![](https://www.nrimalayalee.com/wp-content/uploads/2021/11/Kuwait-Panic-Buying-Omicron.jpeg)
സ്വന്തം ലേഖകൻ: കൊറോണ വൈറസിൻ്റെ പുതിയ വകഭേദം വിവിധ രാജ്യങ്ങളിൽ പടരുന്ന സാഹചര്യത്തിൽ കുവൈത്ത് വാണിജ്യ മന്ത്രാലയം ഭക്ഷ്യ കരുതൽ ശേഖരം ഉറപ്പുവരുത്തി. ഇറക്കുമതി സാധ്യമായില്ലെങ്കിലും ആറുമാസത്തിലേറെ കാലം ഉപയോഗിക്കാനുള്ള സാധനങ്ങൾ കരുതൽ ശേഖരത്തിലുണ്ട്. ചരക്കുനീക്കത്തെ ബാധിക്കുന്ന സ്ഥിതി നിലവിലില്ല. കര, കടൽ, വ്യോമ അതിർത്തികൾ തുറന്നുതന്നെയാണുള്ളത്. ഭക്ഷ്യക്ഷാമമുണ്ടാകില്ലെന്നും സാധനങ്ങൾ വാങ്ങിക്കൂട്ടേണ്ട കാര്യമില്ലെന്നും അധികൃതർ വ്യക്തമാക്കി.
കോവിഡ് പ്രതിസന്ധിയുടെ തുടക്കഘട്ടത്തിൽ കാര്യങ്ങൾ കൈകാര്യം ചെയ്ത അനുഭവസമ്പത്ത് മുതൽക്കൂട്ടാണെന്നും ഭക്ഷ്യ സുരക്ഷയുടെ കാര്യത്തിൽ ജനങ്ങൾക്ക് ഒരു ആശങ്കയുടെയും ആവശ്യമില്ലെന്നും അധികൃതർ പറഞ്ഞു. ഏറ്റവും മോശമായ സാഹചര്യം ഉടലെടുത്ത് ഭക്ഷ്യ ഇറക്കുമതി അസാധ്യമായ ഘട്ടത്തിൽ പോലും ആറുമാസം വരെ രാജ്യത്ത് ക്ഷാമമുണ്ടാവില്ല.
ചിലപ്പോൾ ഒരുവർഷത്തിനപ്പുറവും ബാക്കിയുണ്ടാവുമെന്ന് സ്റ്റോക്ക് വിലയിരുത്തിയ ശേഷം അധികൃതർ പറഞ്ഞു. അതേസമയം, കൃത്രിമ വിലക്കയറ്റം സൃഷ്ടിക്കുന്നതിനെതിരെ വാണിജ്യ മന്ത്രാലയത്തിൻ്റെ നിരീക്ഷണമുണ്ട്. ഒമിക്രോണിൻ്റെ പശ്ചാത്തലത്തിൽ ഫുഡ് കമ്മിറ്റി യോഗം വിളിച്ചുചേർത്തിട്ടില്ല. അത്തരമൊരു യോഗത്തിൻ്റെ ആവശ്യംതന്നെ ഇപ്പോൾ ഇല്ലെന്നും എല്ലാം സാധാരണ നിലയിലാണെന്നുമാണ് അധികൃതരുടെ നിലപാട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല