സ്വന്തം ലേഖകൻ: ജൂണിൽ തെരഞ്ഞെടുക്കപ്പെട്ട സഭയും അസാധുവായതോടെ രാജ്യത്ത് കഴിഞ്ഞ 18 മാസത്തിനിടെ ദേശീയ അസംബ്ലി പിരിച്ചുവിടപ്പെട്ടത് മൂന്നാം തവണ. 2006 മുതൽ ഒമ്പതാം തവണയാണ് ദേശീയ അസംബ്ലി പിരിച്ചുവിടുന്നത്. നാലു വർഷ കാലാവധിയുള്ള സഭ അടുത്തിടെ ഒരിക്കൽ പോലും അത് പൂർത്തിയാക്കിയിട്ടില്ല. എം.പിമാരും സർക്കാറും തമ്മിലെ രാഷ്ട്രീയ തർക്കങ്ങളാണ് പലപ്പോഴും ദേശീയ അസംബ്ലിയുടെ പിരിച്ചുവിടലിന് കാരണമായത്. അമീറിനെ അഭിസംബോധന ചെയ്യുന്നതിൽ അനുചിതമായ പദങ്ങൾ ഉപയോഗിച്ചതിന്റെ പശ്ചാത്തലത്തിൽ ഭരണഘടനാലംഘനം ചൂണ്ടിക്കാട്ടിയാണ് ഇത്തവണ അസംബ്ലി പിരിച്ചുവിട്ടത്.
ഭരണഘടനയുടെ ആർട്ടിക്കിൾ 107 പ്രകാരം പ്രത്യേക അധികാരം ഉപയോഗിച്ചായിരുന്നു അമീറിന്റെ നടപടി. ഭരണഘടന പ്രകാരം അമീറിനെയും അദ്ദേഹത്തിന്റെ നടപടികളെയും തീരുമാനങ്ങളെയും എം.പിമാർ പോലും വിമർശിക്കുന്നത് പൂർണമായി നിരോധിച്ചിട്ടുണ്ട്. കഴിഞ്ഞയാഴ്ച എം.പി അബ്ദുൽ കരീം അൽ കന്ദരിയാണ് പരാമർശം നടത്തിയത്. എം.പി അസംബ്ലിയുടെ ചട്ടങ്ങൾ ലംഘിച്ച് പരാമർശങ്ങൾ നടത്തിയെന്ന് കണ്ടെത്തിയതിനെ തുടർന്ന് സഭയുടെ മിനുട്സിൽനിന്ന് പരാമർശങ്ങൾ ഇല്ലാതാക്കാൻ സ്പീക്കർ തീരുമാനിച്ചിരുന്നു.
എന്നാൽ, വിഷയം വോട്ടിനിടണമെന്ന് ആവശ്യം ഉയർന്നു. വോട്ടെടുപ്പിൽ 44 എം.പിമാർ സ്പീക്കറുടെ നടപടി നിരസിച്ചു. മൂന്ന് അംഗങ്ങളും ഹാജരായ 12 കാബിനറ്റ് മന്ത്രിമാരും മാത്രമാണ് ഇതിനെ പിന്തുണച്ചത്. എം.പിയുടെ അനുചിതമായ പരാമർശങ്ങളുടെ പേരിൽ സർക്കാർ ബുധനാഴ്ച ദേശീയ അസംബ്ലി സമ്മേളനത്തിൽനിന്ന് വിട്ടുനിന്നു. തുടർന്ന് സ്പീക്കർ അഹമദ് അൽ സദൂൻ സഭാസമ്മേളനം മാർച്ച് അഞ്ചിലേക്ക് മാറ്റിവെച്ചിരുന്നു.
ഇതിനിടെ വ്യാഴാഴ്ച വൈകീട്ട് സർക്കാർ അസാധാരണ യോഗം ചേരുകയും കുറ്റകരമായ പരാമർശങ്ങളുടെ പേരിൽ ദേശീയ അസംബ്ലി പിരിച്ചുവിടാനുള്ള അമീരി ഉത്തരവിന് അംഗീകാരം നൽകുകയും ചെയ്തു. ഇതിന് പിറകെയാണ് അസംബ്ലി പിരിച്ചുവിട്ട് അമീർ ഉത്തരവിറക്കിയത്.ദേശീയ അസംബ്ലി പിരിച്ചുവിടൽ തീയതി മുതൽ രണ്ട് മാസത്തിനുള്ളിൽ പുതിയ തെരഞ്ഞെടുപ്പ് നടത്തണമെന്നാണ് ചട്ടം. അതിനാൽ വൈകാതെ രാജ്യം മറ്റൊരു തെരഞ്ഞെടുപ്പിലേക്ക് കൂടി നീങ്ങും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല