍ പരിശോധനയിലൂടെ സാധിക്കും എന്നാണ് ഇപ്പോഴത്തെ പഠനം പറയുന്നത്. ഇതിന്റ അടിസ്ഥാനത്തിലാണ് തല്‍ക്കാലം നിലവിലെ ക്വാറന്റീന്‍ വ്യവസ്ഥ തുടരാന്‍ തീരുമാനിച്ചിരിക്കുന്നത്.
വൈറസ് വ്യാപിക്കുകയാണെങ്കില്‍ നിലവില്‍ തുടരുന്ന രീതി എല്ലാം മാറ്റും. ഇപ്പോള്‍ ഒമ്പത് ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ആണ് കുവൈത്തിലേക്ക് യാത്ര നിരേധനം ഏര്‍പ്പെടുത്തിരിക്കുന്നത്. ദക്ഷിണാഫ്രിക്ക, നമീബിയ, ബൊട്‌സ്വാന, സിംബാബ്വെ, മൊസാംബീക്, ലെസോതോ, എസ്വതനി, സാംബിയ, മലാവി എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് ഇപ്പോള്‍ വിലക്ക് ഏര്‍പ്പെടുത്തിരിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല