സ്വന്തം ലേഖകൻ: കുവൈത്ത് അംഗീകാരം നൽകിയിട്ടുള്ള വാക്സീനുകൾ ഫൈസർ, അസ്ട്രാസെനക, മൊഡേണ, ജോൺസൺ ആൻഡ് ജോൺസൺ എന്നിവയാണെന്ന് സിവിൽ ഏവിയേഷൻ ഡയറക്ടറേറ്റ്. സ്വദേശികൾ, അവരുടെ അടുത്ത ബന്ധുക്കൾ (ഭാര്യ/ഭർത്താവ്, മക്കൾ) എന്നിവർ അംഗീകൃത വാക്സീൻ സ്വീകരിച്ചാൽ അല്ലാതെ കുവൈത്തിന് പുറത്ത് പോകാൻ അനുമതി നൽകില്ലെന്നും ഡയറക്ടറേറ്റ് വ്യക്തമാക്കി.
അതേസമയം ഇന്ത്യയിൽ നൽകുന്ന വാക്സീനുകളുടെ പേര് കുവൈത്ത് അംഗീകരിച്ച പട്ടികയിലില്ല. ഈ സാഹചര്യത്തിൽ ഇന്ത്യയിൽ കുടുങ്ങിക്കിടക്കുന്ന മലയാളികൾ ഉൾപ്പെടെ തൊഴിലുമായി ബന്ധപ്പെട്ട് കുവൈത്തിലേക്ക് തിരിക്കേണ്ട ഒട്ടേറെ പേർ പ്രതിസന്ധിയിലാണ്. കുവൈത്തിലേക്ക് പോകേണ്ട പലരും ഇന്ത്യയിൽ വാക്സീൻ എടുത്തുകഴിഞ്ഞു
12 മുതൽ 15 വയസ്സ് വരെയുള്ള കുട്ടികൾക്ക് പ്രതിരോധ കുത്തിവെപ്പ് നൽകുന്നതുമായി ബന്ധപ്പെട്ട് കുവൈത്ത് ആരോഗ്യ മന്ത്രാലയം വൈകാതെ തീരുമാനമെടുക്കും. ഇതുമായി ബന്ധപ്പെട്ട് മന്ത്രാലയം വിദഗ്ധോപദേശം തേടിയിരുന്നു. വാക്സിൻ നൽകാമെന്ന അഭിപ്രായത്തിനാണ് മുൻതൂക്കം.
12 മുതൽ 15 വയസ്സുവരെയുള്ള കൗമാരക്കാർക്ക് ഫൈസർ വാക്സിൻ കുത്തിവെപ്പ് നൽകുന്നതിന് യു.എസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (എഫ്.ഡി.എ) അംഗീകാരം നൽകിയിരുന്നു. മൂന്നാം ഘട്ട പരീക്ഷണങ്ങളുടെ ഫലങ്ങൾ അനുസരിച്ച് ഈ പ്രായത്തിലുള്ള കുട്ടികളിൽ വാക്സിൻ സുരക്ഷിതവും ഫലപ്രദവുമാണെന്നാണ് വിലയിരുത്തൽ.
രക്ഷിതാക്കളുടെ സമ്മതത്തോടെ മാത്രമേ കുട്ടികൾക്ക് വാക്സിൻ നൽകൂ. നിർബന്ധിക്കില്ലെന്നാണ് സൂചന. കുട്ടികൾക്ക് വാക്സിൻ നൽകാൻ താൽപര്യമുള്ള രക്ഷിതാക്കൾക്ക് രജിസ്റ്റർ ചെയ്യാൻ ഒാൺലൈൻ പ്ലാറ്റ്ഫോം സജ്ജമാക്കും.
അതിനിടെ കോവിഡ് വാക്സീൻ സ്വീകരിച്ചവർക്കും കോവിഡ് മുക്തിനേടിയവർക്കും കുവൈത്തിൽ ക്വാറന്റീൻ ആവശ്യമില്ലെന്ന് വ്യോമയാന ഡയറക്ടറേറ്റ്. ആദ്യ ഡോസ് എടുത്ത് രണ്ടാഴ്ച പൂർത്തിയാക്കിയവർക്കും രോഗമുക്തി നേടി 90 ദിവസം പൂർത്തിയാക്കാത്തവർക്കുമാണ് ഇളവെന്ന് ഡയറക്ടറേറ്റിലെ ആസൂത്രണ-പദ്ധതി വിഭാഗം ഡപ്യൂട്ടി ഡയടക്ടർ ജനറൽ സഅദ് അൽ ഉതൈബി പറഞ്ഞു.
കുവൈത്തിൽ ഇറങ്ങുന്നവർ വിമാനം പുറപ്പെടുന്നതിന് 72 മണിക്കൂർ സമയപരിധിയിൽ പിസിആർ പരിശോധന നടത്തി കോവിഡ് നെഗറ്റീവ് ആണെന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് ഹാജരാക്കണം. കുവൈത്തിൽ വിമാനം ഇറങ്ങിയ ഉടനെയുള്ള പിസിആർ പരിശോധനാ ഫീസ് വിമാനം പുറപ്പെടുന്നതിന് മുൻപ് Kuwaitmosafer ആപ്പ് വഴി അടച്ചിരിക്കണം. കുവൈത്തിൽ എത്തി മൂന്നാം ദിവസം നടത്തുന്ന പിസിആർ പരിശോധനയിൽ നെഗറ്റീവ് അല്ലെങ്കിൽ ക്വാറന്റീനിൽ പ്രവേശിക്കണം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല