![](https://www.nrimalayalee.com/wp-content/uploads/2021/09/UAE-Teachers-Students-Free-PCR-Test-.jpg)
സ്വന്തം ലേഖകൻ: ജനുവരി രണ്ട് മുതൽ പിസിആർ പരിശോധന ഫീസ് പരമാവധി ഒമ്പത് ദിനാർ ആയി നിജപ്പെടുത്തിയതായി കുവൈത്ത് ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്തെ പ്രധാനപ്പെട്ട സ്വകാര്യ ക്ലിനിക്കുകളിലും ഈ നിരക്ക് തന്നെയായിരിക്കും ഈടാക്കുന്നത്. എന്നാൽ വിമാനത്താവളത്തിൽ ഇപ്പോഴും വലിയ നിരക്ക് ആണ് ഈടാക്കുന്നത്. പുതിയ നിരക്ക് പ്രാബല്യത്തിലാകുന്നതോടെ വിമാനത്താവളത്തിലെ ഉയർന്ന നിരക്ക് കുറഞ്ഞേക്കും.
അതേസമയം, കുവെെറ്റിലെ ഫർവാനിയയിൽ മലയാളം ജുമുഅ ഖുത്തുബ നടന്നു. കുവൈത്ത് കേരള ഇസ്ലാഹി സെൻററിന് കീഴിൽ ഔഖാഫ് മതകാര്യ മന്ത്രാലയത്തിന്റെ അനുമതിയോടെയാണ് ഫർവാനിയയിൽ മലയാളം ജുമുഅ ഖുതുബ ആരംഭിക്കാൻ തീരുമാനിച്ചത്. ഫർവാനിയ ബ്ലോക്ക് മൂന്നിലെ 55ാം റോഡിന് സമീപത്തുള്ള സാലിം അൽ അസ്ഫൂർ അൽ ഹാജിരി പള്ളിയിൽ ആണ് മലയാളത്തിൽ ഖുത്തുബ നടന്നത്. ഡിസംബർ 30 വെള്ളിയാഴ്ച മുതൽ ഇനി ഇവിടെ മലയാളത്തിൽ ആയിരിക്കും ഖുത്തുബ ഉണ്ടായിരിക്കുകയെന്ന് സെൻറർ ഭാരവാഹികൾ അറിയിച്ചു.
അതേസമയം, ഇന്ത്യയും കുവൈറ്റും നയതന്ത്ര ബന്ധം സ്ഥാപിച്ചതിന്റെ 60ാം വാർഷികം വളരെ വിപുലമായി കഴിഞ്ഞ ദിവസം ആഘോഷിച്ചു. കുവൈത്ത് ടവറിൽ ഇന്ത്യൻ പതാകയുടെ നിറം അലങ്കരിച്ചു. ഇന്ത്യയുടെ 75ാം സ്വാതന്ത്ര്യ ദിനവും ഇന്തോ-കുവൈത്ത് സൗഹൃദത്തിന്റെ 60ാം വാർഷികവും ആഘോഷിക്കുന്നതിന്റെ ഭാഗമായി നടന്ന ബസ് പ്രമോഷൻ കാമ്പയിൻ വളരെ ശ്രദ്ധിക്കപ്പെട്ടു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല