1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 20, 2024

സ്വന്തം ലേഖകൻ: അടുത്ത മാസം ഒന്നാം തീയതി മുതല്‍ വാഹന ഇടപാടുകളില്‍ വില പണമായി സ്വീകരിക്കാന്‍ പാടില്ലെന്ന തീരുമാനവുമായി കുവൈത്ത് വാണിജ്യ വ്യവസായ മന്ത്രാലയം. ഒക്ടോബര്‍ ഒന്നു മുതല്‍ റൊക്കം പണം നല്‍കി വാഹനങ്ങള്‍ വാങ്ങുന്നതും വില്‍ക്കുന്നതും നിരോധിച്ചതായി വാണിജ്യ വ്യവസായ മന്ത്രി ഖലീഫ അല്‍ അജീല്‍ വ്യക്തമാക്കി. പകരം എല്ലാ വാഹന ഇടപാടുകള്‍ക്കുമുള്ള പണം ബാങ്കിങ് ചാനലുകള്‍ വഴി മാത്രമേ നടത്താവൂ എന്നും മന്ത്രി അറിയിച്ചു.

ഇതുമായി ബന്ധപ്പെട്ട് പുതിയ നിയമം കൊണ്ടുവന്നതായും അടുത്ത മാസം ആദ്യം മുതല്‍ നിയമം പ്രാബല്യത്തില്‍ വരുമെന്നും അദ്ദേഹം അറിയിച്ചു. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ കുറയ്ക്കുക, കള്ളപ്പണം വെളുപ്പിക്കുന്നതിനുള്ള പഴുതുകള്‍ ഇല്ലാതാക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് വാഹനങ്ങള്‍ വാങ്ങുമ്പോള്‍ വില പണമായി നല്‍കരുതെന്ന് നിര്‍ദ്ദേശിക്കാന്‍ കാരണമെന്നും അദ്ദേഹം വ്യക്തമാക്കി.

രാജ്യത്ത് കള്ളപ്പണം വെളുപ്പിക്കാനും സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്ക് മറയായും വാഹന ഇടപാടുകള്‍ വ്യാപകമായി ഉപയോഗപ്പെടുത്തുന്നതായുള്ള റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് നടപടി. ഇതു വഴി കോടികള്‍ മറിയുന്നതായാണ് റിപ്പോര്‍ട്ട്.

രാജ്യത്ത് സാമ്പത്തിക കുറ്റകൃത്യങ്ങള്‍ നിയന്ത്രിക്കുന്നതിനും കുറ്റക്കാരെ കണ്ടെത്തുന്നതിനും കുവൈത്ത് സര്‍ക്കാര്‍ നടപ്പിലാക്കി വരുന്ന വിവിധങ്ങളായ പദ്ധതികളുടെ ഭാഗമായാണ് പുതിയ തീരുമാനം. പണമിടപാടുകള്‍ ഒഴിവാക്കുന്നതിലൂടെ, ഫണ്ടുകളുടെ ഒഴുക്ക് കണ്ടെത്താനും പണത്തിന്‍റെ ഉത്ഭവം പരിശോധിക്കാനും ഇടപാടുകള്‍ നിയമപരമായ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും അധികാരികള്‍ക്ക് കഴിയുമെന്ന വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിൽ ആണ് നടപടിയെന്നും വാണിജ്യ വ്യവസായ മന്ത്രാലയം അധികൃതര്‍ അറിയിച്ചു.

പുതിയ നിയമം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശനമായ പിഴ ചുമത്തുമെന്ന് വാണിജ്യ മന്ത്രാലയം വ്യക്തമാക്കി. നിലവിലുള്ള നിയമങ്ങള്‍ അനുശാസിക്കുന്ന പ്രകാരം പിഴയും മറ്റ് നിയമപരമായ പ്രത്യാഘാതങ്ങളും നടപ്പിലാക്കാന്‍ റെഗുലേറ്ററി അധികാരികള്‍ക്ക് അധികാരമുണ്ട്.

സാമ്പത്തിക സുസ്ഥിരതയ്ക്കും കുവൈത്തിന്‍റെ അന്താരാഷ്ട്ര പ്രശസ്തിക്കും സാരമായ ഭീഷണി ഉയര്‍ത്തുന്ന കള്ളപ്പണം വെളുപ്പിക്കല്‍ ഉള്‍പ്പെടെയുള്ള സാമ്പത്തിക കുറ്റകൃത്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിനുള്ള പ്രതിജ്ഞാബദ്ധത വാണിജ്യ മന്ത്രാലയം ആവര്‍ത്തിച്ചു. ഈ ഹാനികരമായ നടപടികളെ ഫലപ്രദമായി ചെറുക്കുന്നതിന് എല്ലാ പങ്കാളികളില്‍ നിന്നും കൂട്ടായ ശ്രമങ്ങള്‍ ഉണ്ടാവണമെന്ന് മന്ത്രാലയം പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.